ഗുർമെഹറിന് സെവാഗിന്റെ മറുപടി

മൂന്നു ട്രിപ്പിൾ സെഞ്ച്വറിയടിച്ചത് താനല്ലെന്നും തന്റെ ബാറ്റാണെന്നുമെഴുതിയ പ്ലക്കാർഡേന്തിയാണ് സേവാഗിന്റെ നിൽപ്പ്. ഗുൽമെഹറിന്റെ പ്ലക്കാർഡ് ഏറ്റെടുത്തതുപോലെ സമൂഹമാധ്യമങ്ങളും ആരാധകരും സേവാഗിന്റെയും പ്ലക്കാർഡുകളെ ഏറ്റെടുത്തു കഴിഞ്ഞു.

കാർഗിൽ രക്തസാക്ഷി ക്യാപ്റ്റൻ മൻദീപ് സിങ്ങിന്റെ മകൾ ഗുർമെഹർ കൗർ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ അവളുടെ പ്ലക്കാർഡ് പോസ്റ്റുകൾക്ക് അതേ നാണയത്തിൽ മറുപടി പറയുകയാണ് വീരേന്ദർ സേവാഗ്. താൻ കാർഗിൽ രക്തസാക്ഷിയുടെ മകളാണെന്നും തന്റെ അച്ഛനെ കൊന്നത് പാക്കിസ്ഥാനല്ല യുദ്ധമാണ് എന്ന സന്ദേശമേന്തിയ പ്ലക്കാർഡുകളുമായാണ്
ഗുർമെഹർ കൗർ ആദ്യം വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴാകട്ടെ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ രാംജാസ് കോളജിലുണ്ടായ സംഘർഷത്തിൽ എബിവിപിയെ കുറ്റപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് കുറിപ്പെഴുതിയതിനും.

തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പ്രോകോപിതരായ എബിവിപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ മാനഭംഗഭീഷണി മുഴക്കിയെന്നാരോപിച്ച് ഗുർമെഹർ കൗർ സംസ്ഥാന വനിതാകമ്മിഷനു പരാതിനൽകുകയും ചെയ്തിരുന്നു. തുടർന്ന് വിദ്യാർഥിനിക്ക് ആവശ്യമായ സുരക്ഷയൊരുക്കാനും ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസെടുക്കാനും വനിതാകമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൽ ഡൽഹി പൊലീസിനു നിർദേശം നൽകി.

ഗുൽമെഹറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ അനുകരിച്ചുകൊണ്ട് പ്ലാക്കാർഡുകളേന്തിയ പ്രൊഫൈൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് പല പ്രമുഖരും. ഇത്തരത്തിൽ ശ്രദ്ധേയമായ ഒന്നാണ് ക്രിക്കറ്റ്താരം വീരേന്ദർ സേവാഗിന്റേത്. മൂന്നു ട്രിപ്പിൾ സെഞ്ച്വറിയടിച്ചത് താനല്ലെന്നും തന്റെ ബാറ്റാണെന്നുമെഴുതിയ പ്ലക്കാർഡേന്തിയാണ് സേവാഗിന്റെ നിൽപ്പ്. ഗുൽമെഹറിന്റെ പ്ലക്കാർഡ് ഏറ്റെടുത്തതുപോലെ സമൂഹമാധ്യമങ്ങളും ആരാധകരും സേവാഗിന്റെയും പ്ലക്കാർഡുകളെ ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ വൈറലായിക്കൊണ്ടിരിക്കുന്ന സേവാഗിന്റെ ചിത്രത്തിന് വിമർശനങ്ങളും ട്രോളുകളുമാണ് ഏറെ ലഭിക്കുന്നത്.

ഡൽഹി സർവകലാശാലയ്ക്കു കീഴിലെ രാംജാസ് കോളജിലെ വിദ്യാർഥികൾനടത്തിയ സെമിനാറുമായി ബന്ധപ്പെട്ടാണു ഗുർമെഹർ കൗർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷെ‌ഹ്‌ല റാഷിദ് ഷോറ എന്നിവരെ ക്ഷണിച്ചെന്നാരോപിച്ചു എബിവിപി പ്രവർത്തകർ സെമിനാർ തടസ്സപ്പെടുത്തി. അതോടെ ക്ഷണം റദ്ദാക്കുകയും തുടർന്ന് ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയും ചെയ്തു. ഈ പ്രവൃത്തിയിൽ പ്രകോപിതയായാണ് ഗുർമെഹർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.


ഗുർമെഹർ കൗറിന്റെ പ്ലക്കാർഡ് പോരാട്ടങ്ങൾ

നാവുകൊണ്ടല്ല ഹൃദയം കൊണ്ടാണ് ഒരു ആയുസുമുഴുവൻ ഉള്ളിലൊതുക്കിയ സങ്കടം അവൾ കാണിച്ചു തരുന്നത്. അതുകൊണ്ട് തന്നെയാണ് തൻെറ ജീവിതം പ്ലക്കാർഡിലാക്കി അവൾ പ്രദർശിപ്പിച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഒരുപാടു പേരുടെ ഹൃദയത്തിൽ തൊട്ട് മുന്നേറിയതും.

നാലു മിനിറ്റു മാത്രം ദൈർഘ്യമുള്ള ഒരു വിഡിയോയിലൂടെ തൻെറ ജീവിത കഥ പറഞ്ഞ പെൺകുട്ടിയുടെ പേര് ഗുർമെഹർ കൗർ. കാർഗിൽ യുദ്ധത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ മൻദീപ് സിങ്ങിൻെറ മകൾ. ഇന്ത്യയിലെ ജലന്തറിൽ നിന്നുള്ള ഈ കൗമാരക്കാരി ഇംഗ്ലീഷിലെഴുതിയുണ്ടാക്കിയ 30 പ്ലക്കാർഡിലൂടെയാണ് വിഡിയോയിൽ സംവദിക്കുന്നത്. ഹൃദയസ്പർശിയായ പശ്ചാത്തല സംഗീതത്തിനൊപ്പം തൻെറ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ കാർഗിൽ യുദ്ധത്തെക്കുറിച്ചും അച്ഛൻ മരണപ്പെട്ടതിനെക്കുറിച്ചുമെല്ലാം അവൾ പ്ലക്കാർഡിലൂടെ സംവദിക്കുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതമൂലമുണ്ടായ കാർഗിൽ യുദ്ധമാണ് തൻെറ അച്ഛൻെറ ജീവനെടുത്തതെന്നും അതുകൊണ്ട് പാക്കിസ്ഥാനികളെ താൻ വെറുക്കുന്നുവെന്നും പ്ലക്കാർഡിലൂടെ അവൾ പറയുമ്പോൾ ഇവൾക്ക് ഇസ്‌ലാമോ ഫോബിയ ആണെന്ന് നിങ്ങൾ മുദ്രകുത്തിയേക്കാം. എന്നാൽ അങ്ങനെയൊരു മുൻധാരണ വരുന്നതിനു മുമ്പു തന്നെ ആ 30 പ്ലക്കാർഡുകൾക്ക് എന്താണ് പറയാനുള്ളതെന്ന് നിങ്ങൾ അറിയണം.

വീഡിയോയിൽ അവൾ സ്വയം പരിചയപ്പെടുത്തിയ ശേഷം അവളുടെ ജീവിതത്തെക്കുറിച്ചു പറയുന്നു. 1999 ലെ കാർഗിൽ യുദ്ധത്തിൽ അച്ഛൻ മരിക്കുമ്പോൾ അവൾക്ക് 2 വയസായിരുന്നു പ്രായം. തനിക്ക് അച്ഛനെ നഷ്ടപ്പെടുത്തിയത് പാക്കിസ്ഥാൻ ആണെന്ന തെറ്റിദ്ധാരണയിൽ ആയിരുന്നു പിന്നീട് അവളുടെ വളർച്ച. ആ തെറ്റിദ്ധാരണ മൂലം ആറാം വയസിൽ ബുർക്ക ധരിച്ച ഒരു സ്ത്രീയെ അവൾ കുത്തിപരിക്കേൽപിച്ചു.

വളരെ പാടുപെട്ടാണ് അവളുടെ അമ്മ അവളെ പിന്തിരിപ്പിച്ചത്. പിന്നീട് അവർ മകളെ പറഞ്ഞു മനസിലാക്കി പാക്കിസ്ഥാനികളല്ല അവളുടെ അച്ഛനെ കൊന്നതെന്നും. മറിച്ച് യുദ്ധമാണ് അവളുടെ അച്ഛൻെറ ഘാതകനെന്നും. അവളെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ അറിവായിരുന്നു. അന്നു മുതൽ അവൾ അച്ഛനെ പോലെ ഒരു സോൾജിയറാകാൻ തീരുമാനിച്ചു. യുദ്ധത്തിനിറങ്ങുന്ന സോൾജിയറാകാനല്ല. രാജ്യങ്ങൾ തമ്മിലുള്ള ശത്രുത ഇല്ലാതാക്കാൻ ശ്രമിക്കുന്ന സോൾജിയർ. സമാധാനത്തിൻെറ പാതയിലൂടെ ഇരു രാജ്യങ്ങളും ഒന്നിക്കണമെന്നാഗ്രഹിക്കുന്ന സോൾജിയർ.

ആ ശ്രമത്തിൻെറ ഭാഗമായാണ് ശത്രുത മറന്ന് ഒന്നായി പ്രവർത്തിക്കുന്ന ഫ്രാൻസ്-ജർമിനി, ജപ്പാൻ-യു എസ് എ എന്നീ രാജ്യങ്ങളെ ഉദാഹരണമാക്കി അവൾ പ്ലക്കാർഡ് വിഡിയോയിലൂടെ ചോദിക്കുന്നു. ഇന്ത്യയും -പാക്കിസ്ഥാനും ശത്രുത മറന്ന് ഒന്നാകാൻ എന്നെ പോലെ നിങ്ങളും ശ്രമിക്കൂ. കൊലപാതകങ്ങൾ മതിയാക്കൂ. അതിർത്തികളിൽ മരിച്ചു വീഴുന്ന നിഷ്കളങ്കരായ ജനങ്ങളെ ഓർത്ത് ഭരണാധികാരികൾ സന്ധി ചെയ്യാൻ തയാറാകൂ.

മൂന്നാംകിട നേതാക്കൻമാരുള്ള ഒന്നാംകിട രാജ്യങ്ങൾ എന്ന പേരുദോഷം മാറ്റാൻ ഒരുമിച്ച് പ്രവർത്തിക്കൂ. സ്റ്റേറ്റ് സ്പോൺസേഡ് തീവ്രവാദവും സ്റ്റേറ്റ് സ്പോൺസേഡ് ചാരപ്രവർത്തിയും മതിയാക്കൂ. എന്ന് ആഹ്വാനം ചെയ്തുകൊണ്ട് അവൾ ഒന്നു കൂടി പറയുന്നു.

ഇനിയൊരു ഗുർമെഹർ കൗർ ഇവിടെ പുനർജനിക്കാതിരിക്കട്ടെ.... തിരിച്ചറിവാകുന്ന പ്രായത്തിനു മുൻപെ അച്ഛനെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ ഇനിയിവിടെ ഉണ്ടാവാതിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് പ്രൊഫൈൽ ഫോർ പീസ് എന്ന പ്ലക്കാർഡും കാട്ടിയാണ് അവൾ വിഡിയോ അവസാനിപ്പിച്ചത്. അനീതിക്കെതിരെ ഇനിയും പ്ലക്കാർഡ് പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് ഗുർമെഹർ പറയുന്നത്.