വയസ്സ് 96, പഠനം ഹൈസ്കൂളിൽ, സ്വപ്നം അധ്യാപികയാവണം

മെക്സിക്കോയിലെ ഒരു ഹൈസ്കൂളിലെ ക്ലാസ്മുറിയിൽ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത് ഒരു വിദ്യാർഥിനിയെ. ഗോഡലുപ് പലാസിയോ എന്ന തൊണ്ണൂറ്റാറുകാരിയെ. നരച്ച തലമുടിയും ചുളിവുകൾ ഏറെ വീണ മുഖവുള്ള വയോധിക. വാർധക്യത്തിന്റെ പേരിൽ മാത്രമല്ല അവർ ശ്രദ്ധിക്കപ്പെടുന്നത്; ക്ലാസിൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെയിരിക്കുന്ന കുട്ടിയും അവർ തന്നെ. പഠിക്കാൻ ഉത്സാഹവും ആവേശവും ഏറ്റവും കൂടുതൽ അവർക്കുതന്നെ. നൂറു വയസ്സിനുമുമ്പെ ഹൈസ്കൂൾ വിജയകരമായി പൂർത്തിയാക്കുക എന്നത് പലാസിയോയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനുള്ള സമയം ഒത്തുവന്നത് ഈ തൊണ്ണൂറ്റാറാം വയസ്സിലാണെന്നു മാത്രം. 

തിങ്കളാഴ്ച മെക്സിക്കോയുടെ തെക്കൻ സംസ്ഥാനത്തെ ക്ലാസ്മുറിയിൽ എത്തിയ പലസിയോ സന്തോഷഭരിതയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസം. ഇനി എന്റെ എല്ലാ പരിശ്രമവും ക്ലാസ് ജയിക്കാൻവേണ്ടി മാത്രം– പലാസിയോ പറഞ്ഞു. വയസ്സു തൊറ്റൂറ്റാറ് ആയെങ്കിലും യൂണിഫോം അണിഞ്ഞുതന്നെയായിരുന്നു പലാസിയോയുടെ വരവ്. വെള്ള പോളോ ഷർട്ടും കറുത്ത സക്ർ‌ട്ടും. അധികമായി പിങ്ക് നിറത്തിലുള്ള ഒരു സ്വെറ്ററും അവർ അണിഞ്ഞിരുന്നു. മെക്സിക്കോയുടെ തലസ്ഥാന നഗരത്തിലെ സ്കൂളിലാണു പലാസിയോ പഠിക്കാൻ എത്തിയത്. സഹവിദ്യാർഥിനികൾ എഴുന്നേറ്റുനിന്നു കൈ അടിച്ചുകൊണ്ടാണ് മുതിർന്ന വിദ്യാർഥിനിയെ സ്വീകരിച്ചിരുത്തിയത്.  കെമിസ്ട്രി ക്ലാസിലും ഗണിതശാസ്ത്രക്ലാസിലും ഇരുന്ന് നോട്ടുകൾ കുറിച്ചെടുത്ത മുതിർന്ന വിദ്യാർഥിനി ഡാൻസ് ക്ലാസിലും പങ്കെടുത്തത് സ്കൂളിലാകെ ആവേശം വിതറി. 

ഒരു ഗ്രാമീണ പ്രദേശത്ത് കൊച്ചുകുടിലിലാണു പലാസിയോ ജനിച്ചുവളർന്നത്. കൂട്ട് ദാരിദ്ര്യം. ധ്യാന്യച്ചെടികൾ വളർത്താനും കൃഷിക്കാര്യങ്ങളിൽ കുടുംബത്തെ സഹായിക്കാനും ഓടിനടന്നപ്പോൾ സ്കൂളിൽപ്പോകാനുള്ള അവസരം ലഭിച്ചില്ല. മുതിർന്നപ്പോൾ കോഴികളെ ചന്തയിൽകൊണ്ടുപോയി വിൽക്കുന്നതായിരുന്നു ജോലി. രണ്ടുതവണ വിവാഹിതയായി. ആറു കുട്ടികളുമുണ്ട്. കണക്കു കുറച്ചൊക്കെ അവർക്കറിയാം. പക്ഷേ എഴുതാനും വായിക്കാനും അറിയില്ല. 92–ാം വയസ്സിൽ ജീവിതത്തിലെ തിരക്കുകളൊക്കെ ഒന്നൊതുങ്ങിയപ്പോൾ പഠനത്തിന്റെ കാര്യം പലാസിയോയുടെ മനസ്സിൽവന്നു. ഒരു സാക്ഷരതാ ക്ലാസിൽ ചേരാനും അവർ തയ്യാറായി. ഇപ്പോൾ എന്റെ കൊച്ചുമക്കളെ അക്ഷരങ്ങൾ എഴുതിപഠിപ്പിക്കാൻ‌ എനിക്കറിയാം– ചിരിച്ചുകൊണ്ടു പലാസിയോ പറയുന്നു. പക്ഷേ, അവിടം കൊണ്ടുനിർത്തിയില്ല അവർ. 2015–ൽ മുതിർന്നവർക്കുവേണ്ടിയുള്ള പ്രൈമറി ക്ലാസിൽ ചേർന്നു. നാലുവർഷം കൊണ്ട് പ്രൈമറിയും മിഡിൽ ക്ലാസും വിജയകരമായി പൂർത്തിയാക്കി. 

മുതിർന്നവർക്കുവേണ്ടിയുള്ള ഹൈസ്കൂളുകൾ മെക്സിക്കോയിലെങ്ങും ഇല്ല. അതുകൊണ്ട് തൊണ്ണൂറ്റാറിൽ പ്രായത്തെ തോൽപിക്കുന്ന ചുറുചുറുക്കുമായി പലാസിയോ സാധാരണ ഹൈ സ്കൂളിൽത്തന്നെ ചേർന്നു. കൂടെയുള്ള കുട്ടികൾ എട്ടു ദശകത്തിന് ഇളയതാണെന്നത് അവരെ പിന്തിരിപ്പിച്ചുമില്ല. ഹൈസ്കൂൾ വിജയിക്കുന്നതോടെ പഠിത്തം നിർത്താനും പദ്ധതിയില്ല പലാസിയോയ്ക്ക്. വീണ്ടും പഠിക്കണം. ഒരു കിന്റർഗാർട്ടൻ അധ്യാപികയാകണം – കണ്ണട ഒന്നുകൂടി ഉറപ്പിച്ചുവച്ച്, പല്ലില്ലാത്ത വായ തുറന്നു ചിരിച്ചുകൊണ്ടു പലാസിയോ പറയുന്നു.