ഫെമിനിസത്തെക്കുറിച്ച് കുട്ടികൾക്കെന്തറിയാം?; ഈ വിഡിയോ കണ്ടാൽ അതു പിടികിട്ടും

ചിത്രത്തിന് കടപ്പാട്: യുട്യൂബ്.

സ്ത്രീ സമത്വം, ഫെമിനിസം എന്നൊക്കെയുള്ള കടുകട്ടി വാക്കുകൾ മുതിർന്നവർ ചർച്ച ചെയ്യുമ്പോൾ കുട്ടികൾക്കെങ്ങനെ മിണ്ടാതിരിക്കാനാകും. ഞാനൊരു ഫെമിനിസ്റ്റാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന പലർക്കും എന്താണ് ഫെമിനിസമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് ചില ആക്ഷേപങ്ങളുണ്ടെങ്കിലും ഫെമിനിസം എന്ന വിഷയം തുടർച്ചയായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ഹിഹോ കിഡ്സ് എന്ന യുട്യൂബ് ചാനലാണ് ഫെമിനിസത്തെക്കുറിച്ച് കുട്ടികൾക്ക് പറയാനുള്ളതെന്താണെന്ന് ലോകത്തെ അറിയിക്കുന്നത്. ഇതിനായി അവർ തിരഞ്ഞെടുത്ത മാർഗ്ഗം തികച്ചും വ്യത്യസ്തമാണ്. ഒരു ചിത്രകാരനൊപ്പം വിവിധപ്രായത്തിലുള്ള കുട്ടികളെയിരുത്തിയ ശേഷം ഫെമിനിസത്തെക്കുറിച്ച് അവർക്ക് പറയാനുള്ളത് കേട്ടശേഷം അതിനെക്കുറിച്ച് കാരിക്കേച്ചർ ചെയ്യാൻ ആവശ്യപ്പെട്ടു.

ആ ഗ്രൂപ്പിലുണ്ടായിരുന്ന ചെറിയൊരു ആൺകുട്ടി ഫെമിനിസമെന്ന വാക്കിനെക്കുറിച്ചുപോലും കേട്ടിട്ടുണ്ടായിരുന്നില്ല. പെൺകുട്ടികൾക്കും ഫെമിനിസത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണുണ്ടായിരുന്നത്. കുട്ടികളിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളിൽ നിന്ന് മെനഞ്ഞെടുത്ത കാരിക്കേച്ചർ കാട്ടി അവർ ചോദിക്കുന്നു ഫെമിനിസത്തെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായമെന്ന്...