കാമറ താഴെവെച്ച് ചോരയിൽകുളിച്ച പെൺകുട്ടിയെ രക്ഷിച്ച ഫൊട്ടോഗ്രാഫർ ; മനുഷത്വം മരിച്ചിട്ടില്ല

കല്ലേറിൽ ഗുരുതരമായി പരുക്കുപറ്റിയ പെൺകുട്ടിയെ രക്ഷിക്കുന്ന ഫൊട്ടോഗ്രാഫർ ഡാർ യാസിൻ.

ചോരയിൽ പിടയുന്ന ജീവനെ കൈയിലേന്താൻ ആ ഫൊട്ടോഗ്രാഫർ കാമറ താഴെവെച്ചു. അതൊരിക്കലും ജോലിയോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറലായിരുന്നില്ല മറിച്ച് ഒരു ജീവൻ രക്ഷിക്കാനുള്ള ഒരു മനുഷ്യന്റെ ശ്രമങ്ങളായിരുന്നു. കാശ്മീരിലാണ് സംഭവം. അസോസിയേറ്റഡ് പ്രസ് ഫൊട്ടോഗ്രാഫറായ ഡാർ യാസിൻ ആണ് ചോരയിൽകുളിച്ചു കിടന്ന പെണ്‍കുഞ്ഞിനു രക്ഷകനായത്.

ദൈനംദിന അസൈൻമെന്റിന്റെ ഭാഗമായി ശ്രീനഗറിൽ എത്തിയതായിരുന്നു യാസി അപ്പോഴാണ് കല്ലേറിൽ ഗുരുതരമായി പരുക്കുപറ്റി ചോരയിൽക്കുളിച്ച് ഒരു പെൺകുട്ടി നിരത്തിൽകിടക്കുന്നത് യാസിന്റെ ശ്രദ്ധയിൽ‍പ്പെട്ടത്. സുഹൃത്തിന് പെട്ടന്നുണ്ടായ അപകടത്തിൽ പകച്ചുപോയ കൂട്ടുകാർ സഹായത്തിനായി അലറിവിളിച്ചു കരഞ്ഞെങ്കിലും ഒരു വഴിപോക്കൻപോലും അവളെ തിരിഞ്ഞു നോക്കിയില്ല. 

ശരീരത്തിൽ നിന്നും ചോരവാർന്നൊഴുകുന്ന പെൺകുട്ടിയെ കണ്ടില്ലെന്നു നടിച്ച് സ്വന്തം ജോലിതുടരാൻ യാസിമിനെ മനസ്സനുവദിച്ചില്ല. അദ്ദേഹം ആ പെൺകുട്ടിയെ കോരിയെടുത്തുകൊണ്ടോടി എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഫൈസൽ ഘാൻ എന്ന ഫൊട്ടോജേണലിസ്റ്റാണ് ഡാർ യാസിൻ പെൺകുട്ടിയെ രക്ഷിക്കുന്നതിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. 

ജോലിയേക്കാൾ മനുഷത്വത്തിനും മനുഷ്യജീവനും പ്രാധാന്യം നൽകിയ ഫൊട്ടോഗ്രാഫറുടെ കഥ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയറിഞ്ഞ ആളുകൾ അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയെ വാഴ്ത്തുകയാണിപ്പോൾ. എന്നാൽ താൻ ചെയ്തത് അത്ര മഹത്തായ കാര്യമാണെന്ന വാദമൊന്നും യാസിനില്ല. സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നതിങ്ങനെ. '' ബോധംനശിച്ച കൂട്ടുകാരിക്കു സമീപം കരഞ്ഞു തളർന്നു നിൽക്കുന്ന കുട്ടികളോടു ഞാൻ പറഞ്ഞു. എനിക്കും രണ്ടു പെൺകുട്ടികളുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കുഞ്ഞുങ്ങൾ അപകടത്തിൽപ്പെടുന്നത് ഒരച്ഛനും സഹിക്കാൻ കഴിയില്ല. സ്വന്തം കുഞ്ഞുങ്ങളെന്നല്ല ലോകത്തൊരു കുഞ്ഞിനും അപകടം സംഭവിക്കുന്നത് ഒരു രക്ഷിതാവിനും കണ്ടു നിൽക്കാനാവില്ല. അപകടസ്ഥലത്തു നിന്നും പരുക്കുപറ്റിയവരെ രക്ഷിക്കുന്ന ആദ്യത്തെ ഫൊട്ടോഗ്രാഫറല്ല ഞാൻ. കാശ്മീരിർ ഇത്തരം ഒരുപാടു ഫൊട്ടോഗ്രാഫറുമാരുണ്ട്.''

യാസിൻ രക്ഷിച്ച പെൺകുട്ടിയുടെ പേര് ഖുശ്ബു ജാൻ എന്നാണ്. അപകടസ്ഥലത്തു നിന്ന് യാസിൻ പെൺകുട്ടിയെ എടുത്തുകൊണ്ടോടുന്ന ചിത്രം കണ്ട് അദ്ദേഹത്തെ സിറിയൻ ഫൊട്ടോഗ്രാഫറായ അബ്ദല്‍ ഖാദര്‍ ഹബാക്കിന്റെ ചിത്രങ്ങളോടാണ് ആളുകൾ താരതമ്യപ്പെടുത്തുന്നത്. സിറിയയിലെ ബോംബാക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താതെ ദുരന്തഭൂമിയിൽ നിന്നും മരണത്തോടു മല്ലിടുന്ന ഒരു ബാലനെയെടുത്തുകൊണ്ടോടുന്ന സിറിയൻ ഫൊട്ടോഗ്രാഫറുടെ ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. ജോലിയേക്കാൾ മനുഷ്യജീവനു പ്രാധാന്യം നൽകിയ ഇത്തരം നന്മയുള്ള മനുഷ്യരുടെ കഥകൾ ഇനിയും കൂടുതലാളുകളിലേക്കെത്തണമെന്നാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആളുകൾ അഭിപ്രായപ്പെടുന്നത്.