''ആ മനുഷ്യനിൽ നിന്ന് അകന്നിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു'' ; പി.വി സിന്ധു

പി.വി സിന്ധു.

ആദ്യമായി ഫുട്ബോൾ ഗ്രൗണ്ടിലെത്തി പന്ത് അടിച്ച നിമിഷം ഞാൻ ഇപ്പോഴും ഓർമിക്കുന്നു. ഒരു ശബ്ദം ഞാൻ കേട്ടു: ആ പന്ത് അവിടെ ഇട്ടേക്കൂ. ഇപ്പോൾ. ഈ നിമിഷം തന്നെ.

ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഞാൻ ഗ്രൗണ്ടിനു ചുറ്റും ഓടുകയായിരുന്നു. അടുത്ത മുക്കാൽ മണിക്കൂറും പന്തിൽ ഒന്നു തൊടാൻപോലും പറ്റാതെ വെറുതെ ഓടുക മാത്രം. ഏതാനും ആഴ്ചകൾ കഴിഞ്ഞു. സ്ഥിതിഗതിയിൽ വലിയ മാറ്റമൊന്നുമില്ല. ഒടുവിൽ പന്ത് അടിക്കാൻ അവസരം കിട്ടിയപ്പോൾ അങ്ങനെയല്ല പന്ത് അടിച്ചകറ്റേണ്ടത് എന്ന് ഉപദേശവും. അങ്ങനെ പന്തടിച്ചാൽ ജീവിതത്തിലൊരിക്കലും ഞാൻ നന്നാകില്ലെന്നും.

സുഹൃത്തുക്കളേ, അതായിരുന്നു എന്റെ പരിശീലകൻ. അകന്നിരിക്കാൻ ഞാൻ ആഗ്രഹിച്ച മനുഷ്യൻ. അയോളോടു ദേഷ്യപ്പെടണം എന്നു ഞാൻ ആഗ്രഹിച്ചു. കയർക്കണമെന്ന് ആഗ്രഹിച്ചു. എനിക്കു നിങ്ങളെ എത്രമാത്രം വെറുപ്പാണെന്നു പറയണം എന്നു തീവ്രമായി മോഹിച്ചു....

അതേ, മികച്ച പരിശീലകൻ നിങ്ങളുടെ സുഹൃത്താകില്ല. അവർ നിങ്ങളുടെ ദുസ്വപ്നമായിരിക്കും. ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ ചെയ്യുന്നതെല്ലാം ചോദ്യം ചെയ്ത് അവർ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഒരു ശല്യമായി. വെറുപ്പായി. അവരുടെ ജോലി നിങ്ങളെ ചിരിപ്പിക്കുകയല്ല മറിച്ച് കരുത്ത് പുറത്തെടുക്കുക.

നിങ്ങളെ യോദ്ധാവാക്കി മാറ്റുക. പോരാളിയാക്കുക. യഥാർഥ ചാംപ്യനാക്കുക. അതിനാണവർ കഠിനമായി പെരുമാറുന്നത്. അവർക്കു നിങ്ങളിൽ വിശ്വാസമുണ്ട്. അതുകൊണ്ടാണു പ്രേരിപ്പിക്കുന്നത്. നിങ്ങൾ തോൽക്കാൻ അവർ ആഹ്രഹിക്കുന്നില്ല. എത്രതവണ അവർ നിങ്ങളോടു ദേഷ്യപ്പെട്ടിരിക്കും. സമാധാനം നഷ്ടപ്പെടുത്തിയിരിക്കും. അവരല്ലേ യഥാർഥ ഗുരുനാഥൻമാർ. 

ലോക നാലാം നമ്പർ ബാഡ്മിന്റൺ താരം, ഇന്ത്യയുടെ അഭിമാനം പി.വി.സിന്ധുവാണു പറയുന്നത്. ജീവിതത്തിനു ദിശ കാണിച്ച പരിശീലകനെക്കുറിച്ച്. സിന്ധുവിനെ ഇന്ത്യ അറിയുന്നതുപോലെതന്നെ അവരുടെ പരിശീലകനെയും അറിയും: പുല്ലേല ഗോപിചന്ദ്. ഒരു സാധാരണ കായികതാരത്തിൽനിന്ന് ലോകതാരമായി സിന്ധുവിനെ മാറ്റിയ കർക്കശക്കാരനായ പരിശീലകൻ.

കളത്തിലും പുറത്തും കടുത്ത വാക്കുകൾ ഉപയോഗിച്ചും എപ്പോഴും കൂടുതൽ നേട്ടം കൊയ്യാൻ പ്രേരിപ്പിച്ചും സിന്ധുവിനു തന്നെ തലവേദനയായി മാറിയ മനുഷ്യൻ. മൊബൈൽ ഫോണിൽ സംസാരിക്കുന്നതു വിലക്കിയും ഇഷ്ടപ്പെട്ട ഐസ് ക്രീം കഴിക്കാൻ അനുവാദം കൊടുക്കാതെയും ദ്രോഹിച്ച മനുഷ്യൻ. എല്ലാ വിജയങ്ങൾക്കും കാരണക്കാരനായ പുല്ലേല ഗോപിചന്ദിന് ആദരമർപ്പിക്കുകയാണ് പിവി സിന്ധു: അധ്യാപക ദിനത്തിൽ ഒരു വീഡിയോയിലൂടെ. 

ഗോപിചന്ദിനുള്ള സിന്ധുവിന്റെ ആദരവു മാത്രമല്ല നവമാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന വീഡിയോയിൽ. കർക്കശമായി പെരുമാറിയും ഉയരങ്ങൾ കീഴടക്കാൻ പ്രേരിപ്പിച്ചും ശിഷ്യരുടെ ഉറക്കം കെടുത്തിയ എല്ലാ നല്ല പരിശീലകർക്കുമുള്ള അവരുടെ പ്രിയ ശിഷ്യരുടെ പ്രണാമം. വെറുക്കാൻ ആഗ്രഹിച്ചെങ്കിലും സ്നേഹിച്ചുപോയ ഗുരുനാഥൻമാർക്ക്. അകന്നിരിക്കാൻ ആഗ്രഹിച്ചെങ്കിലും എപ്പോഴും അടുത്തിരുന്ന് വിജയമന്ത്രം കഠിനാധ്വാനം മാത്രമാണെന്നു മന്ത്രിച്ചവർക്ക്. വിജയത്തിലേക്കുള്ള വഴിയിൽ ത്യാഗങ്ങൾ വേണ്ടിവരുമെന്ന് ഓർമിപ്പിച്ചവർക്ക്. 

പുറമെയുള്ള കാർക്കശ്യം നാളെകളിലെ വിജയത്തിനുവേണ്ടിയാണെന്നു തെളിയിച്ചവർക്ക്.

പ്രണമിക്കാം ഗോപിചന്ദിനെ.... ഗുരുവിനെ മറക്കാതിരുന്ന സിന്ധുവിനെയും.