കല്യാണത്തിനു പോകുന്നതൊക്കെ കൊള്ളാം ഇതുപോലെ അബദ്ധം പറ്റാതെ സൂക്ഷിച്ചോ! ; വൈറൽ ചിത്രം കാണാം

ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

സ്വന്തം കല്യാണത്തിനു മാത്രമല്ല കൂട്ടുകാരുടെയും ബന്ധുക്കളുടെയും കല്യാണത്തിനു വരെ പുതിയ വസ്ത്രങ്ങൾ ധരിക്കണമെന്ന് ചിലർക്കു നിർബന്ധമുണ്ട്. അങ്ങനെയുള്ളവർ ഈ വാർത്ത തീർച്ചയായും വായിക്കണം. ഇങ്ങനെയൊരു അബദ്ധം നിങ്ങളുടെ ജീവിതത്തിലും സംഭവിക്കാതിരിക്കാൻ സ്വയം മുൻകരുതലെടുക്കുകയും ചെയ്യാം. ഓസ്ട്രേലിയയിൽ നടന്ന രസകരമായ സംഭവത്തെക്കുറിച്ച് ലോകമറിഞ്ഞത് ഒരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്.

ഡെബ്ബി സ്‌പെരാന്‍സ എന്ന യുവതിയാണ് അബദ്ധത്തിന്റെ കഥ ഒരു ചിത്രത്തിനൊപ്പം പങ്കുവെച്ചത്. വിവാഹത്തിൽ അതിഥിയായിപ്പോകുമ്പോൾ എല്ലാക്കണ്ണുകളും തന്നിലേക്കാവണമെന്ന ലക്ഷ്യത്തോടെയാണ് ഓരോ സ്ത്രീകളും ഉടുത്തൊരുങ്ങുക. എന്നാൽ അങ്ങനെയൊരുങ്ങിയെത്തിയ ഡെബ്ബി കല്യാണസ്ഥലത്തെത്തിയപ്പോൾ ഞെട്ടിപ്പോയി. അവിടെ അവരുടെ അതേ വസ്ത്രമണിഞ്ഞ് മറ്റ് അഞ്ചു സ്ത്രീകൾ കൂടി ഉണ്ടായിരുന്നു. എന്തിനു കൂടുതൽ പറയണം. വധുവിനേക്കാൾ ആളുകൾ ശ്രദ്ധിച്ചത് ആ ആറു സ്ത്രീകളെയാണ്. കാര്യങ്ങൾ അവിടംകൊണ്ടും തീർന്നില്ല. വധുവിനൊപ്പം അവരെക്കൂടെ നിർത്തി ചിത്രങ്ങൾ പകർത്തിയിട്ടേ ഫൊട്ടോഗ്രാഫേഴ്സിനു മതിയായുള്ളൂ.

ഇതൊരു കോ–ഇൻസിഡൻസ് ആണെന്നു വിശ്വസിക്കാൻ ഇപ്പോഴും പല അതിഥികൾക്കും ബുദ്ധിമുട്ടുണ്ട്. അവർക്കുവേണ്ടിക്കൂടിയാണ് ഡെബ്ബി ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഞങ്ങൾ ബ്രൈഡ്മെയ്ഡ്സ് അല്ല എന്നടിക്കുറിപ്പോടെയാണ് ഡെബ്ബി ചിത്രങ്ങൾ പങ്കുവെച്ചത്. ടെക്സ്റ്റെയ്ൽസ് ഷോപ്പുകൾ ഇനിമുതൽ ഒരു ബ്രൈഡൽ രജിസ്റ്റർ സൂക്ഷിക്കണമെന്നും അങ്ങനെയാണെങ്കിൽ ഒരേ കല്യാണത്തിനു പോകുന്നവർ ഒരേ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാൻ കഴിയും എന്ന നിർദേശവും വെച്ചുകൊണ്ടാണ് അവർ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്ത്രീകൾക്കു പറ്റിയ അബദ്ധത്തിന്റെ കഥ സമൂഹമാധ്യമങ്ങൾ നന്നായി ആഘോഷിക്കുന്നുണ്ട്. നിരവധി ലൈക്കുകളും ഷെയറുകളുമായി സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രങ്ങൾ.