മിഷേലിന്റെ ഹൃദയം കീഴടക്കിയ പുഞ്ചിരി; രണ്ടുവയസ്സുകാരിയുടെ ചിത്രം വൈറൽ

നിഷ്കളങ്കമായ ഒരു പുഞ്ചിരികൊണ്ട് താരമായി മാറിയ ഒരു പെൺകുഞ്ഞിന്റെ കഥയാണിത്. രണ്ടുവയസ്സുകാരിയായ ആ പെൺകുട്ടിയുടെ പേര് പാർക്കർ. സ്മിത്‌സോണിയൻസ് നാഷണൽ പോട്രേറ്റ്ഗാലറിയിൽ മിഷേൽ ഒബാമയുടെ ചിത്രം കാണാനെത്തിയതോടെയാണ് അവളുടെ തലേവര മാറിയത്. ഭിത്തിയിലെ വലിയ ചിത്രത്തിൽ തന്നപ്പോലൊരാളെ കണ്ടതിന്റെ സന്തോഷത്തിൽ ആ കുഞ്ഞിന്റെ മുഖത്തു വിരിഞ്ഞ ഭാവം ആരോ ക്യാമറയിൽ പകർത്തുകയും അതു സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തതോടെയാണ് ലോകം ആ പുഞ്ചിരി ഏറ്റെടുത്തത്.

അമേരിക്കയിലെ മുൻപ്രഥമ വനിത പുതിയ തലമുറയിലെ കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നതിങ്ങനെയാണ് എന്ന അടിക്കുറിപ്പോടെ മിഷേൽ ഒബാമയുടെ പോട്രേറ്റ് അദ്ഭുതത്തോടെ നോക്കിനിൽക്കുന്ന പാർക്കറിന്റെ ചിത്രം പങ്കുവെച്ചത് മ്യൂസിയത്തിലെത്തിയ ഏതോ സന്ദർശകനാണ്. ചിത്രം ശ്രദ്ധയിൽപ്പെട്ട മിഷേൽ ഒബാമ പാർക്കറിനെയും അമ്മ ജെസീക്കയേയും നേരിൽ കാണുകയും 45 മിനിറ്റോളം അവർക്കൊപ്പം പങ്കുവെയ്ക്കുകയും ചെയ്തു. 

കുഞ്ഞിന്റെ ചിത്രം വൈറലായതോടെ ദേശീയ മാധ്യമങ്ങളുൾപ്പെടെ ഇവരുടെ അഭിമുഖങ്ങൾ ടെലികാസ്റ്റ് ചെയ്തു. ഒറ്റദിവസം  കൊണ്ട് രണ്ടു വയസ്സുകാരിയായ മകൾ പ്രശസ്തയായതിനെ അൽപ്പം ഭീതിയോടെയാണ് മാതാപിതാക്കൾ നോക്കിക്കാണുന്നത്. സ്വന്തമായി ഒരു പേരന്റിങ് ബ്ലോഗുണ്ടെങ്കിൽപ്പോലും കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ അതിൽ ഒരിക്കൽപ്പോലും പോസ്റ്റ് ചെയ്യാത്ത ആളായിരുന്നു പാർക്കറിന്റെ അമ്മ ജെസീക്ക.

 രണ്ടു മക്കളുടെ അമ്മയാണ് ജെസീക്ക. കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചു വളർത്താൻ ആഗ്രഹിച്ച ആ അമ്മയ്ക്ക് മകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇങ്ങനെ പങ്കുവെച്ചു പോകുന്നതു കാണുമ്പോൾ ചില്ലറ ആധിയൊന്നുമല്ല ഉള്ളത്. കുഞ്ഞിന്റെ ഫൊട്ടോ പിൻവലിക്കണമെങ്കിൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന ഉപദേശം സ്വീകരിക്കാൻ പരിചയത്തിലുള്ള പബ്ലിക് റിലേഷൻ ഓഫീസറെ ജെസീക്ക പോയിക്കണ്ടു. എന്നാൽ ഇതിൽ പേടിക്കാനൊന്നുമില്ലെന്നും. രണ്ടു ദിവസത്തിനു ശേഷം കുടുംബത്തിന് സ്വാഭ്വിക ജീവിതത്തിലേക്ക് തിരിച്ചുപോകാൻ കഴിയുമെന്നും കൂടി വന്നാൽ രണ്ടോ മൂന്നോ ദിവസമേ ഈ കോലാഹലങ്ങളൊക്കെയുണ്ടാവുകയുള്ളൂവെന്നും അവർ ജെസീക്കയെ പറഞ്ഞു മനസ്സിലാക്കി.

ആഘോഷിക്കാൻ വേറെ വിഷയങ്ങൾ കിട്ടുമ്പോൾ തീർച്ചയായും അവർ കുഞ്ഞിന്റെ വിഷയം വിട്ടുകളയുമെന്നും അവർ ജെസീക്കയോടു പറഞ്ഞു. ആദ്യമൊക്കെ പേടിയുണ്ടായിരുന്നെങ്കിലും തന്റെ മകളുടെ ചിത്രവും മിഷേൽ ഒബാമയെ കാണാൻ അവസരം ലഭിച്ചതുമൊക്കെ ആളുകളെ ഏതെങ്കിലും തരത്തിൽപോസ്റ്റീവായി സ്വാധീനിക്കുന്നുണ്ടെങ്കിൽ കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനോട് തനിക്കിപ്പോൾ വിയോജിപ്പില്ലെന്നും ജെസീക്ക പറയുന്നു.