'പുരുഷന്മാർക്ക് അവളെ ഭയമാണ്'; ശ്രീയെക്കുറിച്ച് രാം ഗോപാൽ വർമ

ശ്രീ റെഡ്ഢി, രാം ഗോപാൽ വർമ്മ.

കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും തെലുങ്കു സിനിമാലോകത്ത് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും തുറന്നടിച്ച് ശ്രീ റെഡ്ഢി രംഗത്തു വന്നതിനെ പിന്തുണച്ചിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കാൻ ആർജ്ജവം കാണിക്കുന്ന അദ്ദേഹം ഇക്കുറി ശ്രീ റെഡ്ഢിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശ്രീയുടെ സത്യസന്ധമായ തുറന്നു പറച്ചിലിനെ പുരുഷന്മാർ ഭയപ്പെടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ശ്രീയെ വിമർശിച്ചുകൊണ്ട് സ്ത്രീകൾ രംഗത്തു വന്നതും ശ്രദ്ധിച്ചിരുന്നെന്നും അതുകേവലം അസൂയകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. സത്യത്തെ വിശ്വസിക്കുന്ന സ്ത്രീകൾ അവളെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് തന്റെ വിശ്വാസമെന്നും ആർജിവി വെളിപ്പെടുത്തുന്നു.

ശ്രീയും അശോകചക്രവർത്തിയും ഒരുപോലെയാണെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ശ്രീയെ ന്യായീകരിച്ചത്. കലിംഗയുദ്ധത്തിന് ശേഷമാണ് അശോകചക്രവർത്തി നല്ല മനുഷ്യനായതെന്നും ശ്രീയും അശോകചക്രവർത്തിയെപ്പോലെ നല്ല വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീയുടെ വിവാദമായ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകളും തങ്ങൾക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.