വയസ്സ് 94 ; ഫിറ്റ്നെസിൽ ഈ മുത്തശ്ശിയെ തോൽപിക്കാൻ ആവില്ല മക്കളെ

Edna Shepherd

വണ്ണം കുറയ്ക്കണം, ദിവസവും എക്സസൈസ് ചെയ്യണം. ഇങ്ങനെയൊക്കെയായിരുന്നു എല്ലാവരുടെയും പുതുവത്സര പ്രതിജ്ഞ. തുടക്കത്തിൽ വ്യായാമം ചെയ്യാനൊക്കെ ഉത്സാഹം കാട്ടിയിരുന്നെങ്കിലും ഈ കൊടും തണുപ്പത്ത് രാവിലെ എഴുന്നേൽക്കാനും വ്യായാമം ചെയ്യാനും എത്രപേർ മനസ്സുകാട്ടുന്നുണ്ട്? വെളുപ്പാൻ കാലത്തെ തണുപ്പോർത്ത് പുതപ്പിനുള്ളിൽ വലിയുന്നവർ ഈ 94വയസ്സുകാരി മുത്തശ്ശിയുടെ കഥയറിയണം.

ഈ പ്രായത്തിലും മടിയില്ലാതെ മുടങ്ങാതെ വ്യായാമം ചെയ്യാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും ഈ മുത്തശ്ശി മിടുക്കുകാട്ടുന്നതു കണ്ടാൽ ആരുമൊന്നു നാണിച്ചു പോകും. ആസ്ട്രേലിയക്കാരിയായ ഈ മുത്തശ്ശിയുടെ പേര് ഈഡൻ ഷെപേർഡ്. ആഴ്ചയിൽ 10 ജിംക്ലാസുകളാണ് കക്ഷി അറ്റെൻഡ് ചെയ്യുന്നത്. പ്രായമായിയെന്നു പറഞ്ഞ് പണിയെടുക്കാതെ മൂലയ്ക്കു ചുരുണ്ടു കൂടാനൊന്നും അമ്മൂമ്മയെ കിട്ടില്ല. പുറത്തിറങ്ങാനും പുതിയ സൗഹൃദങ്ങളുണ്ടാക്കാനുമൊക്കെ ഏറെയിഷ്ടമാണ് കക്ഷിക്ക്.

ഫിറ്റ്നസിന് വേണ്ടി ജിമ്മിൽ പോവുകമാത്രമല്ല അമ്മൂമ്മ ചെയ്യുന്നത്. എല്ലാ വ്യാഴാഴ്ചയും സുംബഡാൻസ് പരിശീലിക്കാനും പോകാറുണ്ട്. അമ്മൂമ്മയുടെ ഊർജ്ജസ്വലതയും മിടുക്കും കണ്ട് പ്രദേശവാസികൾ ഇടയ്ക്ക് പാരിതോഷികങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. പ്രായമായെന്നു പറഞ്ഞ് തന്റെ ജീവിത ശൈലിയിൽ മാറ്റം വരുത്താനൊന്നും ആൾ ഒരുക്കവുമല്ല.