ഏമാൻ‌മാരോടു ഈ പെൺകുട്ടികൾക്കു പറയാനുള്ളത്

ഞങ്ങൾ രാത്രിയിൽ ഒറ്റയ്ക്കിറങ്ങി നടക്കുമെന്നും മുടിവെട്ടുമെന്നും ലെഗിങ്സ് ധരിക്കുമെന്നും താലിയും തട്ടവുമൊന്നും ഉപയോഗിക്കില്ലെന്നും അവർ പാട്ടിലൂടെ പ്രഖ്യാപിക്കുന്നു.

രാത്രിയിൽ ഒറ്റയ്ക്കു സഞ്ചരിച്ചു വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയി എന്നിങ്ങനെ കാരണങ്ങൾ നിരത്തി സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ ന്യായീകരിക്കുന്നവരോട് ഈ പെൺകുട്ടികൾക്കു പറയാനൊരുപാടുണ്ട്. ഒരുപാട്ടിന്റെയും തീഷ്ണമായ നൃത്തച്ചുവടുകളുടെയും അകമ്പടിയോടെയാണ്  അവർ തങ്ങൾക്കു പറയാനുള്ള കാര്യങ്ങൾ സമൂഹത്തിനു മുന്നിലവതരിപ്പിച്ചത്.



തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിലായിരുന്നു പെൺകൂട്ടായ്മയുടെ ഫ്ലാഷ്മോബ് അരങ്ങേറിയത്. ഊരാളിസംഘം പാടുകയും പിന്നീട് മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ പ്രശസ്തിനേടുകയും ചെയ്ത ഏമാന്മാരെ ഏമാന്മാരെ എന്ന ഗാനത്തിന്റെ സ്ത്രീപക്ഷമാണ് പെൺകൂട്ടായ്മ അവതരിപ്പിച്ചത്. മൂർച്ചയേറിയ വാക്കുകളും തകർപ്പൻ നൃത്തച്ചുവടുകളുമായാണ്
പെൺകുട്ടികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. തൃശൂർ യൂത്ത് ഫോർ ജെൻഡർ ജസ്റ്റിസ് എന്ന കൂട്ടായ്മ സ്ത്രീകളോടും ഭിന്നലിംഗക്കാരോടുമുള്ള സമൂഹത്തിന്റെ മോശം കാഴ്ചപ്പാടിനുള്ള ചുട്ടമറുപടിയാണ്.



ഞങ്ങൾ രാത്രിയിൽ ഒറ്റയ്ക്കിറങ്ങി നടക്കുമെന്നും മുടിവെട്ടുമെന്നും ലെഗിങ്സ് ധരിക്കുമെന്നും താലിയും തട്ടവുമൊന്നും ഉപയോഗിക്കില്ലെന്നും അവർ പാട്ടിലൂടെ പ്രഖ്യാപിക്കുന്നു. എങ്ങനെ ജീവിക്കണമെന്നുള്ളത് തങ്ങളുടെയിഷ്ടമാണെന്നും അവൾ പറയുന്നു. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ അവരെ പേടിക്കില്ലെന്നും അവർ പാടുന്നു. പാട്ടിനു പശ്ചാത്തല വാദ്യങ്ങളൊരുക്കിയതും സ്ത്രീകൾ തന്നെയായിരുന്നു. സദാചാരപൊലീസിനെതിരെയുള്ള ശക്തമായ പ്രകടനത്തിൽ സ്ത്രീകളും ഭിന്നലിംഗക്കാരുമായി ഇരുപതോളം പേർ പങ്കെടുത്തു.