മുടിയുടെ നീളം നിർണയിക്കുന്ന മലയാളി സ്ത്രീത്വം എന്ന മണ്ടൻ ആശയത്തിൽ വിശ്വാസമില്ല: ഗായിക സിതാര

സിതാര കൃഷ്ണകുമാർ. ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്.

മുട്ടോളം  മുടിയും വാലിട്ടെഴുതിയ കണ്ണുകളും അടക്കവും ഒതുക്കവുമുള്ള സ്വഭാവവുമാണ് മലയാളി സ്ത്രീകളെക്കുറിച്ചുള്ള പൊതുസങ്കൽപ്പം. പെൺകുട്ടികൾ മുടി മുറിച്ചാൽ അതിനെ അഹങ്കാരം എന്നു വിശേഷിപ്പിക്കുന്ന പഴമക്കാർ പോലുമുണ്ടായിരുന്നു. എന്നാൽ ഇന്ന് പെൺകുട്ടികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് മാറ്റം വന്നിട്ടുണ്ട്. മുടി വളർത്തുന്നതും മുറിയ്ക്കുന്നതുമൊക്കെ പെൺകുട്ടികളുടെയിഷ്ടം എന്ന മട്ടും വന്നിട്ടുണ്ട്.

എങ്കിലും സെലിബ്രിറ്റികൾക്ക് ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾക്കുപോലും ആരാധകരോടു മറുപടി പറയേണ്ടതായ ഒരു കാലഘട്ടമാണിത്. അതുകൊണ്ടു തന്നെയാണ് ഗായികയായ സിതാര കൃഷ്ണകുമാർ തനിക്കു പറയാനുള്ള കാര്യങ്ങൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്.

സിതാര പാടിയഭിനയിച്ച 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്ന ഗാനത്തെക്കുറിച്ച് തത്സമയം ആരാധകരോടു സംവദിക്കാനെത്തിയപ്പോഴാണ് മുടിമുറിച്ചതിനെക്കുറിച്ച് ആരാധകർ സിതാരയോട് അന്വേഷിച്ചത്. അതിനു താരം നൽകിയ മറുപടിയിങ്ങനെ:

തികച്ചും വ്യക്തിപരമായ ഒരു വിശ്വാസത്തിൻറെ പേരിൽ, ഒരു പ്രിയ സുഹൃത്തിനു വേണ്ടി ചെയ്തതാണീ രൂപമാറ്റം. കാരണം എന്തോ ആവട്ടെ, മുടിയുടെ നീളം, തൊലിയുടെ നിറം, ശബ്ദത്തിന്റെ കനം മുതലായവ നിർവചിക്കുന്ന, നിർണയിക്കുന്ന മലയാളി സ്ത്രീത്വം എന്ന മണ്ടൻ ആശയത്തിൽ വിശ്വാസം തെല്ലുമില്ല, അത് പറയുന്നവരോട് സ്വൽപം അസ്വസ്ഥതയും തോന്നുന്നു. ഒരു നിമിഷാർദ്ധം കൊണ്ട് മാറിയേക്കാവുന്നതല്ലേ നമ്മൾ പരിചയിച്ച സ്വയംരൂപങ്ങൾ?

മുറിച്ച മുടിയെ കുറിച്ച് പറയും നേരം നമുക്ക്, മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ച് മിണ്ടാം. വാടിപ്പോയ നിറത്തെക്കുറിച്ച് പറയുന്നതിനു പകരം ഇരുണ്ടുപോയ നദികളെ കുറിച്ച് പറയാം. ആകാശത്തെ പറ്റി, ഭൂമിയെ പറ്റി, വിശക്കുന്ന കുഞ്ഞുങ്ങളെ പറ്റി, യുദ്ധങ്ങളെപറ്റി, വന്നേക്കാവുന്ന സമാധാനത്തെ പറ്റി, സൗഹൃദത്തെ പറ്റി, മനുഷ്യരെപ്പറ്റി, പാട്ടുകളെ പറ്റി അങ്ങനെ അങ്ങനെ എന്തെല്ലാം പറയാം! വാക്കുകൾ കൊണ്ട് പരസ്പരം വേദനിപ്പിക്കാതെ നമുക്ക് സംസാരിച്ച് തെളിച്ചം കണ്ടെത്താം.