Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ – യുഎസ് 2 പ്ലസ് 2 ചർച്ച: പക്ഷം പിടിക്കാതെ ഇന്ത്യ

india-US ‘2 പ്ലസ് 2’ ചർച്ചയെക്കുറിച്ച് വിശദീകരിക്കുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവർ സമീപം. (ഫയൽ ചിത്രം)

ജൂൺ ഒന്നിന് സിംഗപ്പൂരിൽ നടന്ന ഷാങ്ഗ്രില ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ വേണം ഇക്കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ – യുഎസ് ‘2 പ്ലസ് 2’ ചർച്ച വിലയിരുത്താൻ. യുഎസ്, ചൈനീസ് പക്ഷംപിടിക്കലുകളില്ലാത്ത ആ പ്രസംഗം, ഇൻഡോ – പസിഫിക് മേഖലയിൽ വർധിക്കുന്ന ചൈനയുടെ സ്വാധീനത്തിനെതിരെ സംയുക്ത പ്രതിരോധത്തിന് ഇന്ത്യ തയാറാണോ എന്ന കാര്യത്തിൽ യുഎസിന് സംശയങ്ങളുണ്ടാക്കിയേക്കാം.

യുഎസിന്റെ തിടുക്കം

ഇന്ത്യൻ നാവികസേനയുമായി യോജിച്ചു പ്രവർത്തിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും തിടുക്കം കൂട്ടുന്നതിനു വ്യക്തമായ കാരണങ്ങളുണ്ട്. ജൂണിൽ ചൈന സന്ദർശിച്ച മാറ്റിസിനോട് പ്രസിഡന്റ് ഷി ചിൻ പിങ് പറഞ്ഞ ‘പൂർവികർ കൈമാറിയ ഒരി‍ഞ്ചു ഭൂമി പോലും ഞങ്ങൾ നഷ്ടപ്പെടുത്തില്ല’ എന്ന വാക്യത്തിലാണ് അതിന്റെ താക്കോലുള്ളത്. തെക്കൻ ചൈനാ കടലിലെ ചൈനീസ് സൈനിക സാന്നിധ്യം ഒഴിവാക്കുന്നതിൽ പരാജയപ്പെട്ടതോടെ, പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുമായി യുഎസിന്റെ നോട്ടം. ഇവിടങ്ങളിൽ സമുദ്രപാതാ വിനിമയങ്ങൾ സ്വതന്ത്രമായി നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്താൻ യുഎസ് ഇപ്പോൾ ഇരട്ടി ശ്രമം നടത്തുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക വ്യാപാര, നാവിക സാന്നിധ്യമായ ഇന്ത്യയുടെ സമ്പൂർണ പിന്തുണ ഇക്കാര്യത്തിൽ യുഎസിന് അനിവാര്യമാണ്.

2017ലെ ദോക് ലാ പ്രശ്നത്തിൽനിന്ന് ഉൾക്കൊണ്ട പാഠത്തിൽ നിന്നുള്ള കരുതൽ മോദിയുടെ ഷാങ്ഗ്രില പ്രസംഗത്തിലുണ്ട്. ഇന്തോ– പസിഫിക് മേഖലയിൽ യുഎസ് സൈന്യവുമായി കൈകോർക്കുന്നത് ചൈനയുമായുള്ള അതിർത്തി തർക്കങ്ങളിൽ പ്രതിഫലിക്കുമെന്നതാണ് ആ പാഠം. ദോക് ലായിൽ സംഘർഷമുണ്ടാകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഏപ്രിലിൽ ചൈനയിലെ വുഹാനിൽ നടന്ന അനൗപചാരിക ഉച്ചകോടിയിൽ, ലോകനന്മയ്ക്കായി ചൈനയുമായി സഹകരിക്കാൻ ഇന്ത്യ തീരുമാനമെടുത്തത്.

നേട്ടവും കോട്ടവും 

ഇങ്ങനെയൊക്കെയാണെങ്കിലും യുഎസുമായി തന്ത്രപ്രധാനമായ സഹകരണം ഇന്ത്യ കാംക്ഷിക്കുന്നതിന്റെ കാരണങ്ങൾ സുവ്യക്തമാണ്. ചൈനയുടെ വർധിത സൈനികശേഷിയുടെ ഭീഷണി കുറയ്ക്കാനും ആണവദാതാക്കളുടെ സംഘം (എൻഎസ്ജി), യുഎൻ രക്ഷാ കൗൺസിൽ എന്നിവയിൽ അംഗത്വം നേടുക വഴി വമ്പൻ രാജ്യങ്ങളുടെ കൂട്ടുകെട്ടിൽ അംഗമാകാനും യുഎസിന്റെ പിന്തുണ വേണമെന്ന് ഇന്ത്യ വിശ്വസിക്കുന്നു.

ആശയവിനിമയ, സുരക്ഷാ കരാറിൽ ഒപ്പുവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇതിനോടു ചേർത്തുവച്ചു വേണം കാണാൻ. സുരക്ഷിതമായ നാറ്റോ ലിങ്കുകളിലൂടെ ഇരു രാജ്യങ്ങൾക്കും ആശയവിനിമയം സാധ്യമാകും. ഇത് ഇന്ത്യൻ നാവികസേനയ്ക്കു മെച്ചപ്പെട്ട സമുദ്രാവബോധം നൽകാനും സഹായിക്കും. പ്രധാനമല്ലെങ്കിലും ഇതിന്റെ ചില പോരായ്മകളും പറയേണ്ടതുണ്ട്. യുഎസിന് ഇന്ത്യയുടെ മേൽ സൈബർ ആക്രമണം നടത്താനാകുമെന്നതാണ് മുഖ്യം. വിവരങ്ങളെല്ലാം യുഎസ് പാക്കിസ്ഥാനു കൈമാറുമെന്നല്ല, എന്നാൽ ഇന്ത്യൻ വിവര വിനിമയ മേഖലയെ തകർക്കാൻ യുഎസിന് ഒരു വൈറസിന്റെ സഹായം മതിയാകും. 

‌യുഎസുമായി സംയുക്ത ആക്രമണശേഷി കൈവരിക്കുക ഇന്ത്യയ്ക്ക് അത്ര എളുപ്പമല്ല. അതിനു നാലു ഘട്ടങ്ങളാണുള്ളത്. ഉപകരണങ്ങളുടെ സമാനത, യുഎസിന്റെ നാല് അടിസ്ഥാന കരാറുകൾ ഒപ്പുവയ്ക്കുക, യുദ്ധ തത്വങ്ങളും ചട്ടങ്ങളും പരിശീലനപരിപാടികളും ചർച്ച ചെയ്യുക, നാവിക പട്രോളിങ്ങിൽ സംയുക്ത പരിശീലനം എന്നിവയാണത്. എന്തായാലും യുഎസുമായി പ്രതിരോധ സഹകരണത്തിൽ മുന്നോട്ടു പോകാൻ തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

(‘ഫോഴ്സ്’ ന്യൂസ് മാഗസിൻ എഡിറ്ററാണ് ലേഖകൻ)

related stories