'' എന്റെ ശരീരഭാരം കൂടിയാലും ഇല്ലെങ്കിലും നിങ്ങൾക്കെന്ത്''?; ദുഷ്ടമനസ്സിന് അർഹിക്കുന്ന മറുപടിയുമായി യുവതി

സേജൽ. ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

താരങ്ങളായാലും സാധാരണക്കാരായാലും ചില കാര്യങ്ങളിൽ സ്ത്രീകൾ കടന്നുപോകുന്നത് ഒരേ അനുഭവങ്ങളിലൂടെ. താപരദവിയും സുരക്ഷയും പ്രശസ്തിയും സമ്പത്തുമൊക്കെയുണ്ടെങ്കിലും ദുഷിച്ച കണ്ണുകളുടെ ചീത്ത നോട്ടങ്ങളിൽനിന്നു രക്ഷപ്പെടാനാവില്ല മുൻനിര താരങ്ങൾക്കുപോലും.ധരിക്കുന്ന വസ്ത്രം, ഹെയർ സ്റ്റൈൽ, ശരീരഭാരം, നടപ്പുരീതി എന്നുവേണ്ട ചെറിയകാര്യങ്ങളുടെ പേരിലും എപ്പോഴും വിമർശിക്കപ്പെടാം.

മകളുടെ ജനനത്തിനുശേഷം ശരീരഭാരം കൂടിയപ്പോൾ പരിഹാസത്തിനുപാത്രമായി ഐശ്വര്യ റായ്. വിശ്വസുന്ദരി പട്ടം നേടിയ ഐശ്വര്യ എങ്ങനെ നടക്കണമെന്നും ജീവിക്കണമെന്നും എന്തു ഭക്ഷണം കഴിക്കണമെന്നും എത്രമാത്രം ശരീരഭാരം കാത്തുസൂക്ഷിക്കണമെന്നും തങ്ങളാണു തീരുമാനിക്കുന്നതെന്ന മട്ടിലാണു ദോഷൈകദൃക്കുകളുടെ അഭിപ്രായപ്രകടനങ്ങൾ.

ആർക്കും എന്തും പറയാം. മുമ്പൊക്കെ അഭിപ്രായങ്ങൾക്കു വ്യാപക പ്രചാരമില്ലായിരുന്നെങ്കിൽ ഇന്നു സമൂഹമാധ്യമങ്ങളുടെ കാലത്ത് ആർക്കും എത്ര ചീത്ത അഭിപ്രായവും പോസ്റ്റ് ചെയ്യാം. മാനസികാരോഗ്യമില്ലാത്ത ചില ദുർബലർ അഭിപ്രായങ്ങളെ ഇഷ്ടപ്പെട്ടും കുറച്ചുകൂടി തിൻമ കലർത്തിയും പരിഹസിച്ചും അപഹസിച്ചും സംതൃപ്തിയടയുന്നു.

അടുത്തകാലത്ത്, സമൂഹമാധ്യമങ്ങളിലെ അഭിപ്രായ വീരൻമാരുടെ ഇരയായി മാറിയിരുന്നു പ്രിയങ്ക ചോപ്ര. ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു പ്രിയങ്കയ്ക്കെതിരെ പരിഹാസവും വിമർശനവും. വായടപ്പിക്കാൻ വാക്കുകളുടെ സഹായം തേടാതെ ഒരു ഉഗ്രൻ ചിത്രം പോസ്റ്റ് ചെയ്ത് പ്രിയങ്ക ദോഷൈകദൃക്കുകളെ നിലയ്ക്കുനിർത്തി. പ്രിയങ്കയുടെ വസ്ത്രധാരണത്തിൽ സ്വന്തം അമ്മ കുഴപ്പമൊന്നും കാണുന്നില്ലെങ്കിൽ വിമർശകരെന്തിനു വേദനിക്കണം. അമർഷം കൊള്ളണം. ഇത്തരത്തിൽ ഇരകളാക്കപ്പെടുന്ന താരങ്ങളുടെ എണ്ണം കൂടുമ്പോഴും സാധാരണക്കാരുടെ അവസ്ഥ അധികമാരും അറിയുന്നില്ല.

ശരീരഭാരത്തിന്റെ പേരിൽ അഭിപ്രായം തട്ടിവിട്ടു വേദനിപ്പിച്ച ഒരു അകന്നബന്ധുവിന് ഒരു യുവതി കൊടുത്ത മറുപടി ഇപ്പോൾ തരംഗമായിരിക്കുന്നു. പ്രതികരിക്കാതിരിക്കുന്നത് പലപ്പോഴും പ്രോത്സാഹനമാകുന്നുണ്ട്. കൃത്യമായ മറുപടിയിലൂടെയും അനിഷ്ടം പ്രകടമാക്കിയും നിലയ്ക്കുനിർത്തേണ്ടവരെ നിയന്ത്രിക്കേണ്ടതെങ്ങനെയെന്നു കാണിച്ചുതരുന്നു ഈ യുവതിയുടെ പോസ്റ്റ്. ദുഷിച്ച അഭിപ്രായങ്ങളാൽ മലിനമാക്കപ്പെടാനുള്ളതല്ല തന്റെ ശരീരവും വ്യക്തിപരമായ താൽപര്യങ്ങളുമെന്നും അടിവരയിട്ടുപറയുകയാണ് ഈ യുവതി.

സേജൽ പ്രധാൻ എന്ന യുവതിയാണ് ശരീരഭാരത്തിന്റെ പേരിൽ ഇരയായി വേദനിക്കേണ്ടിവന്നത്. താൻ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു അകന്നബന്ധുവാണ് വാക്കുകളിലൂടെ തന്നെ ആക്രമിച്ചതെന്നു പറയുന്നു സേജൽ. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ചായിരുന്നു ബന്ധുവിന്റെ അനാവശ്യ അഭിപ്രായം.അതിനു കൊടുത്ത മറുപടിയുടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു തനിക്കുണ്ടായ മാനസിക വേദനയെക്കുറിച്ചു സേജൽ എഴുതി.

സേജലിനെ പരിഹസിച്ച് ഒരു ബന്ധു പോസ്റ്റ് ചെയ്ത കമന്റ്.

നിങ്ങൾക്കു ഭാരം കൂടുന്നതായി എനിക്കു തോന്നുന്നല്ലോ എന്നായിരുന്നു ബന്ധുവിന്റെ ദുഷിച്ച വാക്കുകൾ. പ്രത്യേകിച്ച് അടുപ്പമൊന്നുമില്ലാത്ത, പരസ്പരം കാണുക കൂടി ചെയ്യാത്തയാളെക്കുറിച്ച് അനവസരത്തിൽ ഇത്തരമൊരു അഭിപ്രായം എന്തിനുവേണ്ടിയാണ് ? അതാണു സേജലിന്റെ ചോദ്യം. എന്റെ ശരീരഭാരത്തിന്റെ ഏറ്റക്കുറച്ചിലുകൾ നിങ്ങൾക്ക് എങ്ങനെയാണു ശല്യമാകുന്നത്. അതു കൂടാം.കുറയാം. സ്ഥിരമായി നിൽക്കാം. നിങ്ങളോടു ഞാൻ എന്നെങ്കിലും അഭിപ്രായം ചോദിച്ചിട്ടുണ്ടോ ? എന്റെ ശരീരത്തെക്കുറിച്ചോർത്ത് ഞാൻ എന്നെങ്കിലും നിരാശപ്പെട്ടതായി നിങ്ങൾക്ക് അറിയാമോ. ഞാൻ ആരുടെയെങ്കിലും സഹതാപം ചോദിക്കുന്നുണ്ടോ ? ഇല്ലല്ലോ. ദയവുചെയ്ത് അഭിപ്രായങ്ങൾ നിങ്ങളുടെ ഉള്ളിൽത്തന്നെ ഇരുന്നോട്ടെ. എന്നെ ഇരയാക്കാൻ നോക്കേണ്ട...

ധാർമികരോഷത്തോടെ സേജൽ എഴുതി. വായിച്ച പലർക്കും തോന്നി ഇതു തങ്ങളുടെയും അഭിപ്രായമാണല്ലോ എന്ന്. തങ്ങളും ഇങ്ങനെ പറയേണ്ടതല്ലേ. ജീവിതത്തിൽ എത്രയോ തവണ അനാവശ്യ അഭിപ്രായങ്ങളുടെ ഇരകളായിട്ടുണ്ട്. അന്നൊന്നും ഇങ്ങനെ പറയാൻ തോന്നിയില്ലല്ലോ...

ദുഷിച്ച അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും സേജൽ എഴുതി. ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു ഇമോജിയും മറ്റും പോസ്റ്റ് ചെയ്തു മിണ്ടാതിരുന്നാൽ ഇത്തരക്കാർ വീണ്ടും അഭിപ്രായങ്ങളുമായി വരും.ജീവിതം അസഹനീയമായി മാറും.എന്തിന് ഇരകളായി നിന്നുകൊടുക്കണം. പലപ്പോഴും അഭിപ്രായങ്ങൾ നിർദോഷമായ ഫലിതങ്ങളുമല്ല. ദുഷിച്ച മനസ്സിന്റെ വൃത്തികേടുകളാണ് പ്രകടമാകുന്നത്. അവയെ നിലയ്ക്കുനിർത്തുകതന്നെ വേണം.അകന്ന ബന്ധുവിനു സേജൽ എഴുതി: നിങ്ങൾ പറഞ്ഞത് ഒരു തമാശയാണെന്നു കരുതുന്നുണ്ടെങ്കിൽ ദയവായി നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു. ഈ അഭിപ്രായം ഒരു തമാശയുടെ അടുത്തുപോലും വരുന്നില്ല.

ഒരു സ്ത്രീ വസ്ത്രം ധരിക്കുന്നത് ആരുടെയെങ്കിലും കണ്ണുകൾക്കു വിരുന്നാകാനല്ല. മറ്റുള്ളവരെ സന്തോഷിപ്പിക്കാനല്ല ശരീരഭാരം കുറയ്ക്കുന്നതും കൂട്ടുന്നതും. എങ്ങനെ നടക്കണമെന്നു തീരുമാനിക്കാനാവുന്നില്ലെങ്കിൽ എന്തിനു ജീവിക്കണം. എങ്ങോട്ടു നോക്കണമെന്നു പറയാൻ ആരാണ് അധികാരി. വ്യക്തിപരമായ കാര്യങ്ങൾ ഒരോരുത്തരുടെയും സ്വകാര്യതകളാണ്. അഭിപ്രായങ്ങളാൽ സ്വകാര്യതയിൽ കടന്നുകയറി വേദനിപ്പിക്കാതിരിക്കൂ..പ്ലീസ്