വിവാഹം, കുഞ്ഞുങ്ങൾ; അനുഷ്ക പറയുന്നു

ഏത് അഭിമുഖമെടുത്താലും അതിൽ ആ ചോദ്യമുണ്ടാവും അനുഷ്കയും പ്രഭാസും പ്രണയത്തിലാണോ?, ആണെങ്കിൽ എന്നായിരിക്കും വിവാഹം. ഈ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരവുമായാണ് ഇത്തവണ അനുഷ്ക എത്തിയിരിക്കുന്നത്.

തനിക്ക് 20 വയസ്സ് പൂർത്തിയായ അന്നുമുതൽ വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയതാണെന്നു പറഞ്ഞുകൊണ്ടാണ് വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും അനുഷ്ക പറഞ്ഞു തുടങ്ങിയത്.

'' തീർച്ചയായും വിവാഹബന്ധത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. കുട്ടികളേയും എനിക്കേറെയിഷ്ടമാണ്. വിവാഹത്തിന് സമയമാകുമ്പോൾ അത് നടക്കും. അല്ലാതെ ആരുടെയെങ്കിലും പ്രേരണയാലോ നിർബന്ധത്തിനു വഴങ്ങിയോ ഞാനൊരിക്കലും വിവാഹിതയാവില്ല. എനിക്കു പറ്റിയ ഒരാളെ കണ്ടെത്താനായാൽ അന്നു വിവാഹം നടക്കും.

ഞാനാരണ് എന്താണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ എന്റെ കുടുംബത്തിനിപ്പോഴുണ്ട്. അതുകൊണ്ടു തന്നെ അവർ എന്റെ വികാരങ്ങളെ മാനിക്കും. അതുകൊണ്ടു തന്നെ വിവാഹത്തിന് അവർ എന്നെ നിർബന്ധിക്കില്ല എന്ന ഉറപ്പുമെനിക്കുണ്ട്''- അനുഷ്ക പറഞ്ഞു.

ബാഹുബലി 2 പുറത്തിറങ്ങിയതു മുതൽ അനുഷ്കയും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങൾ തമ്മിലുള്ള രസതന്ത്രത്തെ പ്രേഷകർ പ്രണയമായി തെറ്റിദ്ധരിച്ചതാണെന്നും യഥാർഥ ജീവിതത്തിൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുമായിരുന്നു ഇരുവരുടെയും വിശദീകരണം.