''എനിക്ക് നിന്നെക്കുറിച്ച് ഒരു നോവലെഴുതാൻ തോന്നുന്നുണ്ട്'' ; മലാലയോട് പ്രിയങ്ക

പ്രിയങ്ക, മലാല.

''നിന്നെക്കുറിച്ച് ഒരു നോവലെഴുതാൻ പോന്നത്രയും കാര്യങ്ങൾ എനിക്കു പറയാനുണ്ടെന്ന ആമുഖത്തോടെയാണ് മലാലയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിശേഷങ്ങൾ പ്രിയങ്ക ചോപ്ര പങ്കുവെയ്ക്കുന്നത്. ഇത്രയും സ്മാർട്ടായ, മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന, തമാശക്കാരിയായ ചെറുപ്പക്കാരിയെക്കണ്ടതിനെക്കുറിച്ച് ഇപ്പോൾ വളരെ ചുരുക്കിപ്പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഈ ലോകമെമ്പാടുമുള്ള ഒരുപാട് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റോൾമോഡൽ നീയാണെന്ന് എനിക്കു നന്നായറിയാം. ഭാവിതലമുറയ്ക്കു ജീവിക്കാൻപറ്റുന്ന ഏറ്റവും നല്ല സ്ഥലമായി ഈ ലോകത്തെ മാറ്റാനാണ് നിന്റെ തലമുറയിലെ കുട്ടികളുടെ ശ്രമമെന്നും. നിന്നോടൊപ്പവും നിന്റെ അച്ഛൻ യൂസഫ്സായ്ക്കൊപ്പവും ( എല്ലായ്പ്പോഴും അദ്ദേഹം എന്റെ അച്ഛനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു) ചിലവഴിച്ച കുറച്ചു നിമിഷങ്ങളിൽ ഞാൻ മനസ്സിലാക്കി യുവത്വമുള്ള ഒരുപാടു സ്വപ്നങ്ങൾ കാണുന്ന പെൺകുട്ടിയാണ് നീയെന്ന്.

നിന്റെ തമാശകളും ഹിന്ദിസിനിമകളോടുള്ള ഇഷ്ടവും എല്ലാം കാണുമ്പോൾ ഞാനോർത്തത് എത്രവലിയ ഉത്തരവാദിത്തമാണ് ഈ ചെറിയ പ്രായത്തിൽ നീ ഏറ്റെടുത്തത് എന്നാണ്. എന്നെപ്പോലെ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് നീ നൽകുന്ന പ്രചോദനങ്ങളെക്കുറിച്ചോർക്കുമ്പോൾ എനിക്കഭിമാനം തോന്നുന്നുണ്ട്. സുഹൃത്തേ നമ്മുടെ ഹിന്ദി, ഉറുദു രഹസ്യഭാഷയിൽ സംസാരിക്കാൻ എനിക്കിനിയും കാത്തിരിക്കാൻ വയ്യ''.

പ്രിയങ്ക ചോപ്രയെ സന്ധിച്ച കാര്യം തനിക്കു വിശ്വസിക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞ് മലാല സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിരുന്നു. അതിനു പ്രതികരണവുമായി പ്രിയങ്കയുമെത്തിയിരുന്നു. ''നിന്നെക്കുറിച്ചു പറയാൻ വാക്കുകളില്ലെന്നും നിന്നെക്കണ്ടുവെന്ന് വിശ്വസിക്കാൻ എനിക്കു പറ്റുന്നില്ലെന്നും വിശാലഹൃദയമുള്ള പെൺകുട്ടിയാണ് നീയെന്നും ഈ ചെറിയ പ്രായത്തിൽ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ച നിന്നെയോർത്ത് അഭിമാനമുണ്ടെന്നുമായിരുന്നു'' പ്രിയങ്കയുടെ മറുപടി. തുടർന്ന് ഇൻസ്റ്റഗ്രാമിൽ മലാലലയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലാലയെക്കുറിച്ച് പ്രിയങ്ക നല്ലവാക്കുകൾ പങ്കുവെച്ചത്.