Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ അറിയാൻ അമ്മയെ അറിയാൻ

mother daughter

അമ്മയ്ക്കും മകൾക്കുമിടയിൽ ഒരു പാലമുണ്ട്. വിശ്വാസത്തിന്റെയും കരുതലിന്റെയും താമരനൂലുകൾ കൊണ്ടു പണിത അതിമനോഹരമായ ഒരു പാത. എല്ലാ അമ്മ മനസ്സിൽ നിന്നും മകളുടെ ഇളം മനസ്സിലേക്ക് സ്നേഹ നിലാവ് ഒഴുകേണ്ടത് ഇതു വഴിയാണ്. പക്ഷേ, പല വീടുകളിലും താമര നൂൽപാലമല്ല, മറിച്ച് വെറുപ്പിന്റെ തുരുമ്പു പാലങ്ങളാണുള്ളത്. അതുകൊണ്ടാണ് ഈ അമ്മയ്ക്ക് എന്നെ മനസ്സിലാവുന്നില്ലെന്നു മക്കൾക്ക് നെഞ്ചു കീറി കരയേണ്ടി വരുന്നത്. പത്തു മാസം ചുമന്നു പ്രസവിച്ച എന്നോട് നീ ഇങ്ങനെ പറഞ്ഞല്ലോ എന്നു പരിഭവിച്ച് അമ്മയ്ക്ക് സങ്കടക്കടലില്‍ വീണുപോവേണ്ടി വരുന്നത്....

എന്തുകൊണ്ടാണ് സ്നേഹത്തിന്റെ പാരിജാതങ്ങള്‍ വിരിയേണ്ട നമ്മുടെ വീടുകളിൽ അമ്മയും മകളും പരസ്പരം ദേഷ്യത്തിന്റെ കനല്‍ കോരിയിടുന്നത്. പലപ്പോഴും അമ്മയും മകളും പറയുന്ന പരാതികൾ, ഉപയോഗിക്കുന്ന ചില വാക്കുകൾ ഇതൊക്കെയാണ് വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്, ‘‌അടി’യുടെ ആദ്യവെടി പൊട്ടിക്കുന്നത്.

ഇതാ യുദ്ധത്തിനു വഴി മരുന്നാവുന്ന 20 ഡയലോഗുകൾ. ഒപ്പം ആദ്യ തീപ്പൊരി കാണുമ്പോൾ തന്നെ ആറിത്തണുപ്പിക്കാനുള്ള വഴികളും....

1..മകൾ : ‘‘എന്റെം‌ ഫ്രണ്ട്സ് സർക്കിളിൽ കുറേ ആണ്‍കുട്ടിക ളുണ്ട്. പക്ഷേ, അവരോടൊന്നും കൂട്ടുകൂടേണ്ട എന്നാണ് അമ്മ പറയുന്നത് . അമ്മ എന്തൊരു പഴഞ്ചനാണ്?’’

അമ്മ : ‘‘പക്ഷേ, അന്നത്തെ ചിട്ടയ്ക്കും ശീലങ്ങൾ‌ക്കും ഒക്കെ കുറേ നല്ല വശങ്ങളുമില്ലേ.....നീ പെൺകുട്ടികളോടു കൂട്ടു കൂടിയാൽ മതി.’’

അമ്മമാരുടെ ഉത്കണ്ഠയാണ് അവരെക്കൊണ്ടു പലപ്പോഴും ഇങ്ങനെ പ‌റയിക്കുന്നത്. ഇപ്പോഴത്തെ കാലത്ത് പെണ്‍കുട്ടി കളോടു മാത്രമേ സംസാരിക്കാവൂ എന്നൊന്നും പറയാന്‍ പറ്റില്ല. ആൺകുട്ടികളുമായി ഇടപെടുന്നതിൽ തകരാറില്ല. പക്ഷേ, അതിരുകൾ വിടുന്നുണ്ടോ എന്ന കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്.

മകൾക്ക് ആൺസുഹൃത്തുക്കളോട് ആരോഗ്യകരമായ ചങ്ങാത്തം തന്നെയാവും. എന്നാൽ, മുൻവിധിയോടെ അടച്ചാ ക്ഷേപിക്കുന്നത് കുട്ടിക്ക് അമ്മയിലുള്ള മതിപ്പ് ഇല്ലാതാക്കും. ആ ബന്ധത്തിൽ ആശയ‌ക്കുഴപ്പം എന്തെങ്കിലും തോന്നിയാൽ കുട്ടി യോടു തുറന്നു പറയുക. ക‌ടും പിടുത്തം മൂലം മകൾക്ക് അമ്മ യോടു പറയാനുള്ള പലതും പറയനാവാതെ പോവും. ചിലപ്പോൾ ആൺസുഹ‌ൃത്ത് അവളോടു മോ‌ശമായി പെരുമാറിയിരിക്കും. പക്ഷ‌േ, അമ്മയെ ഭയന്ന് കുട്ടി അതു പറയാതിരിക്കും.

ഇങ്ങനെ പറയാം : ‘‘....മോളെ.... നീ ആൺകുട്ടികളോടു സംസാരിക്കരുതെന്നല്ല പറയുന്നത്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും ബന്ധത്തിൽ വ്യക്തത വേണം. എന്തെങ്കിലും അതിരുവിട്ടതായി തോന്നിയാൽ, ആശയക്കുഴപ്പം ഉണ്ടെന്നു തോന്നിയാല്‍ പെരുമാറ്റത്തിൽ സംശയം തോന്നിയാൽ അപ്പോള്‍ തന്നെ നീ എന്നോടു പറയണം. അതിനു മടിക്കേണ്ട...’’

_2..മകൾ : ‘‘അല്ലെങ്കിലും അമ്മയ്ക്ക് മോനോടാണു കൂടുതൽ ഇഷ്ടം. അവന്‍ എന്തു ചെയ്താലും കുഴപ്പമില്ല. ഞാനെന്തു പറഞ്ഞാലും അമ്മ കുറ്റം കണ്ടു പിടിക്കും’’ അമ്മ: ‘‘അവനെപ്പോലെ നീ ,സൈക്കിളില്‍ ട്യൂഷനൊന്നും പോവേണ്ട...നീ ഒരു പെണ്‍കുട്ടിയാണ്. അടക്കവും ഒതുക്കവും വേണം.’’_

പഴഞ്ചൻ ‘സ്ത്രീ സങ്കൽപം’ മനസ്സിൽ സൂക്ഷിക്കുന്ന പല ന്യൂ ജനറേഷൻ അമ്മമാരും നമുക്ക് ചുറ്റുമുണ്ട്. ഈ സ്ത്രീ സങ്കൽപം ഒരു ബാധ പോലെയാണ്. ഈ ചിന്താഗതികൊണ്ട് അമ്മമാരുടെ പല കാഴ്ചപ്പാടുകളും തീരുമാനങ്ങളും പാളിപ്പോവാറുണ്ട്.

അമ്മയുടെ ഇത്തരം പരാതികളിൽ മകൾ അസ്വസ്ഥയായിട്ടു ണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല. അവൾ വായിക്കുന്ന വാർത്തകളിലും കാണുന്ന സിനിമയിലും എല്ലാം ബോൾഡായ പെൺകുട്ടികളാണുള്ളത്. സ്ത്രീ ശാക്തീകരണം, സ്ത്രീ സ്വാതന്ത്യം എന്നൊക്കെ അവർ ധാരാളം കേൾക്കുന്നു. പക്ഷേ, സ്വന്തം വീട്ടിൽ നടക്കുന്നത് മറ്റു ചിലതാണ്.

അമ്മ പറയുന്നതാണോ അതോ ചുറ്റും നടക്കുന്നതാണോ ശരി എന്നു കണ്ടു പിടിക്കാൻ ഇതു തടസ്സമാവും. സമൂഹമാണ് ഈ സങ്കൽപം അമ്മമാരിൽ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതു മാറ്റിയേ പറ്റൂ

ഇങ്ങനെ പറയാം : ‘‘.....ഞാൻ മകനോടോ മകളോടോ ഒരു വ്യത്യാസവും കാണിക്കില്ല. രണ്ടു പേരും എനിക്കൊരു പോലെയാണ്. പെണ്‍കുട്ടിയായതുകൊണ്ട് അടങ്ങി ഒതുങ്ങി നിൽക്കണം എന്നൊന്നുമില്ല. നിന്റെ കഴിവ് എന്താണെന്നു തിരിച്ചറിഞ്ഞ് അതിൽ നീ മിടുക്കിയാവണം.’’

3..മകൾ:‘‘സ്കൂളിലാണെങ്കിലും വീട്ടിലാണെങ്കിലും ഇവൻ എപ്പോഴും എന്റെ പുറകെയാണ്. അനിയനാണെന്നതു ശരി. പക്ഷേ, ഈ സിബിഐ പണി എനിക്കിഷ്ടമില്ല.’’

അമ്മ: ‘‘അവൻ നിന്റെ അനുജനാണ്.‘‘നീ തെറ്റുകളിലേക്കു പോവുന്നുണ്ടോ എന്ന് നോക്കേണ്ടത് അവന്റെ കൂടി ചുമതലയാണ്. ?’’

ബാഹ്യമായ സംവിധാനത്തിലൂടെ, നിരീക്ഷണത്തിലൂടെ മകളുടെ കരുതലും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോൾ അറിഞ്ഞോ അറിയാതെയോ അതാ പെൺകുട്ടി യുടെ മനസ്സിൽ അസ്വസ്ഥതയുണ്ടാക്കും. ആ കുട്ടിയുടെ ധൈര്യത്തെയും സ്വയം പര്യാപ്തതയെയും ബാധിക്കും. എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോൾ ഒറ്റയ്ക്കു പ്രതികരിക്കാ നുള്ള കഴിവ് ഇല്ലാതാക്കും. സ്വയം സൂക്ഷിക്കാനുള്ള കഴിവ് ഇല്ലാതാക്കും. സ്വയം സൂക്ഷിക്കാനുള്ള ശ്രമം കുട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയില്ല.

ഇങ്ങനെ പറയാം : ‘‘.....നിന്നെ സംരക്ഷിക്കേണ്ടത് നീ തന്നെയാണ്. ആ തോന്നലും കരുതലും വേണം. ഞങ്ങളാരെ ങ്കിലും നിന്നെ സംശയപൂർവം നോക്കി നടക്കുന്നു എന്ന തോന്നൽ തെറ്റാണ്. അനിയൻ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ പറഞ്ഞു തിരുത്തിക്കോളാം. പക്ഷേ, നിന്റെ കാര്യത്തിൽ സ്വയം ജാഗ്രത വേണം...’’

4..മകൾ: ‘‘എപ്പോ നോക്കിയാലും പഠിക്ക് പഠിക്ക് എന്നു പറഞ്ഞ് അമ്മ പുറകേ നടക്കും. അതു കേൾക്കുമ്പോഴേ ദേഷ്യം വരും. എനിക്കു പഠിക്കാനറിയാം...’’

അമ്മ: ‘‘പുസ്തകം തുറന്നു വച്ച് സ്വപ്നം കാണലാണ് പെണ്ണിന്റെ പണി. ഉറക്കെ വായിച്ചാലേ മനസ്സിൽ പതിയൂ....’’

അമ്മമാരുടെ ഈ പരിഹാസം ആപത്താണ്. അമ്മയ്ക്ക് തന്നിൽ വിശ്വാസമില്ല എന്ന തോന്നൽ വളർത്താനേ ഇതുപകരിക്കൂ. പെൺകുട്ടികളോടു മാത്രമല്ല, ആൺകുട്ടികളോടും ഇതേ പല്ലവി അമ്മമാര്‍ ആവർത്തിക്കാറുണ്ട്. മകളിൽ തനിക്കു വിശ്വാസം ഉണ്ട് എന്ന തോന്നലാണു നല്‍കേണ്ടത്. എങ്കിലേ ആ വിശ്വാസം നിലനിർത്താനുള്ള തോന്നൽ കുട്ടികളിൽ ഉണ്ടാവുകയുള്ളൂ.

‌ഇങ്ങനെ പറയാം: ‘‘.....പഠിക്കേണ്ട സമയത്ത് നീ പഠിക്കും എന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം. പഠിക്ക് പഠിക്ക് എന്നു പറഞ്ഞു ഞാന്‍ പുറകേ നടക്കുന്നില്ല. ഉറക്കെ വായിച്ചാലും പതുക്കെ വായിച്ചാലും കുഴപ്പമില്ല. പക്ഷേ, ഞങ്ങളുടെ വിശ്വാസം നീ നിറവേറ്റിയോ എന്ന് റിസൽട്ട് വരുമ്പോൾ അറിയാം. റിസൾട്ട് മറിച്ചായാൽ എനിക്കു വീണ്ടും പറയേണ്ടി വരും. അതുകൊണ്ട് വിശ്വാസത്തെ നീ തകര്‍ക്കരുത്....’’

5..മകൾ :‘‘അമ്മ എന്തൊരു പഴഞ്ചനാണ്. എപ്പോഴും പഴയ മോ‍ഡൽ ചുരിദാർ. നല്ല കളർപോലും ഇല്ല. എന്റെം‌ കൂട്ടുകാരികളുടെ അമ്മമാരെ കണ്ടു പഠിക്കണം.’’

അമ്മ: ‘‘എനിക്കു പ്രായമായി. ഇനി ഇങ്ങനെയൊക്കെ നടന്നാൽ മതി.’’

കൗമാരപ്രായക്കാരെ സംബന്ധിച്ചിടത്തോളം അവനവനെപോലെ തന്നെ മാതാപിതാക്കളെയും മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പി ക്കാൻ വലിയ ഇഷ്ടമാണ്. നിന്റെ അമ്മയും അച്ഛനുമൊക്കെ പഴഞ്ചൻമാരാണ് എന്ന പരിഹാസം കുട്ടികളിൽ അപകർഷതാ ബോധം ഉണ്ടാക്കും. ഇത് സ്വാഭാവികമായ ഒരു കാര്യം ആണ്. എന്നാല്‍ എനിക്കു പ്രായമായി ഇങ്ങനെയൊക്കെ മതിയെന്ന ചിന്ത പാടില്ല. അമ്മയോടുള്ള മതിപ്പ് കുട്ടിക്ക് നഷ്ടമാവും. നിങ്ങൾക്ക് ഇണങ്ങുമെന്ന് ഉറപ്പുള്ള വസ്ത്രം മകളെക്കൊണ്ട് ഒന്നോ രണ്ടോ പ്രാവശ്യം തിരഞ്ഞെടുപ്പിക്കാം.

ഇങ്ങനെ പറയാം: ‘‘....നീ മറ്റുള്ളവരുടെ അമ്മമാരോട് താരതമ്യ പ്പെടുത്തേണ്ട. ഓരോരുത്തരും ഓരോ രീതിയിലല്ലേ..... ഇതു കാരണം കൂട്ടുകാരുടെ മുന്നിൽ ആത്മവിശ്വാസം നഷ്ടപ്പെടരുത്. എനിക്കുള്ള വസ്ത്രം നീ തിരഞ്ഞെടുത്തു തരൂ. പക്ഷേ, തിര ഞ്ഞെടുക്കുമ്പോ എന്റെ പ്രായത്തിനു കൂടി ചേർന്നതായിരി ക്കണം.....’’

6..മകൾ: ‘‘ഫ്രണ്ട്സിന്റെ ബർത്ഡേ സെലിബ്രേറ്റ് ചെയ്യുന്നതും ഒരുമിച്ച് ഒരു സിനിമ കാണാൻ പോവുന്നതും അത്രയ്ക്കു വലിയ തെറ്റാണോ? അതൊക്കെയല്ലേ ഈ ലൈഫിലെ രസം.’’

അമ്മ : പുറത്തു പോയി ഭക്ഷണം കഴിക്കണമെങ്കിൽ അത് ഞങ്ങൾക്കൊപ്പം മതി. സിനിമ ഫ്രണ്ട്സിനൊപ്പം തന്നെ പോയി കാണണമെന്നുണ്ടോ ?’’

മകളുടെ ഈ ആഗ്രഹം പൂര്‍ണമായി തള്ളിക്കളയേണ്ട. പക്ഷേ, ചില നിയന്ത്രണങ്ങൾ തീർച്ചയായും വേണം. അ‍ടുത്ത കൂട്ടുകാർക്കൊപ്പം അവരുടെ ബർത്ഡേ ആഘോഷിക്കാൻ മകളെ അനുവദിക്കാം. അതിനും ചില നിയന്ത്രണങ്ങൾ വേണം.

ഏറ്റവും അടുത്ത മൂന്നോ നാലോ ചങ്ങാതിമാരുടേതിനു മാത്രം പരിമിതപ്പെടുത്താം. ഒപ്പം പാർട്ടി പകൽ സമയത്ത് ആക്കാൻ നിർദേശിക്കാം. ഈ ഫ്രണ്ട്സിനെ കുറിച്ചും ഇവരുടെ മാതാപിതാക്കളെക്കുറിച്ചും അമ്മയ്ക്ക് ക‌ൃത്യമായ അറിവുണ്ടാ വണം.

ഇങ്ങനെ പറയാം : ‘‘ഫ്രണ്ട്സിന്റെ ബർത് ഡേ പാർട്ടിക്കു നീ പോയ്ക്കോളൂ. പക്ഷേ, വളരെ അടുത്ത സുഹൃത്തുക്കളുടെ മാത്രം. അതാരൊക്കെ എന്നു ഞങ്ങളും അറിഞ്ഞിരിക്കട്ടെ. പരീക്ഷ കഴിഞ്ഞ് ഒരു സിനിമയൊക്കെ ആവാം. പക്ഷേ, പകൽ സമയത്തുള്ള ഷോ മതി. അതാണ് എപ്പോഴും നല്ലത്.’’

7..മകൾ : ‘‘ഇതാണ് അമ്മേ ഇപ്പോഴത്തെ ട്രെൻ‍ഡ്. അമ്മ പറയുന്ന ഡ്രസ് ഇട്ടാൽ‌ കൂട്ടുകാർ കളിയാക്കിക്കൊല്ലും.’’

അമ്മ : ‘‘ഞാനും ഈ പ്രായം കഴിഞ്ഞാണു വന്നത്. ഞാന്‍ പറയുന്ന ഉടുപ്പിട്ടാൽ മതി. കുടുംബത്തിൽ പിറന്നവർ ഇതൊന്നും ഇടില്ല...’’

അമ്മ അങ്ങനെ വാശി പിടിക്കേണ്ട കാര്യമില്ല. അമ്മയുടെ സ്വന്തം ടീനേജ് കാലം ഓര്‍ത്തു നോക്കുക. അന്നത്തെ കാലഘട്ടത്തിലുള്ള ഫാഷൻ സ്വീകരിക്കാനുള്ള ആഗ്രഹം അന്ന് തോന്നിയിട്ടില്ലേ? നല്ല അമ്മ എന്നാൽ കാലത്തിനനുസരിച്ച് മൂല്യം വിടാതെ മാറുന്നയാളാണ്. നാട്ടുനടപ്പുകൾ അനുസരിച്ച് മോശമല്ലാത്ത ധാരാളം പേർ ഉപയോഗിക്കുന്ന വസ്ത്രം അനുവദിക്കാം.

കാലം മാറുന്നതിനനുസരിച്ചുള്ള വസ്ത്രം ഉപയോഗിക്കാം. പക്ഷേ, മാന്യവും സഭ്യവും ആയിരിക്കണം. എന്നാൽ കുടുംബത്തിൽ പിറന്നവർ പോലുള്ള വാക്കുകൾ ഉപയോഗിച്ച് കുട്ടിയെ മോശക്കാരിയാക്കരുത്.

mother daughter

ഇങ്ങനെ പറയാം : ‘‘നിന്റെ കൂട്ടുകാർ ഇടുന്നതുപോലെ ഫഷനനുസരിച്ചുള്ള വസ്ത്രമൊക്കെ ഇടാം. പക്ഷേ, മറ്റുള്ളവർ കാണുമ്പോൾ അതു തീരെ മോശമാണ് എന്നു പരിഹസിക്കാത്ത രീതിയിലുള്ളത് ആവണമെന്നു മാത്രം. നിന്റെ വസ്ത്രം നിനക്കു തന്നെ ബുദ്ധിമുട്ടാവരുത്. മറ്റുള്ളവരിൽ നിന്ന് ശല്യവും ഉണ്ടാവരുത്. അനുയോജ്യമാ‌ണോ എന്ന തീരുമാനമൊക്കെ നിനക്കെടുക്കാം. മോശമാണെന്ന് എനിക്കു തോന്നിയാൽ‌ ഞാൻ തുറന്നു പറഞ്ഞോളാം...’’

8.മകൾ :‘‘എനിക്കു ദൈവത്തിലൊക്കെ വിശ്വാസമുണ്ട്...പക്ഷേ, എല്ലാ ദിവസവ‌ും ഇത്ര നേരം പ്രാർത്ഥിക്കണം എന്നു വാശിപിടിക്കേണ്ട കാര്യമുണ്ടോ?

അമ്മ : പ്രാർത്ഥിച്ചില്ലെങ്കിൽ നിനക്ക് ശിക്ഷ കിട്ടും. അതുറപ്പാണ്. പരീക്ഷയിൽ മാർക്കു കുറയും. പിന്നെ പെൺകുട്ടികള്‍ ആയാൽ ഈശ്വരവിശ്വാസമൊക്കെ ഉണ്ടാവണം.

പ്രാർത്ഥിച്ചില്ലെങ്കിൽ പാപമാണ്, അതിന് ശിക്ഷ കിട്ടും...ഈ സമീപന രീതിയൊക്കെ ചില കുട്ടികളിലേ ഏൽക്കൂ. ഇപ്പോഴത്തെ ഭൂരിപക്ഷം പെൺകുട്ടികളിലും ഈ തരത്തിലുള്ള ഇടപെടല്‍ പ്രയോജനപ്പെടണമെന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ പേരു പറഞ്ഞ് സാധിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങൾ പരാജയപ്പെട്ടേക്കാം.

പ്രാർത്ഥന എന്തു തരത്തിലുള്ള മാനസിക ഗുണമാണു നല്‍കുന്നതെന്ന് മകൾക്കു പറഞ്ഞു കൊടുക്കണം. ഭീതി ഉണർത്തിയിട്ടുള്ള ടെക്നിക് ഒട്ടും ഉചിതമല്ല. കാരണം പേടിയുള്ള കുട്ടികൾ പ്രാര്‍ത്ഥിക്കാതിരിക്കുമ്പോൾ കുറ്റബോധം ഉണ്ടാക്കാനും പേടിയില്ലാത്ത കുട്ടികൾക്ക് അതു കണ്ണടച്ച് നിരാകരിച്ച് പുച്ഛം ഉണ്ടാക്കാനും സാധ്യതയുണ്ട്.

ഇങ്ങനെ പറയാം :‘‘മനസ്സ് ശാന്തമാവാനാണ് പ്രാർത്ഥിക്കാൻ പറയുന്നത്. അതുവഴി നിനക്ക് കൂടുതല്‍ ശ്രദ്ധയും പഠിക്കാനുളള ഊർജവും കിട്ടിയേക്കാം.ഇതു ചെയ്താൽ നിന്റെ മാനസിക ആരോഗ്യത്തിനു നല്ലതായിരിക്കു. ഒന്നു ശ്രമിച്ചു നോക്കൂ..’’

9.. മകൾ : ‘‘നന്നായിട്ട് ഒരുങ്ങി നടക്കാൻ പോലും അമ്മ സമ്മതിക്കില്ല. ഒരുങ്ങി നടന്നാൽ അമ്മയുടെ ഭാഷയിൽ അതു ‌‌വേഷം കെട്ടലാണ്....’’

അമ്മ : ‘‘ഏതു സമയവും കണ്ണാടിയിൽ നോക്കി ഇരിക്കലാണ് പെണ്ണിന്റെ പണി. എപ്പോൾ നോക്കിയാലും കണ്ണാടിയുടെ മുന്നിൽ ഡാൻസാണ്...’’

ഈ പ്രായത്തിലെ നല്ലൊരു ശതമാനം പെൺകുട്ടികൾക്കും ഒരുങ്ങി നടക്കണം എന്ന ആഗ്രഹം മനസ്സിലുണ്ടാവും. ആൺകുട്ടികളേക്കാള്‍ പെൺകുട്ടികൾക്കാണ് ഇത്തരം കാര്യങ്ങൾ തോന്നാറുള്ളത് ആത്മവിശ്വാസം നിലനിർത്താൻ വൃത്തിയായി നടക്കേണ്ടതു തന്നെയാണ്. ഇത് അമിതമാവാതെ നോക്കിയാല്‍ മതി.

മകളെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പറയരുത്. അത് കുട്ടിയുടെ വിരോധം സമ്പാദിക്കുകയേയുള്ളൂ. അവളെ മനസ്സിലാക്കുന്നു എന്നതിലൂടെ മാത്രമേ അംഗീകാരവും വിശ്വാസവും കിട്ടുകയുള്ളൂ. ഇത്തരം തോന്നലുകളിലൂടെ മാത്രമേ അവൾക്ക് അമ്മയോട് എന്തെങ്കിലും സംസാരിക്കാനുള്ള ഒരു പാത തുറന്നു കിട്ടുകയുള്ളൂ. കുറ്റപ്പെടുത്തിയാൽ മനസ്സുകൾ തമ്മിലുള്ള അകലം കൂടുകയേയുള്ളൂ. പ്രായമെത്രയായാലും ഇപ്പോഴത്തെ കൗമാരത്തിന്റെ ചില പ്രക‌ൃതങ്ങള്‍ എന്താണെന്നു തിരിച്ചറിഞ്ഞാലേ ചില കാര്യങ്ങൾ വിട്ടുകൊടുക്കാനും ചില അപകടങ്ങൾ തിരിച്ചറിയാനും പറ്റുകയുള്ള‌ൂ. അമ്മയ്ക്കും മകളുടെ മനസ്സായാലേ മകൾക്കുണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങളെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. മനസ്സു തിരിച്ചറിയാതാവുന്നതോടെയാണ് പല വീടുകളിലും കുഴപ്പങ്ങള്‍ ഉണ്ടാവുന്നത്. അതോടെ കുട്ടികളുടെ സ്വീകാര്യത നേടാന്‍ പല മാതാപിതാക്കൾക്കും സാധിക്കുകയുമില്ല.

ഇങ്ങനെ പറയാം : ‘നിന്റെ സമയം അമിതമായി പാഴായി പോവാതിരിക്കാൻ ശ്രദ്ധിക്കണം. ഈ പ്രായത്തിൽ കണ്ണാടിക്കു മുന്നിൽ അധികനേരം ഇരിക്കാനുള്ള ആഗ്രഹം ഉണ്ടാവും എന്ന് എനിക്കറിയാവുന്നതാണ്. നിന്റെ പ്രായത്തിൽ അത്യാവശ്യം ഭംഗിയായി നടക്കണം എന്ന തോന്നല്‍ എപ്പോഴും ഉണ്ടായിരിക്കാം. വൃത്തിയായി നടന്നാലേ മറ്റുള്ളളവരുടെ ബഹുമാനം നമുക്കു കിട്ടുകയുള്ളൂ. അതിൽ തെറ്റൊന്നുമില്ല. എന്നാൽ, നിന്റെ മറ്റു കാര്യങ്ങള്‍ക്ക് ഇത് തടസ്സമാവരുത്.’’

10..മകൾ:‘‘അമ്മയ്ക്കെന്താണ് ഞാൻ മോഡേൺ ഡ്രസ് ഇടണമെന്നു നിർബന്ധം ? എനിക്കിഷ്ടമല്ല അത്തരം ഡ്രസുകൾ. അതെനിക്ക് ഒട്ടും കംഫർട്ടബിളുമല്ല. ചുരിദാർ അല്ലാതെ മറ്റൊന്നും എനിക്കു പറ്റില്ല.’’

അമ്മ :‘‘നീ ഇങ്ങനെ പഴഞ്ചനായി നടന്നോ... എന്റെ ഫ്രണ്ട്സിന്റെ മക്കളെ കണ്ടു പഠിക്ക്. എത്ര സുന്ദരിക‌ളായിട്ടാണ് അവർ നടക്കുന്നത്. അൽപം മോഡേണായി നടന്നതുകൊണ്ടൊന്നും വലിയ കുഴപ്പമൊന്നുമില്ല. ജീന്‍സും ടോപ്പും ഇട്ടാലെന്താ കുഴപ്പം?’’ കൗമാരക്കാരിയായ കുട്ടിയാണെങ്കിലും അവൾക്ക് അവളുടേതായ ഇഷ്ടാനിഷ്ടങ്ങൾ എല്ലാമുണ്ടാവും. അതു തിരിച്ചറിയണം. കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ അവരുടെ സ്വപ്നത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. അങ്ങനെയൊരു തുറന്ന മനസ്സ് അമ്മമാരുണ്ടാക്കിയെടുക്കണം. മറ്റുള്ളവരുടെ മക്കളുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. ഇങ്ങനെ താരതമ്യപ്പെടുത്തിയാൽ ഗുണത്തേക്കാളേറെ ദോഷകരമായിട്ടാണു അതു ബാധിക്കുക.

ഇങ്ങനെ പറയാം : ‘‘പരമ്പരാഗത വേഷമാണ് ഇഷ്ടമെങ്കില്‍ അതിട്ടോളൂ. പക്ഷേ, പുതിയ വസ്ത്രങ്ങളോട് വിരോധം കാണിക്കേണ്ട കാര്യമില്ല. മറ്റൊരു സാഹചര്യത്തിൽ ഇത്തരം ഡ്രസുകള്‍ ഇടേണ്ടി വന്ന‌ാല്‍ മാറി നിൽക്കാൻ കഴിയുകയില്ല....’’

11..മകൾ:‘‘അമ്മയ്ക്ക് എന്നെ വിശ്വാസമില്ല. ഞാൻ പറയുന്നതിനേക്കാൾ മറ്റുള്ളവര്‍ പറയുന്നതേ അമ്മ ശരിവയ്ക്കൂ..’’

അമ്മ: ‘‘അവർ അങ്ങനെ പറഞ്ഞല്ലോ. നീ അങ്ങനെ ചെയ്തിട്ടുണ്ടാവും. എനിക്കുറപ്പാണ്. നീ കള്ളം പറയേണ്ട.’’

ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കു വരുമ്പോൾ ആശ്രയത്വത്തിന്റെ ചരട് പതുക്കെ പതുക്കെ അഴിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. പക്ഷേ, കൗമാരമെത്തുമ്പോൾ ആശങ്കകൊണ്ട് അമ്മമാരുടെ ചരടുവലി കൂടും. ഇത് ആപത്താണ്. എത്ര നയപരമായി ചെയ്യുന്നോ എന്നതിനെ ആശ്രയിച്ചാണ് ആ കുട്ടിയുടെ മനസ്സിന്റെ വികാസവും പക്വതയും സംഭവിക്കുക. അമ്മയോടുള്ള ആദരവും കൂടും. അതു നേടുന്നതില്‍ പല അമ്മമാരും പരാജയപ്പെട്ടു പോവുകയാണ് ചെയ്യുന്നത്. ഒരിക്കലും അന്ധമായ അവിശ്വാസം പ്രകടിപ്പിക്ക രുത്. മകളെ തുറന്നു പറയാൻ പഠിപ്പിക്കുക. ഏതു കാര്യവും അമ്മയോടു പറയാം എന്ന വിധം ബന്‌ധമുണ്ടാക്കണം.

ഇങ്ങനെ പറയാം : ‘‘അവർ ഇങ്ങനെയൊക്കെ പറഞ്ഞു. എങ്കിലും നിനക്കു പറയാനുള്ളത് നീ പറഞ്ഞോ. നീ പറയുന്നതിനേ ഞാൻ മുൻതൂക്കം നൽകൂ. അവർ പറഞ്ഞത് നീ കാര്യമാക്കേണ്ട. ‌നീ എന്റെ മകളാണ്. അതുകൊണ്ട് നീ പറയുന്നതേ അർഹിക്കുന്ന ഗൗരവത്തോടെ ഞാൻ എടുക്കുകയുള്ളൂ....’’

12..മകൾ:‘‘അമ്മയ്ക്ക് എന്നോട് ഒട്ടും സ്നേഹമില്ല. കൂട്ടുകാരിക ളുടെ അമ്മമാർ അവരെ സ്നേഹിക്കുന്നതു കാണുമ്പോൾ അസൂയ തോന്നും.

അമ്മ : ഞാനിങ്ങനെയാണ്. സ്നേഹം പുറത്തു കാണിക്കാനൊന്നും പറ്റില്ല. അത് സ്നേഹമില്ലാത്തതുകൊണ്ടല്ല.

സ്നേഹം തുറന്നു കാണിച്ചാൽ മകളാണെങ്കിലും മകനാണെങ്കിലും തലയിൽ കയറി ഇരുന്നു ചെവി തിന്നും സ്നേഹം ചൂഷണം ചെയ്ത് കുട്ടികൾ പല ആനുകൂല്യങ്ങളും നേടും. അതുകൊണ്ട് അധികം സ്നേഹം കാണിക്കരുത്. പല അമ്മമാർക്കുമുള്ള തെറ്റിധാരണയാണിത്. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അത് അനുഭവിപ്പിക്കാനുള്ളതാണ്. അതുകൊണ്ട് കുട്ടികളുടെ മനോവികാസത്തിനു ഗുണമുണ്ടാവും.

mother daughter

അമ്മയുടെ സ്നേഹം അനുഭവിക്കാൻ പറ്റുമ്പോഴേ ആ സ്നേഹം കൊണ്ട് കാര്യമുള്ളൂ. സമ്മാന‌ം വാങ്ങിക്കൊടുത്ത് നേടേണ്ടതല്ല സ്നേഹം. മകളുടെ കൂടെ കൂടുതൽ നേരം ഇടപെട്ടും കൂടുതൽ നേരം ആശയ വിനിമയം ചെയ്തും നേടണം. അവൾക്കു പറയാനുള്ളത് സമാധാനത്തോടെ കേള്‍ക്കുകയും അതു നമുക്കു മനസ്സിലായി എന്ന് അവർ തിരിച്ചറിയുകയും വേണം. മകൾ ഇതു തിരിച്ചറിയുന്ന നേരത്താണ് അമ്മ എന്നെ സ്നേഹിക്കുന്നു എന്ന് കുട്ടിക്കു മനസ്സിലാവൂ. തഴുകിയും ഒന്നു കെട്ടിപ്പിടിച്ചും സ്നേഹം പ്രകടിപ്പിക്കാൻ ശീലിക്കുകയാണു വേണ്ടത്. നമ്മുടെ പല മാതാപിതാക്കളും സ്പര്‍ശം എന്ന മാജിക് ഒട്ടും ഉപയോഗിക്കാത്തവരാണ്.

ഇങ്ങനെ പറയാം :‘‘സ്നേഹം ഇല്ല എന്ന് മോൾക്ക് തോന്നാനുള്ള കാരണം എന്താണ് ? അതു പറഞ്ഞു കഴിഞ്ഞാൽ എന്നെക്കൊണ്ട് പറ്റാവുന്ന രീതിയില്‍ പരിഹരിക്കാം. ഓരോരുത്തർക്കും ഓരോരോ രീതിയുണ്ട്. താരതമ്യം ചെയ്യേണ്ട കാര്യം ഇല്ല. പലരും പല രീതിയിലാണ് സ്നേഹിക്കുന്നത്. ഉള്ളിൽ എപ്പോഴും സ്നേഹമുണ്ട്. അതു പ്രകടിപ്പിക്കുന്ന രീതിയിലായിരിക്കും വ്യത്യാസം....’’

13..മകൾ : എന്നെ എന്തിനാണ് ഇങ്ങനെ തീറ്റിക്കുന്നത്? എനിക്ക് മെലിഞ്ഞിരിക്കാനാണ് ഇഷ്ടം എന്നു പറഞ്ഞില്ലേ.

അമ്മ : മര്യാദയ്ക്ക് ഭക്ഷണം കഴിക്കില്ല. ഓരോ ദിവസം കഴിയും തോറും നീ ക്ഷീണിച്ചു വരികയാണ്.

കുട്ടിയുടെ തീരുമാനം ആരോഗ്യത്തിനു കേടല്ലാത്ത രീതിയിലാണെങ്കിൽ സമ്മതിച്ചു കൊടുക്കാം. മറിച്ചാണെങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം.

ഇങ്ങനെ പറയാം : ‘‘നിന്റെ പൊക്കത്തിനും ശരീരപ്രകൃതിക്കും ആവശ്യമാ‌യ തടി വേണം. അതിന് ആവശ്യമായ രീതിയിലുള്ള ഭക്ഷണ‌ം കഴിച്ചാൽ മതി. നിന്നെ പൊണ്ണത്തടിയുള്ള കുട്ടിയാക്കണം എന്ന് ഞാനാഗ്രഹിക്കില്ല. പക്ഷേ, ഈ പ്രായത്തിൽ നിനക്ക് ഉണ്ടാകേണ്ട വണ്ണമുണ്ട്. ആ അളവിന്റെ അത്ര എത്തുകയാണെങ്കിൽ പിന്നെ ഭക്ഷണം നിന്റെ ഇഷ്ടത്തിന് കഴിച്ചാൽ മതി..’’

_14.. മകൾ : ‘‘അമ്മയ്ക്ക് ഒരിക്കലും എന്നെ മനസ്സിലാവില്ല.’’ അമ്മ :‘‘മോൾക്ക് എന്നോട് എപ്പോഴും ദേഷ്യമാണ്. മിണ്ടാതിരിക്കും. ഞാൻ പറയുന്നതൊന്നും അനുസരിക്കില്ല. അതാണ് എന്റെ ഏറ്റവും വലിയ സങ്കടം. എന്തു പറഞ്ഞാലും ദേഷ്യപ്പെടും.’’_

മനസ്സിലാക്കുന്നില്ല എന്ന തോന്നൽ വരുന്നത് സന്തോഷം വരുമ്പോൾ അമ്മയും മകളും ഒപ്പം സന്തോഷിക്കാതിരിക്കുകയും സങ്കടം വരുമ്പോൾ ഒപ്പം സങ്കടപ്പെടാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. പരസ്പരം തിരിച്ചറിയപ്പെടാത്തതിന്റെ പ്രശ്നമുണ്ട്.

മകളുടെ പ്രായത്തിൽ ഇടപെടുന്ന കൂട്ടുകാർ, അവരുടെ സങ്കൽപങ്ങൾ, അവരുടെ പെരുമാറ്റം ഇതൊന്നും അമ്മയ്ക്കു തിരിച്ചറിയാന്‍ പറ്റാതെ വരുമ്പോഴാണ് മകളെ മനസസ്സിലാവു ന്നില്ല എന്ന ചിന്ത വരുന്നത്. തിരിച്ചും അങ്ങനെ തന്നെ.

മകളുടെ കളിചിരികളിൽ പങ്കുചേരാൻ പറ്റാതിരിക്കുന്നതും പെൺകുട്ടിയാണ് അടക്കവും ഒതുക്കവും വേണം എന്ന ചിന്തയുമൊക്കെ അമ്മയ്ക്ക് എന്നെ മനസ്സിലാകുന്നില്ല എന്ന ചിന്ത കൂട്ടും. അമ്മ മന:പൂർവം മകളെ മനസ്സിലാക്കാതിരിക്കാൻ ശ്രമിക്കുന്നതല്ല. അമ്മയുടെ മനസ്സിലുള്ള ചില കാര്യങ്ങള്‍ ഇതിനു തടസ്സമുണ്ടാക്കുകയാണു ചെയ്യുന്നത്.

അതു പോലെ തന്നെ മകളുടെ ചിന്തയിലും ഇതേ പ്രശ്നമുണ്ട്. അമ്മ സ്നേഹിക്കുന്നുണ്ടെന്ന് മകള്‍ക്കറിയാം. പക്ഷേ, പെരുമാറ്റത്തിലെ ചില പ്രശ്നങ്ങള്‍ കൊണ്ട് ആ സ്നേഹം കുട്ടിക്ക് പലപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല. ഈ വിചാരമാണ് പലപ്പോഴും പെൺകുട്ടികളെ വീടിന് പുറത്തുള്ള സ്നേഹത്തിലേക്ക് മെല്ലേ എത്തിക്കുന്നത്.

ഇങ്ങനെ പറയാം : ‘‘ഞാൻ നിന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. നിന്റെ വൈകാരിക പ്രകടനങ്ങൾ കൊണ്ടോ എന്റെ ചില പ്രശ്നങ്ങൾ കൊണ്ടോ ഉണ്ടാവുന്ന തോന്നലാണിത്. നമുക്കു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. വേറെ ഒരു കുഴപ്പവുമില്ല. നീ പ്രതികരിക്കുന്ന രീതി കൊണ്ട് ‌അകന്നു പോവുന്നതാവാം‌ം. അതു നീ മനസ്സിലാക്കുകയും വേണം.’’

15..മകൾ: നീ അടുക്കളയെക്കുറിച്ച് കേട്ടിട്ടല്ലേ ഉള്ളൂ. കല്യാണം കഴിഞ്ഞാൽ നീ പഠിക്കും. അമ്മയുടെ പതിവു പരാതിയാണ‌ിതൊക്കെ. ആൺകുട്ടികൾക്ക് ഇതൊന്നും ബാധകമല്ലേ?

അമ്മ : ഇതൊന്നുമറിയില്ലെങ്കിൽ ചീത്തപ്പേര് ഞങ്ങൾക്കു കൂടിയാണ്. പെൺകുട്ടികൾ അതൊക്കെ അറിഞ്ഞിരിക്കണം.

‘പെൺകുട്ടികൾ അടുക്കളയിലെ എല്ലാ ജോലിയും അറിഞ്ഞിരിക്കണം’ ‘അത് അവൾ മാത്രം അറിഞ്ഞിരിക്കേണ്ട കാര്യമാണ്.....’ ഇതൊക്കെ പഴഞ്ചന്‍ സങ്കൽപങ്ങളാണ്. മകളെ മാത്രമല്ല. മകനെയും കൂടി വീട്ടിലെ എല്ലാ കാര്യവും അമ്മ പഠിപ്പിക്കണം. സ്ത്രീയെന്നാൽ എന്താണെന്നും അവളെ എങ്ങനെ സ്നേഹിക്കണമെന്നും അമ്മമാർ മകനെ പഠിപ്പിക്കാത്തതാണ് പുതിയകാലത്തെ പല കുഴപ്പങ്ങൾക്കും കാരണം.

അടുക്കളയിൽ ചെന്ന് ‍ജോലി ചെയ്യേണ്ടത് പെണ്‍കുട്ടികൾ മാത്രമാണ് എന്ന ചിന്തയൊക്കെ പുതിയ കാലത്തു മാറിക്കഴിഞ്ഞു. അടുക്കള ജോലി വേറൊരു പഠനമാണ് എന്ന ചിന്ത കൂടുതൽ കുഴപ്പങ്ങളുണ്ടാക്കും. വീട്ടിലെല്ലാവരും ഒരുമിച്ച് അരമണിക്കൂറെങ്കിലും അടുക്കള ജോലി ചെയ്യണം. പരസ്പരും സംസാരിക്കാനുള്ള സ്ഥലം കൂടിയായി അടുക്കളയെ മാറ്റണം.

ഇങ്ങനെ പറയാം : ‘‘നിനക്കൊന്നും അറിയില്ല എന്ന തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കരുത്. അതുകൊണ്ട് പാചകമൊക്കെ ഒന്നു പരീക്ഷിക്കാം. അതിൽ മോന്‍ എന്നോ മോൾ എന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. പുതിയ കാലത്ത് ആണുങ്ങളും ഇത് അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. ഒരു വീട്ടിൽ രണ്ടു പേർ ജോലി ചെയ്യുമ്പോൾ തീർച്ചയായും എല്ലാവരും അടുക്കളയില്‍ കയറേണ്ടി വരും. അതെന്തായാലും മോശം സ്ഥലമൊന്നുമല്ല. ക്ലാസിലെ വിശേഷമൊക്കെ ഇവിടെ വ‌ച്ച് നമുക്ക് സംസാരിക്കാം..’’

16..മകൾ :‘‘ഞാൻ ഫ്രണ്ട്സുമായി നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടാൽ എന്താണു തെറ്റ്? ഇങ്ങനെയൊക്കെ പേടിക്കേണ്ട കാര്യമുണ്ടോ?’’

അമ്മ :‘‘നീ വാർത്തകളൊന്നും കാണാറില്ലേ. ഫോട്ടോ മോര്‍ഫ് ചെയ്ത് നെറ്റിലിട്ടാലോ?...’’

മകൾ ഇതിൽ അസ്വസ്ഥതപ്പെട്ടിട്ടു കാര്യമില്ല. പുതിയ കാലത്തെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് കാര്യമായ ശ്രദ്ധ നല്‍കേണ്ടതാണ്. എന്നാൽ അത് മകളെ വിശ്വാസമില്ലാത്തതുകൊണ്ടാണെന്നോ അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നോ ഉള്ള തോന്നൽ മകളിൽ ഉണ്ടാക്കരുത്.

ഇങ്ങനെ പറയാം : ‘‘ഫേസ്ബുക്കിലൊക്കെ നിന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടി ചില ഫോട്ടോകൾ ഇട്ടാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടാവണം. ഫോട്ടോ ഇടരുതെന്നല്ല, പക്ഷേ, ഒരു നിരീക്ഷണം ഉണ്ടാവും.ഞങ്ങൾ പറയാതെ തന്നെ ഇത്തരം കാര്യങ്ങളിൽ നിനക്ക് ശ്രദ്ധയുണ്ടാവുമ്പോഴാണ് ബോൾഡായ കുട്ടിയാണെന്ന ബോധ്യം ഞങ്ങൾക്കുണ്ടാവുന്നത്.

17..മകൾ: സുഹൃത്തുക്കളോടു രാത്രിയിൽ സംസാരിക്കുന്നതു ഇത്ര വലിയ തെറ്റാണോ?

അമ്മ: ആരായാലും, സംസാരം പകൽ സമയത്തു മതി.

ചില നിഷ്കർഷകള്‍ തീർച്ചയായും വയ്ക്കണം. ടീനേജ് പ്രായത്തിൽ വീട്ടിൽ ചില നിയമങ്ങളും തത്വങ്ങളും കുട്ടികളുടെ സമ്മതത്തോടെ തന്നെ കൊണ്ടുവരണം. രാത്രി വൈകിയതിനു ശേഷം അടഞ്ഞ മുറിയിൽ വർത്തമാനം പറയുക. മുറിയടച്ചിട്ട് നെറ്റ് നോക്കുക, മറ്റുളളവരിൽ നിന്നു മാറി നിന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുക....ഇതൊക്കെ ഉപേക്ഷിക്കണമെന്ന പൊതു തത്വം ഉണ്ടാക്കാവുന്നതാണ് പലപ്പോഴും ഇങ്ങനെ ഉണ്ടാ വുമ്പോഴാണ് ‘അതൊന്നും ചെയ്യരുത് ’ എന്ന ‘നിയമവും’കൊണ്ട് ചെല്ലാറുള്ളൂ. പ്രശ്നങ്ങൾ കാണുമ്പോൾ നിയമം ഉണ്ടാക്കിയിട്ടു കാര്യമില്ല. ഫോൺ വാങ്ങുമ്പോൾ തന്നെ ഇതൊക്കെയാണു നിയമം. അതു പാലിക്കുമെന്നതു വിശ്വാസമുള്ളതു കൊണ്ട് വാങ്ങിത്തരുന്നത് എന്നു പറഞ്ഞുകൊടുക്കാം.

ഇങ്ങനെ പറയാം:‘‘കൂട്ടുകാരോട് സംസാരിച്ചോളൂ. പക്ഷേ ചില നിയമങ്ങളുണ്ട്. രാത്രി ഏറെ വൈകി ഫോണിലുള്ള സംസാരം ഒഴിവാക്കണം. കൂട്ടുകാർ വിളിക്കുമ്പോൾ ഒഴിഞ്ഞുമാറേണ്ട. നിങ്ങളുടെ കാര്യങ്ങൾ ഞങ്ങളും അറിയട്ടെ. പിന്നെ ഈ നിയമം മറന്നു പോയോ എന്നു ചോദിക്കാനുള്ള അവസരം നീ ഉണ്ടാക്കരുത്. എന്നാലേ നീ മിടുക്കിയാവൂ.’’

18..മകൾ:‘‘എന്റെ കൂട്ടുകാർ‌ക്കൊക്കെ സ്മാർട് ഫോണുണ്ട്. എത്ര നാളായി എനിക്കൊര‌െണ്ണം വാങ്ങി തരാൻ പറയുന്നു.’’

അമ്മ:‘‘പത്രത്തിൽ വരുന്ന വാര്‍ത്തകളൊന്നും നീ കാണാറില്ലേ. ഈ പ്രായത്തില്‍ ഒന്നും വേണ്ട’’

ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുകയേയരുത് എന്നു പറയാൻ നമുക്കു പറ്റില്ല. നിങ്ങൾ വാങ്ങിക്കൊടുത്തില്ലെങ്കിൽ കൂട്ടുകാരുടെ ഫോൺ ഒരു പക്ഷേ, ഉപയോഗിക്കും. ഇന്റർനെറ്റായാലും സ്മാർട് ഫോണായാലും അച്ചടക്കം ശീലിക്കാനേ നിവൃത്തിയുള്ളൂ. എങ്കിലും ചില പ്രായം വരെ പാടില്ല എന്നു വയ്ക്കാം. അവരുടെ പ്രതിഷേധം കുറയ്ക്കാൻ കാര്യങ്ങൾ വിശദമാക്കി കൊടുക്കണം

ഇങ്ങനെ പറയാം:‘‘ ഇതൊക്കെ ഉത്തരവാദിത്തത്തോടെ വിവേചന പൂർവം ഉപയോഗിക്കാനുള്ള കഴിവ് നിനക്കിപ്പോൾ ഉണ്ടോ എന്നു സംശയമാണ്. ആവശ്യമുള്ള സമയത്ത് തരുന്നതിൽ ഒരു കുഴപ്പവുമില്ല. ആഡംബരമായി ചാറ്റിങ്ങിനുമാത്രം മൊബൈൽ ഫോണ്‍ വാ‌ങ്ങിച്ചു തരുന്നത് ശരിയല്ല. അത് അനുവദിക്കാൻ ബുദ്ധിമുട്ടുണ്ട്. ഞാൻ പറഞ്ഞ കാര്യങ്ങളും പത്രത്തിലൂടെ കേൾക്കുന്ന കാര്യങ്ങളും എല്ലാം നീ തിരിച്ചറിയുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.

ഇനി വാങ്ങിച്ചു തന്നാൽ തന്നെ നിനക്കു മാർഗ നിർദേശം നൽകാനായി മുതിർന്നവരെന്ന നിലയില്‍ ഞങ്ങളുടെ മേൽനോട്ടം ഉണ്ടാവും. വണ്ടിയോടിക്കാൻ പഠിക്കുമ്പോള്‍ ഒരു കരുതലും മേൽനോട്ടവും ഉണ്ടാവില്ലേ. അതേ മേൽനോട്ടം ഇതിലും ഉണ്ടാവും. വിശ്വാസക്കുറവു കൊണ്ടല്ല. നിന്റെ പ്രായത്തിൽ ചില ദുരുപയോഗം വന്നേക്കാം. ചിലപ്പോൾ നീ തെറ്റുകൾ ചെയ്യണമെന്നില്ല. പക്ഷേ, ഞങ്ങളുടെ നിരീക്ഷണം ഉണ്ടാവും.’’

19..മകൾ: ‘‘എനിക്ക് എത്ര വയ്യെന്നു പറഞ്ഞാലും അമ്മ മടിയാണെന്നേ പറയൂ. സ്കൂളിൽ പോവാന്‍ എനിക്കു മടിയൊന്നുമില്ല.’’

അമ്മ:‘‘ഉറപ്പായിട്ടും ഇത് മടി തന്നെ എനിക്കറിഞ്ഞൂടേ...അതാണു തലവേദനയുടെ കാര്യം.’’

care

അമ്മയുടെ തോന്നലുകളുടെ അടിസ്ഥാനത്തിൽ കൗമാരക്കാരിയായ മകളെ കുറ്റപ്പെടുത്തരുത്. തെറ്റായി വ്യാഖ്യാനിക്കരുത്. അമ്മയുടെ തോന്നൽ ശരിയാവാം. തെറ്റാവാം. പക്ഷേ, അവളുടെ മനസ്സു ചോദിച്ചു മനസ്സിലാക്കുകയാണ്; അല്ലാതെ അമ്മയുടെ നിഗമനം പറയുകയല്ല വേണ്ടത്.

എന്തെങ്കിലും പ്രയാസമുണ്ടോ അസുഖമുണ്ടോ എന്നു ചോദിച്ചു മനസ്സിലാക്കാനുള്ള കഴിവ് ഇല്ലാതായി പോവരുത്. സ്കൂളിൽ മകൾ ഒന്നാമതെത്തണം എന്ന ചിന്ത വരുന്നതോടു കൂടി ശരിയായ രോഗങ്ങൾ പോലും തെറ്റായ രീതിയിൽ വ്യഖ്യാനിക്കാനിടയുണ്ട്. മടിയുടെ ഭാഗമാണെങ്കിൽ പോലും അതിനു പരിഹരിക്കാനുള്ള വഴി കണ്ടു പിടിക്കണം. മടിയെന്നു ലേബൽ ചെയ്ത് കുട്ടിയെ പ്രതിരോധിക്കരുത്.

ഇങ്ങനെ പറയാം : ‘‘നിനക്ക് എന്താണു കുഴപ്പമെന്ന് അമ്മയോടു പറയൂ. നിനക്ക് മടിയല്ല എന്നറിയാം. നമുക്കൊരു ഡോക്ടറെ കാണാം. ഇനി സ്കൂളിൽ പോവാൻ ഇഷ്ടമല്ലെങ്കിൽ അതിന്റെ കാരണവും പറഞ്ഞോളൂ. പരിഹാരം ഞാൻ പറഞ്ഞു തരാം.’’

20..മകൾ: ‘‘ഒറ്റയ്ക്കു യാത്ര ചെയ്താലെന്താ കുഴപ്പം?’’ അമ്മ: ‘‘ ഇവള്‍ ഒരു പെണ്‍കുട്ടിയല്ലേ, എങ്ങിനെയാണ് തനിയെ വിടുന്നത്. കാലം മോശമാണ്.’’

സുരക്ഷിതമായ ഇടത്തിൽ പകൽ സമയത്ത് പെൺകുട്ടികൾ യാത്ര ചെയ്യാന്‍ പാടില്ല എന്നൊന്നും മാതാപിതാക്കൾ ഒരിക്കലും പറയരുത്. അവൾ സ്വയം പര്യാപ്തയായി കാര്യങ്ങൾ ചെയ്യേണ്ടതാ‌ണ്. അങ്ങനെയുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത് എന്നാൽ സുരക്ഷിതരല്ല എന്നു തോന്നുന്ന സമയങ്ങളിൽ എന്തു കൊണ്ടാണു ചെയ്യേണ്ട എന്നു പറഞ്ഞതെന്ന കാര്യം ബോധ്യപ്പെടുത്തി കൊടുക്കണം.

ഇങ്ങനെ പറയാം:‘‘കുഴപ്പമുള്ള സമയത്തുള്ള യാത്രകൾ ഒഴിവാക്കുകയാണു നല്ലത്. അതു മോനായാലും മോളായാലും ഞങ്ങളുടെ ചെറിയ മേൽനോട്ടം ഉണ്ടാവും. പകൽ സമയത്തു പൊയ്ക്കോളൂ. ഇത്തരം യാത്രയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതു നിന്നെ തളർത്താനിടയുണ്ട്.’’

വിവരങ്ങൾക്കു കടപ്പാട്: ഡോ.സി.ജെ.ജോണ്‍, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി.