ക്രിമിനലുകൾക്കുവേണ്ടി ഐഎഎസ് സ്വപ്നം ഉപേക്ഷിച്ചു; ജീവിതം മിത്തലിനു കാത്തുവെച്ചത്

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

പഠനത്തില്‍ മിടുക്കു പ്രദര്‍ശിപ്പിക്കുന്ന, ആദര്‍ശലോകത്തെക്കുറിച്ചു സ്വപ്നം കാണുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് എന്ന ആഗ്രഹം ജനിക്കുന്നതു സ്വാഭാവികം. ഗുജറാത്തിലെ ശങ്കല്‍പ്പൂര്‍ എന്ന ഗ്രാമത്തില്‍നിന്നുള്ള മിത്തല്‍ പട്ടേലും ആഗ്രഹിച്ചത് െഎഎഎസ്. അഹമ്മദാബാദില്‍ പഠനത്തിനുപോയ മിത്തല്‍ പഠിച്ചതാകട്ടെ പത്രപ്രവര്‍ത്തനം. പഠനത്തിടെയുണ്ടായ ഒരു അപൂര്‍വാനുഭവം ആ പെണ്‍കുട്ടിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു; അരികുജീവിതങ്ങളിലൂടെ അലയാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെയും. 

ഗുജറാത്ത് വിദ്യാപീഠിലായാരുന്നു മിത്തലിന്റെ പഠനം. ഇടയ്ക്ക് രണ്ടുമാസത്തേക്ക് ഒരു ഫെലോഷിപ്പിന്റെ ഭാഗമായി ഒരു വിദൂരഗ്രാമത്തിലെ കരിമ്പുകര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. 

‘ അന്നുരാത്രി കര്‍ഷരുടെ വീടുകളില്‍ കഴിയുക എന്നതായിരുന്നു എന്റെ പദ്ധതി. നീല പ്ലാസ്റ്റിക് കൊണ്ടു മറച്ച കൂരകളായിരുന്നു  വീടുകള്‍. ഒരാള്‍ക്കു നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാത്ത കൂടുകള്‍. കര്‍ഷകരുടെ ദയനീയാവസ്ഥയെക്കുറിച്ച് ഞാന്‍ എഴുതുമോ എന്നു പേടിച്ച് അവിടെ കണ്ട കോണ്‍ട്രാക്ടര്‍ എന്നോടു സംസാരിക്കാന്‍ പോലും തയാറായില്ല.

ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ ഒരു മനുഷ്യന്‍ കരഞ്ഞുകൊണ്ട് കോണ്‍ട്രാക്ടറുടെ അടുത്തേക്കു വരുന്നതു കണ്ടു. രണ്ടുപേര്‍ അയാളുടെ വീട്ടിലെത്തി കുട്ടിയെ കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞിട്ട് ഭാര്യയെ തട്ടിക്കൊണ്ടുപോയി എന്നാണയാള്‍ കരഞ്ഞുകൊണ്ടു പറഞ്ഞത്’ . അന്നുരാത്രി മനസ്സില്‍ തോന്നിയ പേടി ഇന്നും മിത്തലിന്റെ ഉള്ളിലുണ്ട്. രാവിലെയാകാന്‍ വേണ്ടി മിത്തല്‍ പ്രാര്‍ഥനയോടെ കാത്തിരുന്നു. ഏറ്റവും വലിയ ഞെട്ടലുണ്ടായതു പിറ്റേന്ന്. വലിയൊരു ക്രൂരത സംഭവിച്ചിട്ടും അവിടെ ഒന്നും സംഭവിച്ചില്ല. ജീവിതം പതിവുപോലെ. പൊലീസില്‍ ഒരു പരാതി പോലുമുണ്ടായില്ല. ആര്‍ക്കുമെതിരെ പ്രഥമവിവര റിപോര്‍ട്ടും സമര്‍പ്പിച്ചില്ല. 

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ആര്‍ക്കും ആരെയും എന്തുചെയ്യാവുന്ന ആ സ്ഥലം വിട്ടുപോകാന്‍ മിത്തലിനു കഴിഞ്ഞില്ല. സന്നദ്ധസംഘടനയായ ജനപഥിന്റെ സഹായത്തോടെ കര്‍ഷകര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായി മിത്തലിന്. വിദൂരഗ്രാമങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാരെക്കുറിച്ചും ഒരു രേഖയുമില്ലാതെ ജീവിക്കുന്ന കര്‍ഷകരെക്കുറിച്ചും ഒരു സര്‍വേ നടത്താനായിരുന്നു ആദ്യതീരുമാനം. 

കുട്ടിക്കാലത്തു പാമ്പുകളുമായി വീട്ടില്‍ വന്ന് പാട്ടുപാടി കിട്ടുന്നതെന്തെങ്കിലും വാങ്ങിക്കൊണ്ടുപോകുന്നവരുണ്ടായിരുന്നു. അത്തരക്കാരെ ഇപ്പോള്‍ കാണുന്നില്ല. അവര്‍ക്കെന്തുപറ്റി എന്നും അന്വേഷിച്ചു മിത്തല്‍.അതായിരുന്നു അന്വേഷണത്തിന്റെ ആരംഭം. ഭാരതത്തിന്റെ ജനസംഖയില്‍ ഏതാണ്ട് അറുപതു ശതമാനവും ഇത്തരത്തിലുള്ള ഗോത്രവര്‍ഗ്ഗക്കാരും രേഖകളില്ലാത്ത കര്‍ഷകരുമാണ്. പാട്ടു പാടിയും ന‍ൃത്തം ചെയ്തും പാമ്പുകള്‍ക്കുമുന്നില്‍ മകുടിയൂതിയും ജീവിക്കുന്നവര്‍. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു യാത്ര ചെയ്യുന്നവര്‍. 

ബ്രിട്ടിഷ് ഭരണകാലത്ത് ഇത്തരത്തിലുള്ള ഇരുന്നോറോളം ഗോത്രങ്ങളെ കുറ്റവാളികളായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കുറ്റവാളികള്‍ എന്ന ലേബല്‍ എടുത്തുമാറ്റിയെങ്കിലും അവരെക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. 

ഒരിക്കല്‍ സുരേന്ദ്രനഗറിലെ ഡാഫര്‍ സമുദായത്തെക്കുറിച്ചു പഠിക്കുകയായിരുന്നു മിത്തല്‍. ഗ്രാമത്തലവനുമായി സംസാരിച്ചുകൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് ഓടിവരുന്ന ഒരു കുട്ടിയെ ഞാന്‍ കണ്ടു. കരയുന്ന കുട്ടിക്ക് പാല്‍ കൊടുക്കാന്‍ കുട്ടിയുടെ അമ്മയോടു മിത്തല്‍ പറഞ്ഞു. എന്തെങ്കിലും ആഹാരം കഴിച്ചിട്ടു ദിവസങ്ങളായി. പിന്നെയെങ്ങനെ പാല്‍ കൊടുക്കും എന്നായിരുന്നു അമ്മയുടെ മറുപടി. 

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ദിവസങ്ങളോളം ആ സമുദായത്തിലെ അംഗങ്ങള്‍ക്കൊപ്പം ജീവിച്ച് മിത്തല്‍ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി. സര്‍ക്കരിന്റെ ഒരു സഹായവും ആ പ്രദേശങ്ങളില്‍ എത്തുന്നില്ല. 2006 ല്‍  കുറ്റവാളികളെന്നു മുദ്രകുത്തി മാറ്റിനിര്‍ത്തിയ ഗോത്രങ്ങള്‍ക്കുവേണ്ടി മിത്തല്‍ ഒരു സന്നദ്ധസംഘടന രൂപീകരിച്ചു- വിചാര്‍ദ സമുദേ സമര്‍ഥാന്‍ മഞ്ച്. ഇപ്പോള്‍ ഈ സംഘടനയുടെ കീഴില്‍ 30 പ്രവര്‍ത്തകര്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കു സര്‍ക്കാരിന്റെ വിവിധ സഹായമെത്തിക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നു. 60,000 പേര്‍ക്ക് വോട്ടര്‍ െഎഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 

എല്ലാ സ്വപ്നങ്ങളും ഒരൊറ്റ രാത്രികൊണ്ട് നേടിയെടുക്കാം എന്ന അമിതപ്രതീക്ഷ എനിക്കില്ല. പക്ഷേ, സ്വയം സമര്‍പ്പണത്തിലൂടെ എനിക്കെന്റെ കുടുംബാംഗങ്ങള്‍പോലെയായ ഈ വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി അവരുടെ ജീവിതം മെച്ചപ്പെടുത്താമെന്നു ഞാന്‍ വിശ്വസിക്കുന്നു- മിത്തല്‍ അഭിമാനത്തോടെ പറയുന്നു.