250 കിലോ കുറച്ച ശേഷം ഇമാൻ ഇങ്ങനെ ; ഡോക്ടർമാർ പുറത്തുവിട്ട വിഡിയോ

ഇമാൻ ഡോക്ടറുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.

ചികിത്സ ഫലിക്കുമ്പോൾ ഒരു പക്ഷെ രോഗിയേക്കാളേറെ സന്തോഷിക്കുക ഡോക്ടറായിരിക്കും. ഇമാന്റെ കാര്യത്തിൽ അതൊരളവുവരെ സത്യവുമായിരിക്കും. മൂന്നുമാസങ്ങൾക്കു മുമ്പ് 500 ൽ അധികം കിലോ വരുന്ന ശരീരഭാരവുമായെത്തിയ രോഗിയെ ഏറ്റെടുക്കുമ്പോൾ ഡോക്ടറുടെ മനസ്സിൽ നിറയെ ആശങ്കകളുണ്ടായിരുന്നിരിക്കാം. പക്ഷെ ഇപ്പോൾ ധൈര്യപൂർവം അദ്ദേഹം  ഇമാനെ പുറംലോകത്തിനു കാട്ടിക്കൊടുക്കകയാണ്. ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ ഓരോ പുരോഗതിയും അവളെ സ്നേഹിക്കുന്നവർക്കുവേണ്ടി അദ്ദേഹം പങ്കുവയ്ക്കുകയാണ്.

മൂന്നുമാസത്തിനുള്ളിൽ 250 കിലോയാണ് ഇമാനു കുറഞ്ഞത്. പ്രതീക്ഷിച്ചതിലും വളരെപ്പെട്ടന്ന് ഇമാൻ സുഖംപ്രാപിക്കുന്നതിന്റെയും ഭാരം കുറയ്ക്കുന്നതിന്റെയും സന്തോഷവും ഡോക്ടർ പങ്കുവെയ്ക്കുന്നു. ഈജിപ്റ്റിൽ നിന്നും ചികിത്സയ്ക്കായി മുംബെയിലെ ആശുപത്രിയിലെത്തിച്ച ഇമാൻ അഹമ്മദിനെ ക്രെയിൻ ഉപയോഗിച്ചായിരുന്നു ആശുപത്രിയിലെ മുകൾ നിലയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മുംബെയിലെ സൈഫി ആശുപത്രിയിലെ ഡോക്ടർമാരുടെ വിദ്ഗ്ധ ചികിത്സയും അവർ നിർദേശിച്ച ആരോഗ്യകരമായ ഡയറ്റ്പ്ലാനുകളും കുറഞ്ഞ സമയംകൊണ്ട് ഇമാന്റെ ശരീരഭാരം 250 കിലോയായി കുറച്ചു.

ബാരിയാട്രിക് ശസ്ത്രക്രിയക്കു വിധേയയായ ശേഷമാണ് ഇമാനിൽ നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്നും അമിതവണ്ണംകൊണ്ടുണ്ടായ ആരോഗ്യപ്രശ്നങ്ങളെയെല്ലാം ഇമാൻ ഇപ്പോൾ അതിജീവിച്ചു കഴിഞ്ഞുവെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചനകൾ. പക്ഷാഘാതം വന്നതിനെത്തുടർന്ന് ശരീരത്തിന്റെ ഒരുവശം തളർന്ന നിലയിലായ ഇമാന്റെ ചികിത്സകൾ പുരോഗമിക്കുന്നതായും അധികംവൈകാതെ തന്നെ ഇമാന് എഴുന്നേറ്റിരിക്കാനും നടക്കാനും കഴിയുമെന്നും ഡോക്ടർമാർ പറയുന്നു. ഇപ്പോൾ ഇമാനിരിക്കുന്നതിനായി പ്രത്യേക തരത്തിലുള്ള വീൽചെയർ ഡിസൈൻ ചെയ്തിട്ടുണ്ടെന്നും അവർ പറയുന്നു.

ഇമാനുമായി രോഗകാര്യങ്ങൾ സംസാരിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡോക്ടറുടെ ചോദ്യങ്ങൾക്ക് അവ്യക്തമായ രീതിയിലാണെങ്കിലും ഇമാൻ പ്രതികരിക്കുന്നുണ്ട്.