ഈ 9 കാര്യങ്ങൾ കുട്ടികളെ വഷളാക്കും

പ്രതീകാത്മക ചിത്രം.

കുട്ടികളെ നല്ല സ്വഭാവത്തോടെ വളര്‍ത്തുക എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. ഇതിന് എന്തെല്ലാം ചെയ്യണം എന്നത് മാത്രമല്ല എന്തെല്ലാം ചെയ്യരുത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. താഴെപ്പറയുന്നത് അത്തരം 9 കാര്യങ്ങളാണ്. ഈ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്താല്‍ കുട്ടികളെ മോശക്കാരാക്കി  വളര്‍ത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അത് എളുപ്പത്തില്‍ സാധിക്കും. 

1. കുട്ടിക്ക് വേണ്ടതെല്ലാം നേടിക്കൊടുക്കുക. അവരുടെ ഒരാഗ്രഹം പോലും സാധിക്കാതെ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുക. പണത്തിന്റെയും മറ്റും മൂല്യം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാതിരിക്കുക.

2. ഏറ്റവും മികച്ച വസ്ത്രങ്ങള്‍ മാത്രം ധരിപ്പിക്കുക. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ലഭിക്കുന്ന പുറമെയുള്ള കെട്ടുകാഴ്ചയാണ് ഏറ്റവും മികച്ച അഭിപ്രായമുണ്ടാക്കുന്നതെന്ന ബോധം അവര്‍ക്ക് നല്‍കുക.

3.എല്ലാത്തിനും മേലെ കുട്ടിക്ക് പ്രധാന്യം നല്‍കുക. ചെറുതായി കരഞ്ഞാലോ അല്ലെങ്കില്‍ വിളിച്ചാലോ എത്ര തിരക്കിലാണെങ്കിലും എല്ലാം മാറ്റി വെച്ച് അവരുടെ കാര്യങ്ങള്‍ ചെയ്തു കൊടുക്കുക.

4. എല്ലാ സമയവും കുട്ടിയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക. കുട്ടിക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുക. മുഴുവന്‍ സമയവും ടി.വി കാണണമെന്ന് വാശി പിടിച്ചാല്‍ അത് ചെയ്ത് കൊടുക്കുക.

പ്രതീകാത്മക ചിത്രം.

5. വീട്ടില്‍ കുട്ടിയുടെ താല്‍പ്പര്യത്തിനനുസരിച്ച് മാത്രം ഭക്ഷണം ഉണ്ടാക്കുക. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ മാറ്റി വക്കുക. 

6. സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണെങ്കില്‍ അവര്‍ക്ക് താൽപ്പര്യമുള്ള എല്ലാ പാഠ്യേതര വിഷങ്ങളിലും അവരെ ചേര്‍ക്കുക. അതിന് ആവശ്യമുള്ളതെല്ലാം വാങ്ങി നല്‍കുക. എല്ലാം ഒരുമിച്ച് വേണമെന്ന അവരുടെ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്താതിരിക്കുക.

7. കുട്ടിയുടെ കുസൃതി അതിരു കടന്നാലും അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരിക്കുക. കുട്ടിത്തമല്ലെ എന്നോര്‍ത്ത് അവരെ ചിട്ടകള്‍ ശീലിപ്പിക്കാതിരിക്കുക, പിടിവാശികള്‍ അംഗീകരിക്കുക. എല്ലാ കാര്യങ്ങളും അവരുടെ രീതിക്ക് തന്നെ പോകുന്നു എന്ന് ഉറപ്പ് വരുത്തുക.

8. മറ്റു കുട്ടികളുമായി വഴക്ക് കൂടുമ്പോഴും അവരെ  ഉപദ്രവിക്കുമ്പോഴും ന്യായം സ്വന്തം കുട്ടിയുടെ ഭാഗത്താണെന്ന് വരുത്തുക. 

പ്രതീകാത്മക ചിത്രം.

9. സ്കൂളിലും കുട്ടിയുടെ വശത്ത് നിന്ന് മാത്രം സംസാരിക്കുക. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് അധ്യാപകരുടേതാണ് എന്ന് സ്ഥാപിച്ചെടുക്കുക.