ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ ; ആരെയാണു നിങ്ങൾ പേടിക്കുന്നത്?

മറ്റുള്ളവർ എന്തുപറയുന്നുവെന്നു നോക്കിയിരിക്കുകയാണ് ഓരോ ശീലങ്ങൾ മാറ്റാൻ. അങ്ങനെ മാറ്റി മാറ്റി സ്വന്തമായി ഒരു സ്വഭാവമോ ശീലങ്ങളോയില്ലാത്തവരായി ഒടുവിൽ മാറുകയും ചെയ്യും. അങ്ങനെയുള്ള ചില പെൺശീലങ്ങളെ കണക്കറ്റു പരിഹസിക്കുകയാണ് ഈ വിഡിയോയിൽ. കൈയ്യില്ലാത്ത വസ്ത്രം ധരിക്കുമ്പോഴും ഇറക്കം കുറഞ്ഞ പാവാട ധരിക്കുമ്പോഴുമെല്ലാം മറ്റുള്ളവരുടെ നോട്ടങ്ങളെ ഭയന്ന് സ്ത്രീകൾ ചില മുൻകരുതലുകളെടുക്കാറുണ്ട്.

ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച് ശാരീര ഭാഷയിൽപ്പോലും മാറ്റം വരുത്തിയാണ് അവർ ജീവിക്കുന്നത്. സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാൽ‍ സ്വതന്ത്രമായി ഒന്നു കൈയുർത്താനോ സ്ലിറ്റിട്ട വസ്ത്രം ധരിച്ചിട്ട് കംഫർട്ടബിളായി ഇരിക്കാനോ അവർക്കു സാധിക്കുന്നില്ല. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള കൊതി ഒരു വശത്ത്. തുറിച്ചുനോട്ടങ്ങളെ ഭയന്നുള്ള ബോധപൂർവമായ ചില മുൻകരുതലുകൾ മറുഭാഗത്ത്.

ആകെ ആശയക്കുഴപ്പത്തിൽ ജീവിക്കുന്ന സ്ത്രീകളും അവരെ നോട്ടംകൊണ്ടു ഭയപ്പെടുത്തുന്ന ആളുകളും ഈ വിഡിയോ കാണണം. ഫാഷന്‍ പ്രസിദ്ധീകരണമായ എല്ലെയും വിലവ് ഗ്ലോബലും ചേര്‍ന്നാണ് വീഡിയോ ഒരുക്കിയത്. ഫെബ്രുവരി ഒന്നിന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 24 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധിയാളുകൾ ഈ വിഡിയോ പങ്കുവെയ്ക്കുകയും ഇതിനോട് അനുകൂല പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള ധൈര്യമുണ്ടെങ്കിൽ പിന്നെന്തിനു തുറിച്ചു നോട്ടങ്ങളെഭയന്ന് ശരീരചലനങ്ങളിൽപ്പോലും നിയന്ത്രണം വരുത്തണം?. വസ്ത്രം ധരിച്ചത് സ്വന്തം ഇഷ്ടത്തിനാണെങ്കിൽ തുറിച്ചു നോട്ടങ്ങളെ അവഗണിക്കാനുള്ള ആർജജവവും ഉണ്ടാകണമെന്നും ഈ വിഡിയോ പറഞ്ഞുവെയ്ക്കുന്നു.