വംശീയമായി അധിക്ഷേപിച്ച യുവതിക്ക് യുവാവു കൊടുത്ത ചുട്ടമറുപടി

ജീവിതത്തിൽ ഇതുവരെ ഇത്ര നിന്ദ്യമായ വംശീയ ആക്രമണത്തിനു താൻ വിധേയനായിട്ടില്ലെന്നു പറയുന്നു ഷയാൻ എന്ന യുവാവ്.

വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ ലോകം ഒറ്റക്കെട്ടായി നിലപാടെടുക്കുമ്പോഴും ഒറ്റപ്പെട്ട കോണുകളിൽനിന്ന് വെറുപ്പിന്റെ ശബ്ദങ്ങൾ ഉയരുന്നു. അസഹിഷ്ണുതയുടെ ആക്രോശങ്ങൾ. സഹജീവികളെപ്പോലും വെറുപ്പോടെ കാണുന്ന ക്രൂരത. ഈയടുത്ത ദിവസം ലണ്ടൻ ട്യൂബ് യാത്രയ്ക്കിടെ ഒരു യുവതി നടത്തിയ വംശീയ പരാമർശങ്ങൾക്കെതിരെ ശാന്തനായി പ്രതികരിക്കുന്ന പാക്കിസ്ഥാനി യുവാവിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ തരംഗമായിരിക്കുന്നു. കറാച്ചി വാല എന്ന പേരിലുള്ള ഫെയ്സ്ബുക് പേജിലാണു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലണ്ടനിലെ ഭൂഗർഭ റെയിൽപാത ട്യൂബിലെ യാത്രയ്ക്കിടെയാണു സംഭവം. കുറച്ചു ചെറുപ്പക്കാർക്കു മധ്യത്തിലാണു ലണ്ടൻ സ്വദേശിയെന്നു കരുതപ്പെടുന്ന യുവതി ഇരിക്കുന്നത്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കംമുതൽ യുവതി അസ്വസ്ഥയാണെന്നു കാണാം. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ സഹയാത്രികരോടുള്ള അവരുടെ ശത്രുതാ മനോഭാവം വ്യക്തം.

വംശീയ പരാമർശങ്ങളാണു യുവതി നടത്തുന്നത്.അടുത്തിരിക്കുന്ന യുവാവാകട്ടെ ഒരു പാട്ടു പാടുന്നു.ഇതു യുവതിയെ പ്രകോപിപ്പിക്കുന്നു. യുവതിയുടെ പെരുമാറ്റം മറ്റു യാത്രക്കാരിൽ ചിരി ഉണർത്തുന്നുണ്ട്. ഇടയ്ക്ക് യുവതിയുടെ പരാമർശങ്ങൾ സഹിക്കാനാകാതെ യുവാവ് പാക്കിസ്ഥാനു സിന്ദാബാദ് വിളിക്കുന്നു.അതോടെ യുവതി പാക്കിസ്ഥാനികളെ മുഴുവൻ മോശമായ ഭാഷയിൽ അധിക്ഷേപിക്കുന്നു. സഹയാത്രികർ ചിരിക്കുക കൂടി ചെയ്യുന്നതോടെ യുവതി കൂടുതൽ ഉച്ചത്തിലും ശക്തിയിലും അസഭ്യപരാമർശങ്ങൾ തുടരുന്നു.

വീഡിയോ തരംഗമായിതിനെത്തുടർന്നു യുവതിയുടെ സഹയാത്രികനായ യുവാവിനെ മാധ്യമങ്ങൾ തേടിപ്പിടിച്ചു. ലണ്ടനിൽ ജോലിചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശിയാണയാൾ. ജീവിതത്തിൽ ഇതുവരെ ഇത്ര നിന്ദ്യമായ വംശീയ ആക്രമണത്തിനു താൻ വിധേയനായിട്ടില്ലെന്നു പറയുന്നു ഷയാൻ എന്ന യുവാവ്. ട്രെയിനിൽ കയറിയതുമുതൽ അവർ അസ്വസ്ഥയായിരുന്നത്രേ.

അവർക്കെതിരെ വന്ന ഒരു കറുത്തനിറക്കാരി സ്ത്രീയേയും യുവതി അധിക്ഷേപിച്ചു. അപമാനിതയായ സ്ത്രീയാകട്ടെ തിരിച്ചൊന്നും പറയാതെ നിശ്ശബ്ദയായി പരാമർശങ്ങൾ സഹിച്ചു. വിദേശികളെല്ലാം കൂടി എത്തി സ്വദേശികളുടെ അവസരങ്ങൾ കവർന്നെടുക്കുകയാണെന്നാണ് യുവതി ആവർത്തിച്ചുപറഞ്ഞുകൊണ്ടിരുന്നത്. ഒരുപക്ഷേ അതായിരിക്കാം അവരെ പ്രകോപിപ്പിച്ചതും. പാക്കിസ്ഥാനിൽനിന്നുൾപ്പെടെയുള്ളവർ പഠിക്കാനോ ജോലിക്കോ ആയി ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു വരരുതെന്നാണ് അവരുടെ ആവശ്യം.

എന്തെങ്കിലും കാരണത്താൽ അന്നേദിവസം ജോലി നഷ്ടപ്പെട്ടതായിരിക്കാം യുവതിയെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. പക്ഷേ, എന്തിന്റെ പേരിലായാലും വംശീയ പരാമർശങ്ങൾ എതിർക്കപ്പെടേണ്ടതാണ്. അത് ഇരകളാകുന്നവരിൽ സൃഷ്ടിക്കുന്ന മാനസികവേദനയ്ക്ക് അതിരുകളില്ല. ഒരു നിമിഷത്തേക്കോ ഒരു ദിവസത്തേക്കോ അല്ല ഒരു ജീവിതം മുഴുവൻ ഉണങ്ങാത്ത മുറിവായി വേട്ടയാടും നിന്ദ്യമായ പരാമർശങ്ങൾ.ഒരാളെ മുറിവേൽപിക്കുന്നതിലും ക്രൂരമാണത്. അങ്ങേയറ്റം മനുഷ്യത്വഹീനം.