''ആ ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് സഹോദരിയോടു പോലും നുണ പറയേണ്ടി വന്നു''

അഭിനയിക്കാനുള്ള കഴിവു മാത്രം പോരാ ചില രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവുകൂടി വേണം അഭിനേതാക്കൾക്ക് എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിദ്യാബാലൻ. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താൻ ചെയ്ത സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളെക്കുറിച്ചും അതിലൂടെ ലഭിച്ച അനുഭവങ്ങളെക്കുറിച്ചും  വിദ്യ തുറന്നു പറഞ്ഞത്.

ബിടൗണിലെ നായികാസങ്കൽപ്പങ്ങളെ കാറ്റിൽ പറത്തുന്ന ആറ്റിറ്റ്യൂഡും അഭിനയവൈഭവവുംകൊണ്ട് ഹിന്ദിസിനിമാമേഖലയിൽ സുവർണലിപികളാൽ തന്റെ പേര് എഴുതിച്ചേർത്ത വിദ്യ തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്നതിങ്ങനെ. സ്ത്രീകേന്ദ്രീകൃതമായ ഒരുപാടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെ പ്രിയം മൂന്നു ചിത്രങ്ങളോടാണ്. കഹാനി, ഡേർട്ടി പിക്ച്ചർ, തുമാരി സുലു.

ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളും തന്റെ യഥാർഥ സ്വഭാവവുമായി ചില സാമ്യങ്ങളുണ്ടെന്നും അതിനാലാണ് ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ താൻ ഏറെ സ്നേഹിക്കുന്നതെന്നും വിദ്യ പറയുന്നു. 'മനസ്സു പറയുന്നതുപോലെ ജീവിക്കുന്നവരാണ് ആ കഥാപാത്രങ്ങളെല്ലാം. യഥാർഥ ജീവിതത്തിൽ ഞാനും അങ്ങനെതന്നെയാണ്, മനസ്സിനെ പിന്തുടർന്നു ജീവിക്കുന്നു. യഥാർഥ ജീവിതത്തിൽ ഞാൻ വളരെ നാണംകുണുങ്ങിയാണ്. എന്നാൽ കഥാപാത്രത്തിനുവേണ്ടി ഏതറ്റംവരേയും പോകാൻ ഞാൻ തയാറാകും' - വിദ്യ പറയുന്നു.

''ഗർഭിണിയായ യുവതി കാണാതായ ഭർത്താവിനെത്തേടി കൊൽക്കത്തയിലെത്തുന്നതിനെ സംബന്ധിച്ച കഥയാണ് കഹാനി എന്നുമാത്രമാണ് സംവിധായകൻ സുജോയ് ഘോഷ് ചിത്രത്തെക്കുറിച്ച് എന്നോടു പറഞ്ഞത്. ആ സബ്ജക്റ്റിൽതാൽപ്പര്യം തോന്നിയ ഞാൻ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. ക്ലൈമാക്സ് ഒക്കെ പിന്നെയാണ് തീരുമാനിക്കപ്പെട്ടത്. ക്ലൈമാക്സിലെ ട്വിസ്റ്റിനെക്കുറിച്ചൊക്കെ വളരെച്ചുരുക്കം ആളുകൾക്കേ അറിയാമായിരുന്നുള്ളൂ. എന്റെ സഹോദരിയോടു പോലും എനിക്ക് ആ ചിത്രത്തിന്റെ ക്ലൈമാക്സിനെപ്പറ്റി നുണ പറയേണ്ടി വന്നിട്ടുണ്ട്'.– വിദ്യ പറയുന്നു.

ഡേർട്ടി പിക്ച്ചർ എന്ന ചിത്രം ചെയ്തപ്പോൾ സംവിധായകൻ തന്നോട് ഒരു നിർദേശം മാത്രമേ മുന്നോട്ടുവെച്ചുള്ളൂവെന്നും അത് ആ കഥാപാത്രത്തെ ബഹുമാനിക്കണം എന്നുമാത്രമാണെന്നും വിദ്യ പറയുന്നു. 'ചിത്രത്തിന്റെ സംവിധായകൻ വളരെ സെൻസിറ്റീവായ ഒരു വ്യക്തിയാണ്. അദ്ദേഹമൊരിക്കലും ചീപ് പബ്ലിസിറ്റിക്കുവേണ്ടി ഇങ്ങനെയൊരു ചിത്രമെടുക്കില്ല എന്ന ഉറപ്പും എനിക്കുണ്ടായിരുന്നു ചിത്രത്തിന്റെ പേര് ഡേർട്ടി പിക്ച്ചർ എന്നാണെങ്കിലും ആ ചിത്രമൊരിക്കലും ഡേർട്ടി അല്ല. ജനങ്ങൾ സിൽക്ക് സ്മിതയെ ബഹുമാനിക്കണം എന്ന് അദ്ദേഹം ഇടയ്ക്കിടെ  പറയുമായിരുന്നു.എത്രമാത്രം ജീവിതത്തിൽ അവർ സ്ട്രഗ്ഗിൾ ചെയ്തിരുന്നുവെന്ന് ജനങ്ങളെ അറിയിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള തന്റെ മുൻവിധികളെയെല്ലാം കാറ്റിൽ പറത്തിയത് ആ ചിത്രത്തിലെ അഭിനയമായിരുന്നു'വെന്ന് അവർ പറയുന്നു.

ഓരോ കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോഴും അതിനൊരു ലക്ഷ്യമുണ്ടായിരുന്നുവെന്നും തന്റെ തിരഞ്ഞെടുപ്പുകളിലൂടെ തന്റെ പ്രതിരൂപം തന്നെ കാണാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയതെന്നും അവർ പറയുന്നു. തുമാരി സുലു എന്ന ചിത്രം തിരഞ്ഞെടുത്തപ്പോൾ അമ്മയെയാണ് ഓർമ്മ വന്നതെന്നും  അവർ പറയുന്നു. ജോലിയും വീട്ടുകാര്യവും ഒരുപോലെ മാനേജ് ചെയ്യാൻ സ്ത്രീകൾ എത്രമാത്രം ബുദ്ധിമുട്ടുന്നുണ്ടെന്ന തിരിച്ചറിവും ആ ചിത്രം തനിക്കു നൽകിയതായും വിദ്യ പറയുന്നു.