കൊച്ചി മെട്രോയിലെ ട്രാൻസ്ജെൻഡർ ജീവനക്കാർ പറയുന്നു: ‘ഞങ്ങളെ സഹതാപത്തോടെ നോക്കരുത്...’ വിഡിയോ വൈറൽ

ഇതാദ്യമായാണ് സർക്കാർ ഉടമസ്ഥതയ്ക്കു കീഴിൽ രാജ്യത്ത് ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ജോലി നൽകുന്നത്.

‘അദ്ഭുതം തോന്നുന്നുണ്ടോ ഞങ്ങളെ ഈ യൂണിഫോമിൽ കണ്ടിട്ട്, നിങ്ങളെപ്പോലെ സംസാരിക്കുന്നത് കണ്ടിട്ട്...?’ ഈ ചോദ്യത്തോടെയാണ് ആ വിഡിയോ ആരംഭിക്കുന്നത്. അരമിനിറ്റ് മാത്രമുള്ള ആ വിഡിയോദൃശ്യങ്ങളിലെ മുഖങ്ങൾ നമ്മോട് പറയുന്നതാകട്ടെ എന്നെന്നും മനസിലുറപ്പിച്ചു വയ്ക്കേണ്ട കുറേ കാര്യങ്ങളും. കൊച്ചി മെട്രോയിൽ ജോലി ലഭിച്ച 23 ട്രാൻസ്ജെൻഡർ വിഭാഗക്കാരാണ് തങ്ങളോട് എങ്ങനെയാണു പെരുമാറേണ്ടത് എന്നതു സംബന്ധിച്ച് മെട്രോയാത്രക്കാരോടുള്ള അഭ്യർഥനയുമായി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 

ഇതാദ്യമായാണ് സർക്കാർ ഉടമസ്ഥതയ്ക്കു കീഴിൽ രാജ്യത്ത് ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ജോലി നൽകുന്നത്. മെട്രോയ്ക്ക് ചുക്കാൻ പിടിക്കുന്ന കെഎംആർഎല്ലിന്റെ ഈ തിളക്കമാർന്ന നീക്കം ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. മെട്രോ ആരംഭിച്ചതോടെ സകല മാധ്യമങ്ങളിലും ട്രാൻസ്ജെൻഡർ വിഭാഗക്കാരും പ്രധാന തലക്കെട്ടുകളായി. ജനങ്ങളും അതിനാൽത്തന്നെ അവരെ കൗതുകത്തോടെ കാണാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് വിഡിയോയുടെ വരവ്. 

‘ഞങ്ങളെ കാണുമ്പോൾ നിങ്ങൾക്ക് അദ്ഭുതം തോന്നുന്നുണ്ടെന്നറിയാം’ എന്ന കാര്യം ആദ്യമേ അവർ വ്യക്തമാക്കുന്നു. പക്ഷേ അവരെ സഹതാപത്തോടെ നോക്കരുതെന്നതാണ് പ്രധാന അഭ്യർഥന അറപ്പോടെയും നോക്കരുത്, രണ്ട് തവണ നോക്കരുത്; മറ്റാരെയും നോക്കുന്ന പോലെ തന്നെയും നോക്കുക. മറ്റുള്ളവരെപ്പോലെത്തന്നെ ജീവിതത്തെപ്പറ്റിയും പുതിയ ജോലിയെപ്പറ്റിയും ഏറെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉള്ളവരാണ് ട്രാൻസ്ജെൻഡർ വിഭാഗക്കാരും.

ഒട്ടേറെപ്പേർ ദിവസവും വന്നു പോകുന്ന മെട്രോയിൽ അതിനാൽത്തന്നെ അവർക്കു നേരെ വരുന്ന സഹതാപത്തിന്റെ നോട്ടങ്ങൾ പൊള്ളലുകളായിരിക്കും സമ്മാനിക്കുക. തുടരെത്തുടരെ വന്നുപോകുന്ന മെട്രോ ട്രെയിനുകൾ പോലെ ആ വലിയ തിരക്കിനിടയിൽ തങ്ങളുടെ ജീവിതവും യാതൊരു തടസ്സങ്ങളുമില്ലാതെ ഒഴുകിനീങ്ങാനാണ് അവരും ആഗ്രഹിക്കുന്നത്. 

മെട്രോ സ്റ്റേഷനുകളിലെ കുടുംബശ്രീ ജീവനക്കാർക്കൊപ്പമാണ് 23 ട്രാൻസ്ജെൻഡർ വിഭാഗക്കാരും ജോലി ചെയ്യുന്നത്. ഹൗസ്കീപ്പിങ്, കസ്റ്റമർ കെയർ വിഭാഗങ്ങളിലെല്ലാം ഇവരുണ്ട്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്  ‘കേരള ഇൻഫർമേഷനി’ൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 15 ലക്ഷത്തിലേറെപ്പേർ കണ്ടു കഴിഞ്ഞു. ഒട്ടേറെപ്പേർ ഇവർക്ക് അഭിനന്ദനങ്ങളും അറിയിക്കുന്നു. എത്ര തവണ നോക്കിയാലും അത് അഭിമാനത്തോടെയുള്ള നോട്ടമാണെന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും വിഡിയോക്കു താഴെ കമന്റുകളുണ്ട്. കൊച്ചി മെട്രോയിലെ 80 ശതമാനം ജീവനക്കാരും വനിതകളാണെന്നതും മാതൃകയാണ്. 

കൊച്ചിയിൽ ഉണ്ടായ ഒരുസംഭവുമായി ബന്ധപ്പെട്ടു പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാരിൽ ഒരാൾ തങ്ങൾക്കൊരു ജോലി എവിടെയെങ്കിലും വാങ്ങിത്തരാനാകുമോ  എന്ന ചോദ്യമുന്നയിക്കുകയും അങ്ങിനെ ചെയ്താൽ പുതിയ ജീവിതം ആരംഭിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ആ ചോദ്യമാണു പദ്ധതിക്കു രൂപം നൽകാൻ പ്രേരിപ്പിച്ചത്. പൊലീസുകാർ ഇവരെ ഓരോരുത്തരെയായി കാണുകയും ബയോഡേറ്റ ശേഖരിക്കുകയും ചെയ്തു. അങ്ങനെ 39 പേരുടെ ബയോഡേറ്റ തയാറാക്കി. അതിനിടെയാണ് കുടുംബശ്രീ മുഖാന്തരം മെട്രോയിൽ 20 പേർക്കു ജോലി നൽകാമെന്ന് കെഎംആർഎൽ അധികൃത‍ർ ഉറപ്പുനൽകുന്നത്. 

42 പേരെ ഇതിനായി കണ്ടെത്തിയെങ്കിലും 23 പേർ മാത്രമാണു പരിശീലനത്തിനെത്തിയത്.  നല്ല സംഭാഷണ രീതി, നല്ലപെരുമാറ്റം, നല്ല ജീവിതശൈലി എന്നിവയിൽ രാജഗിരി സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റിൽ ഒരുമാസത്തെ പരിശീലനവും പൂർത്തിയാക്കി. പിന്നീട് മുട്ടത്തു മെട്രോ യാഡിലും മെട്രോ ട്രെയിനിലും സ്റ്റേഷനുകളിലുമായി അഞ്ചു ദിവസത്തെ പരിശീലനം. ശേഷം ജോലിയിലേക്ക്. മഹാരാജാസ് സ്റ്റേഷൻ വരെ അടുത്തഘട്ടത്തിൽ മെട്രോ ഓടുമ്പോൾ ജോലിക്കെടുക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ എണ്ണം 60 ആക്കുമെന്ന്  കെഎംആർഎൽ  പറയുന്നു.

തൃപ്പൂണിത്തുറ വരെയാകുമ്പോൾ പിന്നെയും കൂടും. കൊച്ചി മെട്രോയിലെ സേവനം മികച്ചതായാൽ ഒട്ടേറെ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കു വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് കെഎംആർഎൽ.