Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു സുപ്രധാന വിധി; സ്ത്രീ–പുരുഷ തുല്യതയിൽ ചുവടുറപ്പിച്ച് സുപ്രീം കോടതി

ചരിത്രം തിരുത്തിയെഴുതി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇടംപിടിച്ച 2018 സെപ്റ്റംബർ മാസം ഭാവിയിൽ ഓർമിക്കപ്പെടാൻ പോകുന്നത് സുപ്രധാന വിധിന്യായങ്ങളാൽ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകളോടു കാലങ്ങളായി നിലവിലിരുന്ന വിവേചനത്തിന്റെ അന്ത്യം കുറിക്കാനുള്ള ശ്രമങ്ങളുടെകൂടി പേരിലായിരിക്കും. സ്വവർഗപ്രണയത്തെക്കുറിച്ചുള്ള പ്രകൃതിവിരുദ്ധ പരാമർശങ്ങൾ നീക്കംചെയ്തുകൊണ്ട് ഈ മാസമാദ്യം വിധി പ്രഖ്യാപിച്ച രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞദിവസം ഐപിസി 497 റദ്ദാക്കാൻ കാരണമായത് നിയമം സ്ത്രീകളെ തുല്യരായി കാണാതിരുന്നതുകൊണ്ടാണ്. ഒന്നരനൂറ്റാണ്ടുമുമ്പു സമൂഹത്തിൽ നിലനിന്നിരുന്ന വിവേചനത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട നിയമം പുതിയ കാലത്തിന്റെ വെളിച്ചത്തിൽ കാലാഹരണപ്പെട്ടുവെന്നു മനസ്സിലായപ്പോൾ മടി കൂടാതെ റദ്ദാക്കുകയായിരുന്നു സുപ്രീം കോടതി. 

അതു പക്ഷേ എല്ലാവിധ വഴിവിട്ട ബന്ധങ്ങൾക്കുമുള്ള ലൈസൻസ് അല്ലെന്നും കോടതി എടുത്തുപറഞ്ഞിരുന്നു. ബന്ധങ്ങളെ പുനർനിർവചിച്ച വിധി വന്നതിന്റെ പിറ്റേന്നാണ് ശബരിമല ക്ഷേത്രപ്രവേശന വിഷയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയമയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടുന്ന സമത്വം, തുല്യത, നീതി എന്നീ ആശയങ്ങളുടെ വെളിച്ചത്തിൽ  വിവേചനം അതു വിശ്വാസത്തിന്റെ കാര്യത്തിൽപോലും അനുവദനീയമല്ല എന്നതാണു കോടതിയുടെ നിലപാട്.

വിശ്വാസം വ്യക്തിപരമാണ്. ഏതു മതത്തിൽ വിശ്വസിക്കണം, ഏതൊക്കെ ആചാരങ്ങൾ പിന്തുടരണം എന്നൊക്കെയുള്ളത് വ്യക്തിപരമായ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാലങ്ങളായി പിന്തുടരുന്ന വിശ്വാസം മാറ്റാനും പുതിയ ആചാരങ്ങൾ സ്വീകരിക്കാനും വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഏതെങ്കിലും തടസ്സം ഉണ്ടാകുകയാണെങ്കിൽ വ്യക്തിസ്വാതന്ത്ര്യത്തിന് അനുകൂലമായിരിക്കും രാജ്യവും ഭരണഘടനയും എന്നു പലവട്ടം എടുത്തുപറഞ്ഞിട്ടുള്ള കോടതി ഇത്തവണ സംശയത്തിന്റെ ഒരു ആനുകൂല്യവുമില്ലാതെ വിശ്വാസത്തെയും തുല്യതയുടെ പരിധിയിലാക്കി സ്ത്രീകളെ പുരുഷൻമാർക്കു തുല്യരായി കാണണമെന്ന് രാജ്യത്തെ ഓർമിപ്പിക്കുന്നു.

കെഎസ്ആർടിസിയുടെ ശബരിമല സ്പെഷൽ സർവീസുകളിൽ സ്ത്രീയാത്രക്കാർക്കു വിലക്ക് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുറച്ചുവർഷങ്ങൾക്കുമുമ്പ് ഹൈക്കോടതയിൽ ഒരു കേസ് വന്നിരുന്നു. അയൽസംസ്ഥാനങ്ങളിൽനിന്നു ശബരിമലയിലേക്കു സർവീസ് നടത്തുന്ന ബസുകളിൽ സ്ത്രീകൾക്കും കയറാം എന്നിരിക്കെ കേരളത്തിലെ സർക്കാർ ബസുകളിൽ മാത്രം വിവേചനം നിലനിൽക്കുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു അന്നു കേസ്. 

ശബരിമല സ്പെഷൽ ബസുകളിൽ സ്ത്രീകളെ വിലക്കുന്നത് വിവേചനം തന്നെയാണെന്ന് അന്നു കെഎസ്ആർടിസിക്കുവേണ്ടി ഡപ്യൂട്ടി ലോ സെക്രട്ടറി വാദിച്ചു. ബസുകളിൽ സ്ത്രീകൾക്കു വിലക്ക് ഏർപ്പെടുത്തുന്നതു ഭരണഘടന അനുശാസിക്കുന്ന സമത്വത്തിന്റെ ലംഘനമാകും. മത, വർണ, ലിംഗാടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന ഭരണഘടനാ തത്വത്തിനും വിരുദ്ധമാകുമത് എന്നൊക്കെയായിരുന്നു അന്നത്തെ പ്രധാനവാദങ്ങൾ. ഇപ്പോൾ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു സ്ത്രീകൾക്കുള്ള വിലക്ക് സുപ്രീംകോടതി നീക്കിയ പശ്ചാത്തലത്തിൽ ബസുകളുമായി ബന്ധപ്പെട്ട കേസ് തന്നെ അപ്രസക്തമായിരിക്കുന്നു. നിയമത്തിനു മുന്നിൽ സ്ത്രീകളും പുരുഷൻമാരും തുല്യരാണെന്ന് അർഥശങ്കയ്ക്കിടയില്ലാതെ കോടതി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസവിഷയങ്ങളിൽ എന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. വിവിധ മതസ്ഥർ വ്യത്യസ്ത ആചാരങ്ങളാണു പിന്തുടരുന്നതും. വ്യത്യസ്തത നിലവിലിരിക്കെത്തന്നെ സാഹോദര്യത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായാണു രാജ്യം മുന്നോട്ടുപോകുന്നത്.

ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്നതു വ്യക്തികളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിന്റെ ഭാഗമാണ്. നിയമം അനുകൂലിക്കുന്നു എന്നതുകൊണ്ടുമാത്രം എല്ലാവരും എല്ലാ ക്ഷേത്രങ്ങളിലും പോകണമെന്നുമില്ല. സുപ്രീം കോടതി പുതിയ വിധിന്യായത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത് നിയമം നിലനിൽക്കണമെങ്കിൽ അതിൽ തുല്യത ഉണ്ടായിരിക്കണം എന്നുമാത്രമാണ്. കാലങ്ങളായി നിലനിന്നു എന്നതുകൊണ്ടുമാത്രം നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളോടു വിവേചനം പാടില്ല. കാലം മാറുകയാണ്; അതിനനുസരിച്ചു നിയമങ്ങളും മാറണം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും നൈതിക പ്രശ്നങ്ങൾ മാറ്റിനിർത്തിയാൽ സുപ്രീംകോടതി വിധി സാങ്കേതികമായി സ്ത്രീകളുടെ വിജയം കുറിക്കുന്നു. അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി വന്ന രണ്ടു സുപ്രധാന വിധിന്യായങ്ങളിലൂടെ സ്ത്രീ–പുരുഷ തുല്യത എന്ന വലിയ ലക്ഷ്യത്തിലേക്കു കോടതി ചുവടുവച്ചതോടെ രാജ്യത്തു നിലവിലിരിക്കുന്ന മറ്റു വിവേചന നിയമങ്ങളും പൊളിച്ചെഴുതപ്പെടുമെന്നു പ്രതീക്ഷിക്കാം. പുരുഷനോടു തോളോടു തോൾ ചേർന്നും അന്തസ്സോടെയും സ്ത്രീയും ജീവിക്കുന്ന പുതിയ സമൂഹത്തിലേക്ക് ഇന്ത്യയും കുറച്ചുകൂടി അടുത്തു എന്നും പ്രതീക്ഷിക്കാം.