Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഞാൻ ഒപ്പമുണ്ട്..നിങ്ങളുടെ ഇടയിൽനിന്ന് കാണാതായ അവസാനത്തെ ആളെയും കണ്ടെത്തും വരെ''

nirmala-sitaraman-2 നിർമല സീതാരാമൻ.

വിഴിഞ്ഞം സെന്റ് മേരീസ് പഴയപ‍ള്ളിയിൽ മൽസ്യത്തൊഴിലാളികളുടെ ഇടയിലേക്കു തൊഴുകൈകളോടെ എത്തുമ്പോൾ കേന്ദ്ര പ്രതിരോധവകുപ്പു മന്ത്രിയുടെ ഗൗരവമോ കരുത്തോ പദവിയോ ആയിരുന്നില്ല കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ മുഖത്ത്. പകരം, വീടു കാക്കാൻ പുറപ്പെട്ടൊരാൾ നിശ്ചിത സമയത്തു തിരിച്ചുവരാതിരിക്കുമ്പോൾ കുടുംബത്തിൽ പ്രകടമാകുന്ന വേദന. ആശങ്ക. ഉള്ളുപൊള്ളിച്ച വേദന വാക്കുകളായി ഒഴുകിയത് ഇംഗ്ലിഷിലോ ഹിന്ദിയിലോ സഹായികൾ പഠിപ്പിച്ചുകൊടുത്ത കുറച്ചു മലയാളം വാക്കുകളിലോ അല്ല. സ്വന്തം ഭാഷയായ തമിഴിൽ. 

"ദയവായി കോപപ്പെടാതിങ്കൊ...പ്ലീസ്.." 

പറയുന്നതു കേന്ദ്രമന്ത്രി. ഉറ്റവരെ കാത്തിരിക്കുന്ന നിസ്സഹായരായ ബന്ധുക്കളോട്. 

 'ഞാനുമൊരു പെണ്ണാണ്, വീട്ടിൽ നിന്നൊരാൾ പോയിട്ടു മടങ്ങിവരാതിരിക്കുമ്പോഴുള്ള വേദന നിങ്ങളെപ്പോലെ എനിക്കും അറിയാം, ഒരു തുള്ളി വെള്ളം പോലും ഇറങ്ങില്ലെന്നറിയാം, ദയവായി കോപിക്കരുത്'

പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും വിശ്വസിക്കാതിരുന്ന, അധികൃതരുടെ നിസ്സംഗതയിൽ അരിശം പൂണ്ടരുന്നവർ ആ വാക്കുകൾക്കു ചെവിയോർത്തു. പരാതികൾ പറഞ്ഞു.ആവലാതികൾ ഉന്നയിച്ചു. ക്ഷമയോടെ ജനത്തെ കേട്ട മന്ത്രി കൃത്യമായ മറുപടികൾ നൽകി. ആവർത്തിച്ചുപറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന ഒരാളോട് ഫോൺനമ്പർ ചോദിച്ചു. രക്ഷാപ്രവർത്തനത്തിന്റെ എല്ലാ വിവരവും ഫോൺ നമ്പരിൽ അയച്ചുകൊടുക്കാമെന്നു വാഗ്ദാനം.

ഒരിക്കൽക്കൂടി അവർ പറഞ്ഞു:എന്നെ വിശ്വസിക്കൂ. 

വിശ്വസിക്കാതിരിക്കാൻ ആവില്ലായിരുന്നു പൂന്തുറക്കാർക്ക്. ആ വാക്കുകളിലെ ആത്മാർഥത തിരിച്ചറിഞ്ഞു അവർ. വിശ്വാസം ഉറപ്പുകൊടുത്തു. മരണം വെറുങ്ങലിപ്പിച്ച തീരദേശത്തു നിന്നു മടങ്ങുമ്പോൾ വൻശക്തിയോട് ഏറ്റുമുട്ടി വീരോചിതയായി മടങ്ങുന്ന നായികയുടെ ധീരപരിവേഷമാണു മാധ്യമങ്ങൾ കേന്ദ്രമന്ത്രിക്കു ചാർ‌ത്തിക്കൊടുത്തത്. അതു വെറുതെ ആയിരുന്നില്ല. അതർഹിച്ചിരുന്നു അപ്രതീക്ഷിതമായി പ്രതിരോധം എന്ന ശക്തമായ വകുപ്പിൽ അവരോധിതയായ തമിഴ്നാടു തിരുച്ചിറപ്പള്ളി സ്വദേശിനിയായ നിർമല സീതാരാമൻ.

വാഗ്ധോരണിയും സന്ദർഭനമനുസരിച്ചു സംസാരിക്കാനുള്ള കഴിവും പെട്ടെന്നൊരുനാൾ ആർജിച്ചെടുത്തതല്ല നിർമല. ഇന്ത്യയിലെ ഏറ്റവും സജിവ ക്യാംപസുകളിലൊന്നായ ഡൽഹി ജെഎൻയുവിൽ വിദ്യാർഥിനിയായിരുന്നു നിർമല എൺപതുകളിൽ. അന്ന് അവരുടെ അഭിനിവേശേം സോഷ്യലിസത്തോട്. ഗാട്ട് കരാറിന്റെ സ്വാധീനം ഇൻഡോ–യൂറോപ്പ് വസ്ത്രവിപണിയിൽ എന്ന വിഷയത്തിൽ പിച്ച്ഡി പഠനം പൂർത്തിയാക്കിയാണു നിർമല ഡൽ‌ഹി വിട്ടത്. പിന്നീടു ബഹുരാഷ്ട്ര കമ്പനികളിൽ ഉദ്യോഗസ്ഥ. വിവാഹത്തോടെ ഭർത്താവിന്റെ നാടായ ആന്ധ്രാപ്രദേശിലേക്ക്. ഹൈദരാബാദിൽ സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ. 

Nirmala-Sitaraman നിർമല സീതാരാമൻ.

വാജ്പേയ് സർക്കാരിന്റെ കാലത്ത് ഭർത്താവ് പറകാല പ്രഭാകർ ബിജെപിയിൽ സജീവമായതോടെ നിർമലയും ബിജെപിയോടടുത്തു. 2006–ൽ പാർട്ടി പ്രവേശനം. നാലുവർഷം കൂടി കഴിഞ്ഞപ്പോൾ ഡൽഹി ഒരു പുതിയ ബിജെപി വക്താവിന്റെ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിച്ചു; സൗമ്യത മുഖമുദ്രയെങ്കിലും നല്ല ഇംഗ്ലിഷിൽ തട്ടും തടവുമില്ലാതെ ശക്തമായി പാർട്ടി നയം വിശദീകരിക്കുന്ന നിർമല സീതാരാമൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഉദയം.

ദേശീയ ചാനലുകളിലെ സ്ഥിരം മുഖമായിരുന്നു നിർമല. അവതാരകരുടെ മൽസരിച്ചുള്ള ആക്രമണത്തിലും പതറാതെ, ചോദ്യശരങ്ങളിൽനിന്നു നയം പോലെ ഒഴിഞ്ഞുമാറിയും ആക്രമിച്ചും അവർ മുന്നേറി. സ്വഭാവത്തിന്റെ ദാർ‍‍ഢ്യവും നിലപാടുകളിലെ കാർക്കശ്യവും അന്നേ ആ കണ്ണുകളിൽ തെളിഞ്ഞിരുന്നു. പൊതുവേദിയിൽ പാർട്ടിയെ പോറലേൽക്കാതെ പരിപാലിച്ചതിന്റെ അംഗീകാരം കൂടിയായിരുന്നു നിർമലയ്ക്കു മന്ത്രിപദവി. ഇന്നു പ്രധാനമന്ത്രി കഴിഞ്ഞാൽ തൊട്ടടുത്ത കസേരയിലാണു നിർമല– പദവിയിലും കരുത്തിലും പ്രവർത്തനത്തിലും. 

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ കശക്കിയെറിഞ്ഞ ഓഖി ചുഴലിക്കാറ്റിൽ തീരദേശ ജീവിതം താറുമാറായപ്പോൾ ഇതിനു മുമ്പില്ലാത്ത രീതിയിൽ വിമർശിക്കപ്പെട്ടു ഭരണകൂടങ്ങൾ. പ്രത്യേകിച്ചു സംസ്ഥാന ഭരണകൂടം. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് ജനങ്ങളുടെ രോഷം നേരിട്ടനുഭവിക്കേണ്ടിവന്നു. മന്ത്രിമാർക്കു കാറിൽനിന്നു നിലത്തിറങ്ങാൻ പോലും അനുവാദം കൊടുക്കാതിരുന്ന സ്ഥലത്താണ് നയതന്ത്രജ്ഞതയും കാര്യവിവരവും കൈമുതലാക്കി നിർമല ജയിച്ചുകയറിയത്. ‘ഞാൻ ഒപ്പമുണ്ട്..നിങ്ങളുടെ ഇടയിൽനിന്ന് കാണാതായ അവസാനത്തെ ആളെയും കണ്ടെത്തും വരെ.. അല്ലെങ്കിൽ, ഇനി തിരയേണ്ടതില്ല എന്നു നിങ്ങൾ ഒരുമിച്ചു പറയുംവരെ.. 

nirmala-sitaraman നിർമല സീതാരാമൻ.

നാട്ടുകാർക്കു മനസ്സിലാകുന്ന തമിഴിൽ നിർമല ഇങ്ങനെ പറഞ്ഞപ്പോൾ അതുവരെ ദുഃഖവും രോഷവും അടക്കാനാവാതെ നിന്നവർ സ്വയം മറന്നു കയ്യടിച്ചുപോയി. ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും അവർക്കു ‘മറ്റാരോ’ ആയിരുന്നു. പതിവുദുഃഖപ്രകടനത്തിനു വന്നവർ. രാഷട്രീയനേട്ടം കൊയ്യാനെത്തിയവർ.നിർമലയാകട്ടെ സ്വന്തക്കാരിയായി. നാട്ടുകാരിയായി. കുടുംബക്കാരിയായി. ഏറ്റവുമടുത്ത ഒരാളായി. ആദ്യവാക്കിൽതന്നെ തീരദേശജനതയുമായി ഐക്യപ്പെട്ടു. അവരുടെ വിശ്വാസം നേടി. ആത്മാർഥതയോടെ രംഗം കയ്യടക്കി.

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളെക്കുറിച്ചും ഭരണത്തെക്കുറിച്ചുമെല്ലാം വിയോജിപ്പുകളുണ്ടാകാം. തർക്കവും എതിരഭിപ്രായവുമുണ്ടാകാം. പക്ഷേ, നാളത്തെ ഇന്ത്യയിൽ ശക്തയായ നേതാവായി, കഴിവു തെളിയിച്ച കേന്ദ്രമന്ത്രിയായി, പ്രതിരോധത്തിന്റെ ഇളകാത്ത കോട്ടയായി നിർമല സീതാരാമനുണ്ടാകും. ഉറപ്പ്.