ഇവൾ മരണത്തിന്റെ മാലാഖ ; 60 ൽ അധികം കുഞ്ഞുങ്ങളെ മരണത്തിലേക്കു തള്ളിവിട്ടവൾ

ജെനി ജോൺസ്

ഭീതി വേണ്ട;‘മരണത്തിന്റെ മാലാഖ’യ്ക്കു മോചനമില്ല. അമേരിക്കൻ നഗരം ടെക്സസിന് ആശ്വസിക്കാം; മരണത്തിന്റെ മാലാഖ ഉടനെയൊന്നും പുറത്തുവരില്ല. പുതിയൊരു കുറ്റം ചുമത്തപ്പെട്ടതിനാൽ ജയിലഴികൾക്കുള്ളിൽ അവർക്ക് ഇനിയും കഴിയേണ്ടിവരും.

മരണത്തിന്റെ മാലാഖ ഏതോ കഥയിലെ കഥാപാത്രമല്ല. അറുപതിൽപ്പരം കുട്ടികളെ മരണത്തിലേക്കു നയിച്ചുവെന്ന് ആരോപിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുന്ന നഴ്സ്. അനേകം മരണങ്ങൾക്കു കാരണക്കാരി എന്ന് ആരോപിക്കപ്പെടുന്നെങ്കിലും ഒരു കുട്ടിയെ അപായപ്പെടുത്തിയതിന്റെ പേരിൽമാത്രം ശിക്ഷിക്കപ്പെട്ട ജെനി ജോൺസ്. 1982–ൽ 15 മാസം മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് മരണകാരണമായേക്കാവുന്ന രീതിയിൽ മരുന്നു കൊടുത്തു എന്ന കുറ്റത്തിന് 99 വർഷത്തെ ജയിൽവാസം അനുഭവിക്കുകയാണ് അറുപത്തിയാറുകാരിയായ ജോൺസ്.

അറുപതോളം കുട്ടികളെ മരുന്നുകുത്തിവച്ച് ജോൺസ് ആപായപ്പെടുത്തിയെന്നു സംശയിക്കുന്നുണ്ടെങ്കിലും ഒരു കുട്ടിയുടെ കൊലപാതകത്തിലെ പങ്കിന്റെ പേരിലാണു ജോൺസ് ശിക്ഷിക്കപ്പെട്ടത്. കുറ്റവാളികൾക്കുള്ള നിർബന്ധിത പരോൾ നിയമമനുസരിച്ച് ജോൺസിന് അടുത്തവർഷം പരോൾ ലഭിക്കണം.പക്ഷേ കാലത്തിന്റെ ചാരം മൂടിയ പഴയൊരു കേസിലെ പങ്കാളിത്തം കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുന്നു; ജോൺസിനു പരോൾ ലഭിക്കാൻ സാധ്യത കുറഞ്ഞു. 1981ൽ നടന്ന ഒരു ശിശുമരണത്തിലും ജോൺസിനു പങ്കുണ്ടെന്നാണു പുതിയ കണ്ടെത്തൽ. അന്ന് 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ജോഷ്വ സോയർ എന്ന കുട്ടിയുടെ മരണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 30 വർഷം മുമ്പു നടന്ന ഈ കേസിലെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും കോടതിയിൽ ആരോപണം തെളിഞ്ഞാൽ ജോൺസിന്റെ മോചനസാധ്യത മങ്ങും. 

ജോൺസ് ശിക്ഷിക്കപ്പെട്ടപ്പോൾ 1977–ലെ പരോൾ നിയമമാണു നിലവിലുണ്ടായിരുന്നത്. 1987–ൽ നിയമം ഭേദഗതി ചെയ്തെങ്കിലും മുൻകാലപ്രാബല്യം ഇല്ല. ഈ നിയമമനുസരിച്ച് അടുത്തവർഷം മാർച്ചിൽ ജോൺസിനു പരോൾ ലഭിക്കണം. പക്ഷേ പുതിയ കുറ്റാരോപണം ജനങ്ങളുടെ ഭീതി ഇല്ലാതാക്കിയിരിക്കുന്നു. ഏതാനും ദിവസത്തേക്കുപോലും ജോൺസ് മോചിതയാകുന്നുവെന്ന വാർത്തയെ ഭീതിയോടെയാണു ജനങ്ങൾ കേട്ടത്. പ്രിയപ്പെട്ട കുട്ടികളെ നഷ്ടമായ കുടുംബാംഗങ്ങൾ ഞെട്ടലിലായിരുന്നു. മരണത്തിന്റെ മാലാഖ എന്ന വിളിപ്പേരിൽ അറിയപ്പെട്ട ജോൺസ് പലരുടെയും മനസ്സിൽ അനിയന്ത്രിതമായ ഭീതി ജനിപ്പിക്കുന്നു. ജോൺസ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ 47 ശിശുമരണങ്ങൾ സംശയനിഴലിലായിരുന്നു. എല്ലാക്കേസിലും പ്രതിസ്ഥാനത്തു ജോൺസ് തന്നെ. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒരു മരുന്ന് കുത്തിവച്ചാണത്രേ ജോൺസ് കുട്ടികളെ അപായപ്പെടുത്തിയത്. എല്ലാം കേസുകളും തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു കുട്ടിയുടെ മരണത്തിന്റെ പേരിൽ ജോൺസ് ശിക്ഷിക്കപ്പെട്ടു.

വ്യാഴാഴ്ച രാത്രിയാണ് പുതിയ കേസിന്റെ വിശദാംശങ്ങൾ പ്രോസിക്യൂട്ടർമാർ ജോൺസിനെ അറിയിച്ചത്. ടെക്സസിലെ മുറൈ പ്രദേശത്തെ ജയിലിലാണ് അവരിപ്പോൾ.കേസിന്റെ വിവരം അറിഞ്ഞപ്പോൾ അവർ വല്ലാതെ വികാരം കൊണ്ടുവെന്നു പറയുന്നു പ്രോസിക്യൂട്ടർമാർ. എഴുപതുകളുടെ അവസാനവും എൺപതുകളിലും ടെക്സസിലെ വിവിധ ആശുപത്രികളിൽ ശിശുപരിചരണ രംഗത്തെ നഴ്സായി ജോലി ചെയ്യുകയായിരുന്നു ജോൺസ്.സാൻ ആന്റോണിയോ ആശുപത്രിയിൽ ജോൺസ് ജോലി ചെയ്യുമ്പോഴാണ് പുതുതായി കണ്ടെത്തിയ കേസിൽ പറയുന്ന ജോഷ്വ സോയർ കൊല്ലപ്പെടുന്നത്. ജോലിയുടെ തുടക്കകാലത്ത് മരണത്തിലേക്ക് അടുത്തുകൊണ്ടിരുന്ന പല കുട്ടികളെയും രക്ഷപ്പെടുത്തിയ വിരോചിതപരിവേഷമുണ്ടായിരുന്നു ജോൺസിന്. പക്ഷേ പിന്നീട് ഒരാളെ ജീവിതത്തിലേക്കു കൊണ്ടുവരാനും മരണത്തിലേക്കു നയിക്കാനും തനിക്കുലഭിച്ച നിയന്ത്രണശക്തി അവരെ അവരെ വഴിതെറ്റിച്ചത്രേ.ശിശുമരണങ്ങളുടെ ഉത്തരവാദിത്തം ജോൺസ് ഇപ്പോഴും ഏറ്റെടുത്തിട്ടില്ല. 

മരണകാരണം ജോൺസ് കൊടുത്ത മരുന്നുകളല്ലെന്ന് അവർക്കുവേണ്ടി ഹാജരായ വക്കീലൻമാർ വാദിക്കുകയും ചെയ്തു. സാൻ അന്റോണിയോ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് ജോൺസ് അറസ്റ്റിലായത്.