Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം പ്രശസ്തിയുടെ ഇരയായിരുന്നോ ടാറാ?; ശരീരത്തിൽ നിന്ന് ലഭിച്ചത് മൂന്നുവെടിയുണ്ടകൾ

tara-fares-03

സമൂഹമാധ്യമത്തിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നത് നടുക്കത്തിൽനിന്ന്. കടുത്ത ആശങ്കയിൽനിന്നും ഭീതിയിൽനിന്നും. ഇറാഖിലെ ബഗ്‍ദാദിൽ പട്ടാപ്പകൽ കാറോടിക്കവെ വെടിയേറ്റു കൊല്ലപ്പെട്ട യുവതിയായ മോഡലിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽനിന്ന്. 

ലോകം ഇപ്പോഴും ആ ഞെട്ടലിൽനിന്നു മുക്തമായിട്ടില്ല. ടാറ ഫേഴ്സിന്റെ അപ്രതീക്ഷിത കൊലപാതകത്തിന്റെ ഞെട്ടലുണ്ടാക്കിയ ആഘാതത്തിൽനിന്ന്. ഇറാഖി മോഡലും ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുമുള്ള പ്രശസ്ത മോഡലായ ടാറ ഫേഴ്സ് വ്യാഴാഴ്ചയാണ് അജ്ഞാതരുടെ തോക്കിൽനിന്നു പാഞ്ഞ വെടിയുണ്ടകളേറ്റു മരിച്ചത്. 22 വയസ്സ് മാത്രമുള്ള യുവതിയുടെ ശരീരത്തിൽ മുന്നു വെടിയുണ്ടകൾ തുളച്ചുകയറിയിരുന്നു. ഇറാഖിന്റെ തലസ്ഥാന നഗരത്തിലൂടെ തന്റെ ആഡംബര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണവും തൽക്ഷണം സംഭവിച്ച മരണവും. 

വ്യത്യസ്ത വേഷത്തിലും ഭാവത്തിലുമുള്ള ചിത്രങ്ങളിലൂടെ ഇൻസ്റ്റഗ്രാമിൽ ഏറെ അറിയപ്പെടുന്ന താരമാണ് ടാറ. സാഹസികമായ വേഷവിധാനങ്ങളും അണിയാറുണ്ട് ടാറ. ഫാഷന്റെ ഏറ്റവും പുതിയ മുഖം എന്നാണ് അവർ അറിയപ്പെടുന്നത്. സ്വന്തം പ്രശസ്തിയുടെ ഇരയായി മാറുകയായിരുന്നോ ടാറ എന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും ചോദിക്കുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എങ്ങനെയാണോ ആളുകൾ ജീവിക്കുന്നത് അതേ രീതിയിൽ ജീവിക്കാൻ ആഗ്രഹിച്ച ഒരു യുവതിക്ക് ഇറാഖിൽ ഇങ്ങനെയൊരു വിധിയാണോ കാത്തിരിക്കുന്നത് എന്നാണു പലരുടെയും ചോദ്യം. പ്രശസ്തയാകുന്നതും ഇഷ്ടമുള്ള വേഷം അണിയുന്നതും ഫാഷനബിളായി ജീവിക്കുന്നുതും തെറ്റാണോ എന്നും പലരും ചോദിക്കുന്നുണ്ട്. കൊലപാതകത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന ആശങ്ക എവിടെയും പ്രകടം. 

ഇറാഖിൽ സംഭവിച്ച ഈ ദുരന്തത്തിൽ എനിക്ക് അങ്ങേയറ്റം സങ്കടവും നടുക്കവുമുണ്ട്. പട്ടാപ്പകലാണ് ലോകപ്രശസ്തയായ ഒരു മോഡൽ വെടിയേറ്റുവീണത്. ഈ കൊലപാതകത്തിന് ആര് ഉത്തരം പറയും – ട്വിറ്ററിൽ ഒരാൾ ധാർമികരോഷത്തോടെ ചോദിക്കുന്നു. 

ജീവിതം ആസ്വദിച്ച ഒരു ഇറാഖി മോഡലിന്റെ ദയനീയമായ ഗതി ഇതാണോ? –മറ്റൊരാൾ ചോദിക്കുന്നു. 

വധഭീഷണിയെത്തുടർന്നു ഇറാഖിൽനിന്നു മാറി ജോർദാനിൽ താമിസിക്കുന്ന ഇറാഖി എഴുത്തുകാരൻ അഹമ്മദ് അൽ ബാഷർ കൊലപാതകത്തെ തള്ളിപ്പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ‌ ആഗ്രഹിച്ച ഒരു പെൺകുട്ടിയടെ കൊലപാതകത്തിനു നിസ്സാര കാരണം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഈ ദുരന്തത്തിൽ പങ്കുണ്ട് – അദ്ദേഹം പ്രതികരിച്ചു.