വധുവിന്റെ ഗൗണിനു തീകൊളുത്തി ഒരു ഫൊട്ടോഷൂട്ട് ; ഫൊട്ടോഗ്രാഫറുടെ കണക്കുതെറ്റിച്ച് കാറ്റുവീശി, പിന്നെ സംഭവിച്ചത്

ഫൊട്ടോഷൂട്ടിനു വേണ്ടി വധുവിന്റെ ഗൗണിൽ തീ കൊളുത്തുന്നു.

വിവാഹ ആൽബം വ്യത്യസ്തമാക്കാൻ ഏതറ്റം വരെയും പോകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. കള്ളുഷാപ്പിലും മലയുടെ തുഞ്ചത്തും തിരമാലകൾക്കിടയിലും കടലിനടിയിലുമൊക്കെ വിവാഹ ഫൊട്ടോഷൂട്ട് നടത്തുമ്പോൾ സ്വർഗം കിട്ടിയ സന്തോഷമാണ് അവരിൽ പലർക്കും.

എന്നാൽ വ്യത്യസ്തയ്ക്കുവേണ്ടി ഫൊട്ടോഗ്രാഫർ ചെയ്ത ഒരു കടന്ന കൈ വധുവിന്റെ ജീവനെടുക്കാതെ പോയത് ഭാഗ്യം കൊണ്ടു മാത്രമാണ്. ചൈനയിലാണ് സംഭവം. പുഴയോരം പശ്ചാത്തലമാക്കിയൊരുക്കിയ ഫൊട്ടോഷൂട്ടിനിടയിൽ ഫൊട്ടോഗ്രാഫർക്കൊരാഗ്രഹം. 

വധുവിന്റെ ഗൗണിൽ തീ കൊളുത്തിയ ശേഷം ഫൊട്ടോയെടുത്താൽ നന്നായിരിക്കും. പിന്നെ ഒട്ടും വൈകിയില്ല വധുവിന്റെ ഗൗണിൻറെ തുമ്പത്ത് തീ കൊളുത്തിയ ശേഷം ഫൊട്ടോയെടുത്തു. പക്ഷെ അപ്രതീക്ഷിതമായെത്തിയ കാറ്റ് ഫൊട്ടോഗ്രാഫറുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.

വധുവിന്റെ ഗൗണിൽ തീ ആളിപ്പടർന്നു. അഗ്നിശമന ഉപകരണംകൊണ്ട് പെട്ടന്നുതന്നെ തീ കെടുത്താൻ സാധിച്ചതിനാൽ ദേഹത്തു പൊള്ളലേൽക്കാതെ വധു രക്ഷപെട്ടു. അതി സാഹസീകമായ ഈ ഫോട്ടോഷൂട്ട് വെർച്വൽ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ്.