29 വർഷം മുമ്പെഴുതി കടലിലെറിഞ്ഞ സന്ദേശം യുവതിയെ തേടിയെത്തി

പ്രതീകാത്മക ചിത്രം.

എട്ടു വയസ്സുള്ളപ്പോൾ എഴുതി കടലിലിട്ട സന്ദേശം 29 വർഷത്തിനുശേഷം ഉടമസ്ഥയെ തേടിയെത്തിയാലെങ്ങനെയുണ്ടാവും? ഇതൊക്കെയും സംഭവിച്ചത് സമൂഹമാധ്യമങ്ങളുടെ ഇടപെടലുകളെത്തുടർന്നാണെങ്കിലോ? അങ്ങനെയൊരു കഥയാണ് മിറാൻഡയ്ക്കു പറയാനുള്ളത്. 1988 ഒക്ടോബർ 26 നാണ് എട്ടുവയസ്സുകാരിയായ മിറാൻഡ ഒരു കത്തെഴുതി അതു കുപ്പിക്കുള്ളിലാക്കി എഡിസ്റ്റോ ബീച്ചിലേക്ക് വലിച്ചെറിഞ്ഞത്.

29 വർഷങ്ങൾക്കുശേഷം ജോർജിയയിലെ സപെലോ ഐലന്റിലെ ബീച്ച് വൃത്തിയാക്കാനെത്തിയ ദമ്പതികൾക്കാണ് ആ സന്ദേശം കിട്ടിയത്. സന്ദേശത്തിൽ അതെഴുതിയ ആളുടെ മേൽവിലാസവും ഫോൺനമ്പറും ഉണ്ടായിരുന്നു. ദമ്പതികൾ സന്ദേശത്തിൽക്കണ്ട നമ്പരിൽ വിളിച്ചുനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയാണ് അവർ കത്തിന്റെ ചിത്രമുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയം മിറാൻഡയും അറിഞ്ഞു. അങ്ങനെ 29 വർഷത്തിനുശേഷം ഉടമസ്ഥയുടെ കൈകളിലേക്ക് തിരിച്ചെത്താൻ ആ കത്തിനു കഴിഞ്ഞു. ചെറുതും വലുതുമായ ഇത്തരം ഒത്തിരി സംഭവങ്ങൾ ലോകത്തു നടക്കുന്നുണ്ടെന്നും. ലോകത്തെവിടെയുമുള്ള ആളുകളെ നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്താൻ കഴിയുന്നത് ഭാഗ്യമാണെന്നുമാണ് മിറാൻഡയുൾപ്പെടെയുള്ള ആളുകളുടെ പ്രതികരണം.