''ഐശ്വര്യയെ ഒറ്റക്കു കാണണമെന്ന് അയാൾ ആവശ്യപ്പെട്ടു''; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഐശ്വര്യ റായ്, ഹാർവി

ഭാഗ്യം കൊണ്ടാണ്  ഹാർവിയിൽ നിന്ന് ഐശ്വര്യയ്ക്ക് രക്ഷപെടാനായത്. പറയുന്നത് ഐശ്വര്യ റായിയുടെ മുൻ ടാലന്റ് മാനേജർ  സിമോൺ ഷെഫീൽഡ്. ഹോളിവുഡ് നിർമാതാവും സ്റ്റുഡിയോ ഉടമയുമായ ഹാർവി വിൻസ്റ്റണെതിരെ ലൈംഗിക അപവാദക്കേസുമായി പ്രശ്സ്ത നടികൾ മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് സിമോണിന്റെ വെളിപ്പെടുത്തൽ.

കാൻ ഫിലിംഫെസ്റ്റിവെലിൽ വെച്ച് അഭിഷേക് ബച്ചനുമായും ഐശ്വര്യറായിയുമായും ഹാർവി സൗഹൃദമുണ്ടാക്കിയെടുത്തുവെന്നും ശേഷം ഐശ്വര്യയുമായി ഒറ്റയ്ക്കൊരു മീറ്റിങ് തരമാക്കാൻ മാനേജരായ തന്നെ ഹാർവി നിർബന്ധിച്ചിരുന്നുവെന്നും താൻ അതിനു തയാറാകാതെ വന്നപ്പോൾ ജോലിയിൽ നിന്നു പുറത്താക്കുമെന്ന് ഭീഷണിമുഴക്കിയെന്നും അവർ പറയുന്നു.

ആക്രമണകാരിയോയ ഒരു പന്നിയെപ്പോലെയായിരുന്നു ഹാർവിയുടെ പെരുമാറ്റമെന്നും ഐശ്വര്യയെ ഒറ്റയ്ക്കുകാണാൻ സൗകര്യം തരപ്പെടുത്താത്തിനെത്തുടർന്ന് ഹാര്‍വിയുമായുണ്ടായ വാഗ്വാദം പ്രസിദ്ധീകരിക്കാൻ പറ്റാത്തത്ര മോശമായിരുന്നുവെന്നും  അയാളുടെ ശ്വാസം പോലും ഐശ്വര്യയുടെ മേൽ പതിക്കാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നുവെന്നും അവർ പറയുന്നു.

ഹോളിവുഡിൽ പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിച്ച ലൈെഗിക അപവാദക്കേസിങ്ങനെ:-

നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ പരാതിയുമായി ആ‍​ഞ്ജലീന ജോളിയും ഗിനത്ത് പാൾട്രൊയും ഉൾപ്പെടെയുള്ള നടിമാരാണ് രംഗത്തെത്തിയത്. ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ ലൈംഗികാപവാദക്കേസിൽ അന്വേഷണം പഴയ കേസുകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. ആ‍​ഞ്ജലീന ജോളിയും ഗിനത്ത് പാൾട്രൊയും ഉൾപ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതോടെ, വെയ്ൻസ്റ്റെയ്ൻ ഉൾപ്പെട്ട പഴയ പീഡനക്കേസുകളെക്കുറിച്ചും ന്യൂയോർക്ക് പൊലീസ് വിശദമായി അന്വേഷിക്കും. 

ലിയ സെയ്ദു, റോസ് മഗവൻ, ആസിയ അർജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്‌ലി ജൂഡ്, കാറ ഡെലവിൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ് തുടങ്ങി ഒട്ടേറെപ്പേർ ലൈംഗികപീഡനത്തിനിരയായതായി വെളിപ്പെടുത്തിക്കഴിഞ്ഞു. ആരോപണങ്ങളെല്ലാം വെയ്ൻസ്റ്റെയ്ൻ നിഷേധിക്കുകയാണ്. സ്ത്രീകളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടില്ലെന്നാണു നിലപാട്. 

ഇറ്റാലിയൻ മോഡൽ ആംബ്ര ഗുറ്റിയെറസിന്റെ പരാതിയിൽ 2015ൽ നിർമാതാവിനെതിരെ അന്വേഷണം നടന്നെങ്കിലും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെടുത്തിയ ‌നടി റോസ് മഗവൻ, വെയ്ൻസ്റ്റെയ്നെ ട്വിറ്ററിൽ വിമർശിച്ചതിനു പിന്നാലെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കപ്പെട്ടതു കഴിഞ്ഞ ദിവസം ചർച്ചയായി. നിർമാതാവിനെതിരെ ആരോപണമുന്നയിച്ച നടിമാർക്കു പിന്തുണയറിയിച്ചു ടോം ഹാങ്ക്സ്, റ്യാൻ ഗോസ്‌ലിങ്, ‍ജോർജ് ക്ലൂണി, മാർക് റഫലോ, മെറില് സട്രീപ്, ഗ്ലെൻ ക്ലോസ്, ജൂഡിത് ഡെഞ്ച് തുടങ്ങിയ ഹോളിവുഡ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

അമേരിക്കൻ ചലച്ചിത്ര നിർമാതാവ്. ബോക്സ് ഓഫിസിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഷെയ്ക്സ്പിയർ ഇൻ ലവും പൾപ് ഫിക്‌ഷനും ഉൾപ്പെടെ സിനിമകൾ നിർമിച്ചു. മിറാമാക്സ് എന്ന ബാനറിലാണു വെയ്ൻസ്റ്റെയ്ൻ സിനിമകളിറക്കുന്നത്. ഓസ്കർ പുരസ്കാരം നേടിയ വിഖ്യാത സംവിധായകൻ ക്വെന്റൈൻ ടറാന്റിനോയുടെ ഒട്ടുമിക്ക സിനിമകളും നിർമിച്ചത് വെയ്ൻസ്റ്റെയ്നാണ്.

മിറാമാക്സിലൂടെ ഇറങ്ങിയ ചിത്രങ്ങൾക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്കർ നാമനിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സഹോദരൻ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ കമ്പനിയുടെ സഹഅധ്യക്ഷ സ്ഥാനത്തുനിന്ന് ഹാർവി വെയ്ൻസ്റ്റെയ്നെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഭാര്യ ജോർജിയന ചാപ്‌മാൻ വിവാഹമോചനത്തിനൊരുങ്ങുകയാണെന്നു റിപ്പോർട്ടുകൾ.