Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിപ്രഷനെ അതിജീവിച്ച് ട്രാൻസ് ക്യൂനായി: അതിശയം സനിയയുടെ ജീവിതം

saniya-01

ഹിമാചല്‍പ്രദേശിലെ പ്രകൃതിമനോഹരമായ ഷിംലയിലാണു ജനിച്ചതെങ്കിലും പേരറിയാത്ത ഒരു സങ്കടം വേട്ടയാടിക്കൊണ്ടിരുന്നു സനിയ എന്ന ആണ്‍കുട്ടിയെ. അന്നവന് അഞ്ചുവയസ്സ്. ഉള്ളിലും പുറത്തും എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവനു മനസ്സിലായില്ല. അസ്വസ്ഥനാണെന്നു തിരിച്ചറിഞ്ഞു. ജയിലില്‍ ഇട്ടതുപോലെ തന്നെ വരിഞ്ഞുമുറുക്കുന്ന വ്യക്തിത്വത്തിന്റെ തടവില്‍നിന്നു പുറത്തുചാടണം എന്നും ആഗ്രഹിച്ചു. അതെങ്ങനെ, എപ്പോള്‍, ഏതു രീതിയില്‍വേണമെന്നു മനസ്സിലായതുമില്ല.

സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കുന്ന സ്വാധീനശേഷിയുള്ള ദമ്പതികളുടെ മകനാണ് സനിയ. ആരോഗ്യമുള്ള കുട്ടി. ആണ്‍കുട്ടിയായിരുന്നെങ്കിലും സനിയ സംസാരിക്കുന്നതും ചിരിക്കുന്നതും മറ്റുള്ളവരോട് ഇടപഴകുന്നതുമെല്ലാം പെണ്‍കുട്ടികളേപ്പോലെ. അക്കാലം മുതലേ, പുറമെ ആണ്‍കുട്ടിയുടെ വസ്ത്രധാരണവും ഉള്ളില്‍ പെണ്‍കുട്ടിയുടെ മോഹങ്ങളും അസ്വസ്ഥതകളുമായി ഒറ്റപ്പെട്ട യുദ്ധം നയിക്കുകയായിരുന്നു സനിയ. സഹിച്ച കഷ്ടപ്പാടുകള്‍ക്കും അപമാനങ്ങള്‍ക്കും വേദനകള്‍ക്കും കണക്കില്ല.

ക്ലാസ്മുറിയില്‍ മറ്റുകുട്ടികള്‍ കളിയാക്കും. കളിക്കളത്തില്‍ ഒരുനിമിഷം പോലും ഇരിക്കാന്‍ സാധിക്കില്ല. എല്ലായിടവും അപമാനവും പരിഹാസവും ആക്ഷേപവും മാത്രം. എന്തോ കുഴപ്പമുള്ള കുട്ടി എന്നൊരു ധാരണയാണ് മറ്റുള്ളവര്‍ സനിയയില്‍ സൃഷ്ടിച്ചത്. പകല്‍ വേദനകളിലൂടെ കടന്നുപോകുക. രാത്രിയുടെ നിശ്ശബ്ദതയില്‍ കരഞ്ഞു രാത്രികള്‍ പകലുകളാക്കുക. സനിയ കടന്നുപോയത് വിവരിക്കാനാവാത്ത ദുരിതങ്ങളിലൂടെ. അസഹനീയമായ വേദനകളിലൂടെ. പലപ്പോഴും ആ കുട്ടി ദൈവത്തിനോടു ചോദിച്ചു; എന്നെ എന്തിനിങ്ങനെ സൃഷ്ടിച്ചു. ഞാന്‍ ആരാണ്. ആണോ പെണ്ണോ? 

അയൽപക്കക്കാർ സനിയയുടെ മാതാപിതാക്കളെ വേട്ടയാടാന്‍ തുടങ്ങി. നിങ്ങളുടെ കുട്ടി എന്താണിങ്ങനെ. അവനെന്താ 

പെണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിക്കുന്നതും പെരുമാറുന്നതുമൊക്കെ. സനിയയുടെ മാതാപിതാക്കളാകട്ടെ തുടക്കത്തില്‍ ഇതു വലിയ ഗൗരവത്തില്‍ എടുത്തില്ല. ഒരു ഘട്ടം കഴിയുമ്പോള്‍ ഈ പ്രശ്നമൊക്കെ മാറും എന്നുതന്നെയവര്‍ വിശ്വസിച്ചു, ആശ്വസിച്ചു. ചിലപ്പോളവര്‍ സനിയയോടു ദേഷ്യപ്പെടും, അലറിവിളിക്കും. അയല്‍ക്കാരുടെ സമര്‍ദം കൂടുമ്പോഴാണ് ഇങ്ങനെചെയ്യുന്നതെന്ന് ആ കുട്ടിക്കു മനസ്സിലായി. ഒടുവില്‍ 25 വയസ്സ് ആയപ്പോഴാണ് സനിയ താന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നു മനസ്സിലാക്കുന്നതും തന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതും. 

സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉന്നതപഠനത്തിനു സനിയ ബെംഗളൂരുവിലേക്കു പോയി. അവിടെയും ഒരു പുരുഷനായിത്തന്നെയാണ് മറ്റുള്ളവര്‍ സനിയയെ കണ്ടത്. അവര്‍ക്കു സനിയയില്‍നിന്നു വേണ്ടിയിരുന്നതും പുരുഷന്റെ പ്രവൃത്തിയും പെരുമാറ്റവുമായിരുന്നു. പക്ഷേ താനതല്ല എന്ന് സനിയ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്നോടും തന്റെ ചുറ്റുമുള്ളവരോടും. പതുക്കെ വിഷാദരോഗത്തിന്റെ പിടിയിലായി സനിയ. താന്‍ അകപ്പെട്ടിരിക്കുന്ന പ്രശ്നത്തില്‍നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് ഒരു പിടിയുമില്ലാത്ത അവസ്ഥ. അസ്വസ്ഥകള്‍ അമ്മയുമായി ചര്‍ച്ച ചെയ്തപ്പോള്‍ വിവാഹം കഴിക്കുന്നതോടെ എല്ലാം മാറും എന്നായിരുന്നു ഉപദേശം.

വിവാഹം കഴിക്കാനുള്ള സമ്മര്‍ദങ്ങളെ അതീജീവിച്ച് ഒടുവില്‍ സനിയ ഒറ്റയ്ക്ക് ഗോവയിലേക്ക് യാത്രതിരിച്ചു. അവിടെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള ഒരു യുവതിയെ കണ്ടുമുട്ടി. ട്രാന്‍സ്ജെന്‍ഡര്‍ ആയതിന്റെ പേരില്‍ വീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട യുവതി. ഭാവിയെക്കുറിച്ചും, വ്യക്തിത്വത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ചുമെല്ലാം അവരുമായി സാനിയ ചർച്ച ചെയ്തു. അത്യന്തം ദയനീയമായിരുന്നു ജീവിതമെങ്കിലും അവര്‍ സ്വന്തം വ്യക്തിത്വം അംഗീകരിക്കാന്‍ സനിയെയെ പ്രേരിപ്പിച്ചു. 

ബെംഗളൂരുവില്‍ തിരിച്ചെത്തിയ സനിയ ഗസല്‍ ദലിവാല്‍ എന്നയാളുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞു. ആ ജീവിതത്തില്‍നിന്നു പ്രചോദനം നേടി സനിയ മാതാപിതാക്കള്‍ക്ക് തന്നെക്കുറിച്ചുള്ള ഒരു വിഡിയോ അയച്ചുകൊടുത്തു. ഇത്തവണ അപ്രതീക്ഷിതമായി അവരില്‍നിന്നു ലഭിച്ചതു പിന്തുണ. നീ എന്തു തീരുമാനമെടുത്താലും ഞങ്ങള്‍ കൂടെയുണ്ട് എന്നറിയിച്ചതോടെ  30–ാം വയസ്സിൽ സനിയയ്ക്കു മുന്നില്‍ പുതുജീവിതത്തിന്റെ കാവാടം തുറന്നു.

പുരുഷനില്‍നിന്നു സ്ത്രീയിലേക്കുള്ള മാറ്റത്തിന്റെ ആദ്യത്തെ മാസങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു. ശസ്ത്രക്രിയ. മരുന്നുകള്‍, ക്ഷീണം, തളര്‍ച്ച എന്നിവയാൽ വലഞ്ഞു. എട്ടുവര്‍ഷം ബെംഗളൂരുവില്‍ ജോലി ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തില്‍ വീണ്ടും ജോലി തുടങ്ങി സനിയ. 40 പേര്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിലെ മാനേജര്‍ എന്ന നിലയിലേക്കായി വളര്‍ച്ച. മാസം ഒരുലക്ഷത്തോളം ശമ്പളം. ഇക്കാലത്ത് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് സനിയ തന്റെ വ്യക്തിത്വം വിശദീകരിച്ചുകൊണ്ട് ഒരു മെയിൽ അയച്ചു. എന്തെങ്കിലും സംശയമുള്ളവര്‍ക്ക് തന്നോടു നേരിട്ടുതന്നെ ചോദിക്കാമെന്ന് വിശദീകരിച്ചുകൊണ്ട്. സ്ഥാപനത്തിലെ ഭൂരിപക്ഷം പേരും സനിയയെ അംഗീകരിച്ചു. കമ്പനിയുടെ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരും. ഒടുവില്‍ 2017-ല്‍ സനിയ ജോലി രാജിവച്ചു. ബാംഗോങ്ങിൽ വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയ. മൂന്നുമാസത്തോളം അമ്മയും സഹോദരനും കൂടെനിന്നു.

തിരിച്ചെത്തിയ സനിയയെ കാത്തിരുന്നത് ദേശീയ സൗന്ദര്യമല്‍സരം. സുഹൃത്ത് സമീക്ഷ പറഞ്ഞാണ് മല്‍സരത്തെക്കുറിച്ച് ആദ്യം സനിയ അറിഞ്ഞത്. ഹിമാചല്‍പ്രദേശിനെ പ്രതിനിധീകരിച്ച് സൗന്ദര്യമല്‍സരത്തില്‍ പങ്കെടുത്ത സനിയ ഒടുവില്‍ ഫസ്റ്റ് റണ്ണര്‍ അപ് സ്ഥാനവും നേടി. ദേശീയ ശ്രദ്ധ ലഭിച്ചതോടെ ഒരു മോഡലായി ജോലി ചെയ്യാന്‍ ശ്രമിക്കുകയാണു സനിയ. പക്ഷേ, കഴിവുണ്ടെങ്കിലും ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്നത് പരിമിതി തന്നെയാണെന്നു സനിയ തിരിച്ചറിയുന്നു.

മുന്നോട്ടുള്ള യാത്രയും കഠിമാണെന്ന് സനിയയ്ക്ക് അറിയാം. പക്ഷേ ദൃഡനിശ്ചയത്തോടെ ഭാവിയെ നേരിടാന്‍ തന്നെയാണു തീരുമാനം. കാരണം സനിയയ്ക്ക് ഇത് ജീവിതപ്പോരാട്ടം തന്നെ.