ഇനി പറയൂ, സ്കൂൾ വിശേഷങ്ങൾ

‘ഇന്ന് മോൾ എന്തൊക്കെ പഠിച്ചു.’ എന്ന ചോദ്യത്തിനു പകരം ‘ഇന്നു ടീച്ചർ പഠിപ്പിച്ചതിൽ ഏറ്റവും ഇഷ്ടമായത് എന്താ’ണെന്നു ചോദിക്കാം. കുട്ടിയുടെ താൽപര്യങ്ങള്‍ മനസ്സിലാക്കാനും പ്രോത്സാഹനം നൽകാനും ഈ വഴി സാധിക്കും.

സ്കൂളിൽ നിന്നു തളർന്നെത്തിയതല്ലേ എന്നു കരുതി മക്കളോട് വിശേഷങ്ങൾ ചോദിക്കാൻ മടിക്കരുത്. കാരണം അവർ അത് കൊതിക്കുന്നുണ്ട്.

മക്കൾ സ്കൂൾ വിട്ടു പടിക്കൽ എത്തുമ്പോൾ തന്നെ ‘ഹോം വർക് ഉണ്ടോ’ എന്നു ചോദിക്കുന്നവരാണ് മിക്ക അമ്മമാരും. പഠിച്ചും കളിച്ചും ക്ഷീണിച്ച് വീട്ടിലെത്തുമ്പോൾ സ്നേഹവും കരുതലും വേണം ആദ്യം പകരാൻ. എന്നിട്ടാകാം പഠിപ്പിക്കൽ.

∙യൂണിഫോം മാറിക്കഴി‍ഞ്ഞാൽ ഇഷ്ടമുളള പലഹാരവും ചായയുമൊക്കെ നൽകി കുട്ടികളെ വിശ്രമിക്കാൻ അനുവദിക്കുക. മുറ്റത്തും തൊടിയിലുമൊക്കെ ചുറ്റി നടക്കാനും ടിവി കാണാനുമെല്ലാം അൽപം സമയം നൽകുക.

∙പഠനത്തെക്കുറിച്ചു ചോദിക്കുന്നതിനു മുമ്പായി സുഹൃത്തുക്കളെക്കുറിച്ചു ചോദിക്കാം. ‘മോന്റെ കൂട്ടുകാരന്‍ ഇന്നു വന്നോ, നിങ്ങളിന്ന് എന്തു കളിയാ കളിച്ചേ’ എന്നൊക്കെ ചോദിച്ചു തുടങ്ങാം. സംസാരിച്ചു തുടങ്ങുമ്പോൾ ഒപ്പം കൂടുക.

∙‘ഇന്ന് മോൾ എന്തൊക്കെ പഠിച്ചു.’ എന്ന ചോദ്യത്തിനു പകരം ‘ഇന്നു ടീച്ചർ പഠിപ്പിച്ചതിൽ ഏറ്റവും ഇഷ്ടമായത് എന്താ’ണെന്നു ചോദിക്കാം. കുട്ടിയുടെ താൽപര്യങ്ങള്‍ മനസ്സിലാക്കാനും പ്രോത്സാഹനം നൽകാനും ഈ വഴി സാധിക്കും.

∙കുട്ടിയുടെ അന്നത്തെ ദിവസമറിയാൻ ആ ദിവസം നടന്ന മൂന്നു കാര്യങ്ങളും മൂന്നു മോശം കാര്യങ്ങളും പറയാൻ ആവശ്യപ്പെടാം. ഉടുപ്പിട്ടു നൽകുന്നതിനിടയിലോ മുടി കെട്ടിക്കൊടുക്കുന്നതിനിടയിലോ ഇത്തരം സംഭാഷണങ്ങൾക്കായി സമയം കണ്ടെത്തുക. കുട്ടികൾ സംസാരിക്കുമ്പോൾ പല കാര്യങ്ങളില്‍ അവരുടെ ചിന്ത പാളിപ്പോകും. സംഭാഷണത്തെ മുറിക്കാതെ ശ്രദ്ധയോടെ കേട്ടിരിക്കുക.

∙ക്ലാസ്സിൽ പഠിപ്പിക്കുന്ന പാഠങ്ങൾ ഏതെന്നറിയാനും പഠന നിലവാരം വിലയിരുത്താനും കുട്ടിയുടെ ഡയറിയും ബുക്കുകളും മക്കൾക്കൊപ്പമിരുന്നു പരിശോധിക്കുക. പാഠ്യേതര വിഷയങ്ങളിലുളള താൽപര്യവും സ്കൂളിലെ ആക്ടിവിറ്റികൾ എന്തൊക്കെയെന്നും നോക്കി മനസ്സിലാക്കണം.

∙ ഇനി കുട്ടിക്ക് എന്തെങ്കിലും പ്രശ്നമുളളതായി തോന്നിയാല്‍ നിങ്ങളുടെ ഒരു സമാന പ്രശ്നം അവതരിപ്പിക്കുക. ഉദാഹരണത്തിന് ടീച്ചര്‍ വഴക്കു പറഞ്ഞു എന്നു നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ‘അമ്മയെ ഇന്നു ബോസ് ഒത്തിരി വഴക്കു പറ‍ഞ്ഞു. ചോദിച്ചതിനൊന്നും അമ്മയ്ക്ക് ഉത്തരം അറിയില്ലായിരുന്നു’ എന്നൊക്കെ പറയുക. അവരുടെ വിഷമം നിങ്ങളോടു തുറന്നു പറയാനുളള മടി മാറി കിട്ടും.