ഈ വരികളിൽ അശ്ലീലം കാണുന്നവർ ഇതുവരെ എവിടെയായിരുന്നു?

ജലിഷ ഉസ്മാൻ. ചിത്രത്തിന് കടപ്പാട് ഫെയ്സ്ബുക്ക്.

ഇത്രയും കാലം  ജീവിക്കാൻ അനുവദിച്ചതിന് ഭൂമിയിൽ പിറന്ന ഓരോ പെൺകുട്ടികളും  ആരോടൊക്കെയാണ് നന്ദി പറയേണ്ടത്? എന്ന ചോദ്യത്തോടെയെത്തിയ കവിതയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. കവിതയിലെ വരികൾ അശ്ലീലമാണെന്നും ഭാഷാശുദ്ധിവേണമെന്നുമൊക്കെയാണ് ദോഷൈകദൃക്കുകളുടെ കണ്ടുപിടുത്തങ്ങൾ. കൊല്ലത്ത് ഏഴുവയസ്സുകാരിയെ ബന്ധു പീഡിപ്പിച്ചു കൊന്ന വാർത്ത വായിച്ച് നെഞ്ചുരുകിയാണ് ജലിഷ ഉസ്മാൻ എന്ന യുവതി കവിതയെഴുതിയത്.

ഒരമ്മയാവാൻ തയാറെടുക്കുന്ന തനിക്കും ആശയങ്കയുണ്ടെന്നും പിറക്കുന്നത് പെൺകുഞ്ഞാണെങ്കിൽ എങ്ങനെ ഈ നെറികെട്ട ലോകത്ത് അവളെ സംരക്ഷിക്കുമെന്നുമുള്ള വ്യാകുലതയോടെയാണ് നെഞ്ചുപൊള്ളിക്കുന്ന വരികളെഴുതി ജലിഷ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒന്നുമറിയാത്ത നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കാമക്കഴുകന്മാർ കൊത്തിപ്പറിക്കുന്ന ഈ കാലത്ത് ഈ വരികൾ വിരൽ ചൂണ്ടുന്നത് സമൂഹത്തിന്റെ കപടസദാചാരബോധങ്ങൾക്കു നേരെക്കൂടിയാണ്.

സംരക്ഷിക്കേണ്ടപ്പെടേണ്ടവരാൽത്തന്നെ പിച്ചിച്ചീന്താൻ വിധിക്കപ്പെട്ട പാവം പെണ്ണുടലുകൾ സമൂഹത്തോട് ചോദിക്കാൻ കാത്തുവെച്ച ചോദ്യങ്ങളാണിവ. തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രായമാകും മുമ്പേ ചൂഷണം ചെയ്യപ്പെട്ട നിസ്സഹായരായ പെൺകുട്ടികളുടെ പേടിച്ചരണ്ട കണ്ണുകളാണ് ഈ വരികളിലൂടെ സമൂഹത്തെ തുറിച്ചു നോക്കുന്നത്. സ്വന്തം ശരീരത്തെക്കുറിച്ചു തിരിച്ചറിയും മുമ്പേ അതു ദുരുപയോഗം ചെയ്യപ്പെടുക എന്നത് എത്ര നിസ്സാഹമായ അവസ്ഥയാണ്. ഒക്കെ തിരിച്ചറിയുന്ന പ്രായമാകുമ്പോൾ ആരോതെറ്റു ചെയ്ത തന്റെ ശരീരത്തെ പാപഭാരത്തോടെയല്ലാതെ നോക്കാൻകഴിയാത്ത എത്രയോ പെൺകുട്ടികളുണ്ടാവും ഈ സമൂഹത്തിൽ.

നാണക്കേടു ഭയന്ന് അവരൊക്കെ നിശ്ശബ്ദരാകുമ്പോൾ കാമക്കഴുകന്മാർ പുതിയ ഉടലുകൾ തേടി പിഞ്ചുകുഞ്ഞുങ്ങളെ വട്ടമിട്ടു പറക്കുന്നുണ്ടാവും. ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ നിശ്ശബ്ദരാവുന്നവർ എന്തുകൊണ്ട് അതിനെതിരെ പ്രതികരണങ്ങളുണ്ടാവുമ്പോൾ അതിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നു? ഒരു സ്ത്രീയുടെ നൊമ്പരം നിറഞ്ഞ വാക്കുകളിൽ അശ്ലീലം മാത്രം കാണാൻ എന്താണു നിങ്ങളെ പ്രേരിപ്പിക്കുന്നത്? ഇനിയും മനസ്സിലാകാത്തവർ പീഡിക്കപ്പെട്ട പെൺകുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖങ്ങളൊന്നു മനസ്സിൽ ഓർത്തു നോക്കൂ... ശേഷം ഓരോ വരികളിലൂടെയും ഒന്നുകൂടി കണ്ണോടിക്കൂ... നെഞ്ചുവിങ്ങുന്ന നോവിനപ്പുറം ഒരശ്ലീലതയും നിങ്ങൾക്കിതിൽ കാണാനാവില്ലയെന്നാണ് ഈ കവിതയെ അനുകൂലിക്കുന്നവർ പറയുന്നത്.