എനിക്കു പകരം മറ്റൊരാളെ തേടിപ്പാകാൻ അനുവദിക്കില്ലെന്ന് അന്ന് മനസ്സിലുറപ്പിച്ചു ; പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര.

എനിക്കന്ന് 18–19 വയസ്സ് പ്രായം. എന്റെ കരിയറിന്റെ തുടക്കം. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യാറായില്ലെങ്കിൽ, നിബന്ധനകളെല്ലാം അംഗീകരിച്ചില്ലെങ്കിൽ എനിക്കു പകരം മറ്റൊരാളെ ജോലിക്കെടുക്കുമെന്ന് സംവിധായകൻ പറഞ്ഞു. ബോളിവുഡിൽ പെൺകുട്ടികൾ ആരും അനിവാര്യരല്ല. ഒരാൾക്കു പകരം മറ്റൊരാൾ. പകരം മറ്റൊരാളെ തേടിപ്പോകാനാകാത്ത രീതിയിൽ അനിവാര്യയായി മാറണമെന്ന് അന്നു ഞാൻ തീരുമാനിച്ചു.

പറയുന്നതു ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. വെറൈറ്റി മാഗസിൽ ലോകത്തെ ശക്തരായ വനിതകളെ ആദരിക്കാൻ സംഘടിപ്പിച്ച വാർഷികച്ചടങ്ങിൽ അപൂർവ ആദരം ഏറ്റുവാങ്ങിക്കൊണ്ടാണ് കരിയറിന്റെ തുടക്കത്തിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചു പ്രിയങ്ക പറഞ്ഞത്.

ലോകത്തെ പ്രഗത്ഭരും പ്രതിഭാശാലികളുമായ ഒരുകൂട്ടം വനിതകൾക്കൊപ്പമാണു പ്രിയങ്ക ബഹുമതി ഏറ്റുവാങ്ങിയത്. വെറൈറ്റി മാഗസിന്റെ മുഖചിത്രമായതിനു പിന്നാലെയാണ് യൂനിസെഫിന്റെ ആഗോള ഗുഡ്‍വിൽ അംബാസഡർ എന്ന നിലയിൽ കുട്ടികൾക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പ്രിയങ്ക ആദരിക്കപ്പെട്ടത്. ബെവേർലി ഹിൽസിൽ വെള്ളിയാഴ്ചയായിരുന്നു ചടങ്ങ്.

നൻമയിലും സ്നേഹത്തിലുമധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടത്തിയവരെയാണ് ആകർഷകമായ ചടങ്ങിൽ വെറൈറ്റി ആദരിച്ചത്. തങ്ങളുടെ പ്രവർത്തനമേഖലകൾക്കപ്പുറം ലോകത്തിനുവേണ്ടി ചെയ്ത സേവനങ്ങൾ. പ്രചരിപ്പിച്ച ആശയങ്ങൾ. പ്രചോദനത്തിന്റെ സന്ദേശങ്ങൾ. അവർ ലോകത്തിന്റെ ആദരം അർഹിക്കുന്നു. പ്രയാസമേറിയ വഴികളിലൂടെ മുന്നോട്ടുപോകുമ്പോഴും സഹജീവികളെ മറക്കാത്ത, ജീവിക്കുന്ന ലോകത്തെ പരിഗണിക്കുന്ന സൻമനസ്സിനുള്ള അംഗീകാരം.

നിങ്ങളുടെ പ്രവർത്തനങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നു. മറ്റനേകം നിസ്വാർഥരായ മനുഷ്യരെയും ഈ അവസരത്തിൽ ഞാൻ ഓർമിക്കുന്നു. എവിടെയൊക്കെ നൻമയുടെ സന്ദേശം എത്തിക്കാൻ കഴിയുമോ അവിടെയൊക്കെ എത്തുകയും സ്നേഹം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ: വെട്ടിത്തിളങ്ങുന്ന വേദിയിൽ ആദരമേറ്റുവാങ്ങിയ പ്രതിഭകളെ നോക്കി പ്രിയങ്ക പറഞ്ഞു.

തന്റെ തട്ടകമായ ബോളിവുഡിൽ ആദ്യകാലത്ത് അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും പ്രിയങ്ക തന്റെ നന്ദി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് ഞാൻ ഇന്നു വേദി പങ്കിടുന്നത്. സ്ത്രീ ശക്തി അനിഷേധ്യമാണെന്ന എന്റെ വിശ്വാസം ഒരിക്കൽക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു.

ശരിയായ കാര്യങ്ങൾക്കുവേണ്ടി ഉറച്ചുനിന്നു പോരാടുന്നവരോടൊപ്പം ഇതാ ഞാനുമുണ്ട്. സ്ത്രീകളെ അവരായിത്തന്നെ അംഗീകരിച്ചതിന്, മനസ്സിലാക്കിയതിന്, ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവരെ ഓർമിപ്പിച്ചതിന് വെറൈറ്റിക്കു നന്ദി. ഈ വേദിയിൽ ഞങ്ങളെ ആദരിക്കാൻ എത്തിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു: കരഘോഷങ്ങൾക്കിടെ പ്രിയങ്ക പറഞ്ഞു. സമൂഹത്തിനുവേണ്ടി സേവനപ്രവർത്തനങ്ങൾ ചെയ്യുന്നത് അവകാശമല്ല കടയമാണെന്നു താൻ പഠിക്കുന്നത് വീട്ടിൽനിന്നാണെന്നും പ്രിയങ്ക പറഞ്ഞു.എല്ലാം സ്വീകരിക്കുക മാത്രമല്ല കൊടുക്കാനും കഴിയുമ്പോഴാണു ജീവിതം സഫലമാകുന്നത്. 

ലോകമെമ്പാടുമുള്ള കുട്ടികൾക്കായി യൂനിസെഫ് ആഗോള ഗുഡ്‍വിൽ അംബാസഡറായി പ്രവർത്തിക്കുന്ന ബോളിവുഡിന്റെ പ്രിയങ്കരി ഒരിക്കൽക്കൂടി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പ്രിയങ്കയുടെ പേരിൽ അഭിമാനിക്കാം; ഇന്ത്യയ്ക്കും.