ഇവൾക്കൊരു ബിഗ്സല്യൂട്ട് ; കാറിനുമുകളിൽ ഓടിക്കയറി കാർമോഷണം തടഞ്ഞ കട്ടഹീറോയിസം

മോഷ്ടാക്കളെ തടയാൻ കാറിനു മുകളിൽ കയറിയ യുവതി.

ജീവൻ പണയം വെച്ചാണ് ആ യുവതി സ്വന്തം കാർ മോഷ്ടാക്കളിൽ നിന്നു തിരിച്ചു പിടിച്ചത്. മെലിസ മരിയൻ എന്ന യുവതി വെർച്വൽ ലോകത്ത് താരമായത് ഒരു വിഡിയോയിലൂടെയാണ്. കാർമോഷ്ടാക്കളിൽ നിന്നും സ്വന്തം കാർ തിരികെ പിടിച്ചെടുക്കുന്ന ധീരവനിതയായാണ് ഇപ്പോൾ ഈ അമേരിക്കൻ യുവതി അറിയപ്പെടുന്നത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാനായി ഗ്യാസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് യുവതിയുടെ കാറിനു മുന്നിൽ ഒരു കറുത്തകാർ വന്നു നിന്നത്.

അതിൽ നിന്നും കറുത്ത വസ്ത്രം ധരിച്ച ഒരു മുഖംമൂടിധാരി ചാടിയിറങ്ങി മെലിസയുടെ കാറിൽക്കയറി. ഈ സമയം കാറിനു പുറത്തായിരുന്ന മെലിസ കാർമോഷ്ടാക്കളെ തിരിച്ചറിഞ്ഞ് കാറിനടുത്തേക്കു പാഞ്ഞടുത്ത് കാറിനു മുകളിൽ ചാടിക്കയറി. മെലിസയെ കാറിനു മുകളിൽ നിന്നു താഴെയിടാനായി മോഷ്ടാവ് കാർ മുന്നോട്ടെടുത്തു. താഴെവീഴാതെ അതിസാഹസീകമായി മെലിസ കാറിനുമുകളിൽ അള്ളിപ്പിടിച്ചു കിടന്നു കാറിന്റെ വാതിലിലൂടെ മോഷ്ടാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും കാർ നിർത്താൻ മോഷ്ടാവ് തയാറാകാത്തതിനെത്തുടർന്ന് കാറിന്റെ വാതിലിലൂടെ അകത്തുകടന്ന് കാർ നിർത്തി.

ഈ സമയം യുവതിയുടെ മൊബൈൽഫോണും പഴ്സും തട്ടിയെടുത്ത ശേഷം കാറിൽ നിന്നും ചാടിയിറങ്ങിയ മോഷ്ടാവ് കറുത്തകാറിൽക്കയറി രക്ഷപെട്ടു. മൊബൈലും പഴ്സും നഷ്ടപ്പെട്ടെങ്കിലും കാറിനും ജീവനും അപകടമൊന്നും സംഭവിച്ചില്ലല്ലോ എന്നാണ് മെലിസ പറയുന്നത്. '' ഞാൻ കാറിനു മുകളിൽ അള്ളിപ്പിടിച്ചു കിടന്നപ്പോൾ വണ്ടിയോടിച്ചുകൊണ്ട് എന്നെ തള്ളിയിടാൻ ശ്രമിക്കുന്ന മോഷ്ടാവ് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അതൊരു കൗമാരക്കാരനായ കുട്ടിയായിരുന്നു. സംഭവത്തെപ്പറ്റി പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ആ ദിവസം തന്നെ കൗമാരക്കാരായ നാൽവർ സംഘം മറ്റൊരു കാർ മോഷ്ടിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

ഗ്യാസ് സ്റ്റേഷനിലെ സർവൈവലൻസ് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മെലിസ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ഈ യുവതിയുടെ അപാരധൈര്യം ലോകമറിഞ്ഞത്.