Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ കടവും ശമ്പളച്ചെലവും ആശങ്കാജനകം: ധനകാര്യ കമ്മിഷൻ

nk-singh ധനകാര്യ കമ്മിഷൻ അധ്യക്ഷൻ എൻ.കെ.സിങ്

തിരുവനന്തപുരം∙ കേരളത്തിന്റെ വർധിച്ചുവരുന്ന കടമെടുപ്പും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി റവന്യുചെലിന്റെ സിംഹഭാഗവും ചെലഴിക്കേണ്ടി വരുന്നതും ആശങ്കപ്പെടുത്തുന്നതായി ധനകാര്യ കമ്മിഷൻ അധ്യക്ഷൻ എൻ.കെ.സിങ്. ശമ്പളത്തിനു മാത്രം റവന്യു വരുമാനത്തിന്റെ 60% ചെലവഴിക്കേണ്ടിവരുന്നു. ഇതുകാരണം, റവന്യുകമ്മി കുതിക്കുകയാണ്. ഇതേക്കുറിച്ചു സർക്കാരിനു ബോധ്യമുണ്ടെന്നതാണ് ആശ്വാസകരം. സമീപഭാവിയിൽ റവന്യുകമ്മി മൂന്നുശതമാനത്തിൽ എത്തിക്കാൻ  സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു. 

കെഎസ്ഇബി, കെഎസ്ആർടിസി, ജല അതോറിറ്റി എന്നിവയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നതു സാമ്പത്തിക സ്ഥിതി സങ്കീർണമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ മെച്ചപ്പെടുത്തണം. കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ ഞങ്ങളല്ല നിശ്ചയിക്കുന്നത്. അവ ഒരു സംസ്ഥാനത്തിനും എതിരല്ല. കമ്മിഷനു മുന്നിൽ കേരളം പ്രകടിപ്പിച്ച ആശങ്കകൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ജനസംഖ്യ മാനദണ്ഡമായി പരിഗണിക്കുകയാണെങ്കിൽ 2011ലെ സെൻസസ് കണക്കാക്കണം എന്നാണു നിർദേശം. മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾക്കു പ്രതിഫലവും ആനുകൂല്യവും നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കമ്മിഷന്റെ പരിഗണനാവിഷയങ്ങളിലും 1971 ലെ ജനസംഖ്യ പരിഗണിക്കണമെന്നു പറഞ്ഞിരുന്നു. എന്നാൽ അവർ 1971 ഉം 2011 ഉം പരിഗണിച്ചു. രണ്ടിനും പ്രത്യേക വെയിറ്റേജും നൽകി. ഓരോ സംസ്ഥാനങ്ങളുടെയും നേട്ടങ്ങൾക്ക് അനുസരിച്ചുള്ള പ്രതിഫലവും ആനുകൂല്യവും നൽകുമെന്നും സിങ് പറഞ്ഞു.