അശ്ലീലചാറ്റ് നടത്തിയവരുടെ സ്ക്രീൻഷോട്ട് ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച് നടി ; ഞെട്ടിപ്പിക്കും ഈ വെളിപ്പെടുത്തൽ

രാജ്ശ്രീ ദേശ്പാണ്ഡെ.

അന്താരാഷ്ട്രവേദിയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു എന്നൊരു തെറ്റുമാത്രമേ അവർ ചെയ്തിട്ടുള്ളൂ. നിരവധി പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ സെക്സി ദുർഗ എന്ന ചിത്രത്തിൽ ദുർഗയായി വേഷമിട്ട രാജശ്രീ ദേശ്പാണ്ഡയെ കടുത്ത വിമർശനംകൊണ്ടാണ് സമൂഹമാധ്യമങ്ങൾ അധിക്ഷേപിക്കുന്നത്. അശ്ലീല ചിത്രം സഹിതം തനിക്കു ലഭിച്ച മോശം സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താൻ അനുഭവിക്കുന്ന ദുരിതം നടി പങ്കുവെച്ചത്.

ചിത്രത്തത്തിന്റെ സംവിധായകനായ സനൽകുമാർ ശശിധരൻ നടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടു പറഞ്ഞതിങ്ങനെ '' സ്വന്തം നാട്ടിൽ നിന്നു ചിത്രത്തിനു ലഭിച്ച അംഗീകാരം ഇങ്ങനെയൊക്കെയാണ്''. സെക്സി ദുർഗ എന്ന പേരാണ് ചിലരെ ചൊടിപ്പിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന നിലയിൽ ചിലരൊക്കെ ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. അതു സംബന്ധിച്ച ഫെയ്സ്ബുക്ക് കുറിപ്പും രാജശ്രീ പങ്കുവെച്ചിട്ടുണ്ട്.

രാജ്ശ്രീ ദേശ്പാണ്ഡെ പങ്കുവെച്ച സ്ക്രീൻഷോട്ട്.

എന്നാൽ ഇക്കുറി ലഭിച്ച സന്ദേശങ്ങൾ മാന്യതയുടെ എല്ലാ അതിരും ലംഘിക്കുന്നവയായിരുന്നെന്നും പൂർണ്ണനഗ്നയായി സൈക്കിളിലിരിക്കുന്ന യുവതിയുടെ ചിത്രം തന്റെ മുഖവുമായി മോർഫ് ചെയ്ത് അയക്കുകയും കേട്ടാലറയ്ക്കുന്ന വാക്കുകളുപയോഗിച്ച് അശ്ലീസന്ദേശമയക്കുകയും ചെയ്തുവെന്നും അതിന്റെ സ്ക്രീൻഷോട്ടാണ് പങ്കുവെയ്ക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് രാജശ്രീ ഫെയ്സ്ബുക്ക് പേജിൽ ആ സന്ദേശം പങ്കുവെച്ചത്.

'' ആ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ദുർഗയെ അവതരിപ്പിച്ചത് ഞാനാണ്. അതുകൊണ്ട് എന്നെ വെറുത്തുകൊള്ളൂ. ചിത്രത്തിന്റെ സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും മുഴുവൻ കഠിനാധ്വാനം ഈ ചിത്രത്തിനു പിന്നിലുണ്ട്''. - ദ്രോഹിക്കുന്നവർ ദയവായി ഇതും കൂടി മനസ്സിൽവെയ്ക്കണം എന്ന രീതിയിൽ വളരെ വൈകാരികമായാണ് രാജശ്രീ ഫെയ്സ്ബുക്ക് കുറിപ്പെഴുതിയിരിക്കുന്നത്.