Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരുമൊന്നു പേടിക്കും; ‘എസ് 400’ ഇന്ത്യയ്ക്കു മുതൽക്കൂട്ട്

s-400

അത്യാധുനിക വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ ‘എസ് 400 ട്രയംഫ്’ റഷ്യയിൽനിന്നു വാങ്ങാൻ കരാറൊപ്പിട്ടതുവഴി, കരുത്തുറ്റ പ്രതിരോധ സേനകളുടെ മുൻനിരയിലേക്ക് ഇന്ത്യ തലയെടുപ്പോടെ എത്തുന്നു. ചൈന – പാക്കിസ്ഥാൻ വെല്ലുവിളികൾ നേരിടാൻ ഇന്ത്യയ്ക്ക് ഊർജം പകരുന്ന എസ് 400, യുഎസിന്റെയും ഉറക്കംകെടുത്തും. ദക്ഷിണേഷ്യൻ മേഖലയിൽ അവഗണിക്കാൻ പറ്റാത്ത സൈനികശക്തിയായി ഇന്ത്യയെ മാറ്റുന്നതിൽ എസ് 400 നിർണായക പങ്കുവഹിക്കും. റഷ്യയിൽ നിന്നു വാങ്ങുന്ന അഞ്ച് മിസൈൽ യൂണിറ്റുകളിൽ ആദ്യത്തേത് രണ്ടു വർഷത്തിനകം വ്യോമസേനയുടെ ഭാഗമാകും. ബാക്കിയുള്ളവ പിന്നാലെയെത്തും. 

പാക്കിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ്

പാക്ക്, ചൈന അതിർത്തികളിൽ ആകാശമാർഗമുള്ള ഏത് ആക്രമണവും നേരിടാൻ മിസൈലിനു ശേഷിയുണ്ട്. നിലവിൽ ഇരു രാജ്യങ്ങളുടെയും പക്കലുള്ള യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ എസ് 400നു സാധിക്കുമെന്നു പ്രതിരോധ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മിസൈലിന്റെ ഭാഗമായുള്ള റഡാറുകൾക്ക് 600 കിലോമീറ്റർ വരെ നിരീക്ഷിക്കാനാകും. അതിർത്തിമേഖലയിൽ ഇവ സ്ഥാപിക്കുന്നതോടെ, പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയെ ലക്ഷ്യമിട്ടു പറന്നുയരുന്ന ഏതു വസ്തുവും നിമിഷങ്ങൾക്കുള്ളിൽ റഡാറുകൾ കണ്ടെത്തും; തൊട്ടുപിന്നാലെ മിസൈലുകൾ ഉപയോഗിച്ച് അവ തകർക്കും. 

ശത്രുസേനയ്ക്കു കടക്കാനാവാത്തവിധം ഇന്ത്യൻ വ്യോമാതിർത്തിക്ക് ഇതുവഴി ആകാശക്കാവലൊരുക്കാം. പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിൽ മൂന്നു മിസൈൽ യൂണിറ്റുകൾ സജ്ജമാക്കും. ചൈനയുമായുള്ള അതിർത്തിയിൽ രണ്ടെണ്ണവും. ആക്രമണ ലക്ഷ്യത്തോടെയല്ല ഇന്ത്യ മിസൈലുകൾ സ്വന്തമാക്കുന്നത്. മറിച്ച്, ഏത് ആക്രമണവും നേരിടാൻ തങ്ങൾക്കു കെൽപുണ്ടെന്ന മുന്നറിയിപ്പ് അയൽരാജ്യങ്ങൾക്കു നൽകാൻ വേണ്ടിയാണ്. ആക്രമണമല്ല, പ്രതിരോധമാണ് എസ് 400ന്റെ പ്രാഥമിക ദൗത്യം. 

ആകാശക്കോട്ടയ്ക്ക് ദ്വിതല പൂട്ട്

വ്യോമപ്രതിരോധത്തിൽ വിദേശി – സ്വദേശി മിസൈലുകളുടെ സംഗമത്തിനൊരുങ്ങുകയാണ് ഇന്ത്യ. വിദേശിയായ എസ് 400 അതിർത്തിമേഖലകളിൽ കാവലൊരുക്കുമ്പോൾ, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിക്കുന്ന മിസൈൽവേധ സംവിധാനം (ശത്രുവിന്റെ മിസൈലുകൾ തകർക്കുന്ന ഇന്റർസെപ്റ്റർ മിസൈൽ) വൈകാതെ സേനയുടെ ഭാഗമാകും. 

‘പ്രോഗ്രാം എഡി’ എന്ന കോഡ് നാമമുള്ള ഡിആർഡിഒ പദ്ധതിയിലൂടെ ദീർഘ – ഹ്രസ്വദൂര മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കും. പൃഥ്വി എയർ ഡിഫൻസ് (ദീർഘദൂരം), അഡ്വാൻസ്ഡ് എയർ ഡിഫൻസ് (ഹ്രസ്വദൂരം) എന്നിവയുൾപ്പെട്ട പ്രോഗ്രാം എഡി മിസൈലുകൾ ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങൾക്കു വ്യോമപ്രതിരോധം ഒരുക്കും. 

എസ് 400, യുഎസിന്റെ കണ്ണിലെ കരട്

റഷ്യയിൽ നിന്ന് ഇന്ത്യ എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിനെ യുഎസ് എതിർക്കുന്നതിന് പിന്നിൽ പുറത്തുപറയാൻ അവർക്കു മടി തോന്നാവുന്ന ഒരു കാരണമുണ്ട്. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനമെന്ന പെരുമയുള്ള യുഎസിന്റെ എഫ് 35നെ തകർക്കാൻ കെൽപുള്ളതാണ് എസ് 400 എന്നതാണത്.

കൈവിടുമോ റഷ്യയെ?

തങ്ങളുടെ എതിരാളികളായ റഷ്യ, ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളിൽ കരാറിൽ ഏർപ്പെടുന്നവർക്കെതിരെ യുഎസ് ചുമത്തുന്ന ഉപരോധം വകവയ്ക്കാതെയാണ് എസ് 400 വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. ഉപരോധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭാവിയിൽ റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകളിൽനിന്ന് ഇന്ത്യ ഒഴിഞ്ഞുമാറുമോ? ഇല്ല എന്നാണു പ്രതിരോധ മേഖലയിലെ ഉന്നതർ നൽകുന്ന സൂചന. റഷ്യയിൽനിന്ന് ഇനിയും പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ഇന്ത്യയ്ക്കു താൽപര്യമുണ്ട്. 

റഷ്യയുമായി ഇന്ത്യ ലക്ഷ്യമിടുന്ന ഭാവി ഇടപാടുകൾ

∙ നാലു ചെറു യുദ്ധക്കപ്പലുകൾ. ഇതിൽ രണ്ടെണ്ണം റഷ്യയിൽനിന്നു നേരിട്ടു വാങ്ങും, രണ്ടെണ്ണം ഗോവ ഷിപ്‌യാഡിൽ നിർമിക്കും. 15,840 കോടി രൂപയുടെ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു.

∙ കാമോവ് 226 ടി ഹെലിക്കോപ്റ്ററുകൾ – യുദ്ധമുന്നണിയിൽ ഉപയോഗിക്കാവുന്ന ആയുധസജ്ജമായ ഹെലിക്കോപ്റ്റർ. 200 എണ്ണം വാങ്ങുകയാണു ലക്ഷ്യം. ഹെലിക്കോപ്റ്ററുകൾ ഇന്ത്യയ്ക്ക് ആവശ്യമാണെന്നാണു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിലപാട്.

അനങ്ങിയാൽ അറിയും

പാക്കിസ്ഥാനിലെ മിക്ക വ്യോമതാവളങ്ങളിൽനിന്നും ഒരു പോർവിമാനം പറന്നുയർന്നാൽ അപ്പോൾ തന്നെ അത് ഇന്ത്യയുടെ റഡാർ ദൃഷ്ടിയിൽ പതിയും. നിരീക്ഷണപ്പറക്കലുകൾ പോലും അപ്പപ്പോളറിയാം. ഉദാഹരണത്തിന്, ജലന്തറിലെ അദംപുർ എയർഫോഴ്സ് ബേസിൽ എസ്400 സംവിധാനം സ്ഥാപിച്ചാൽ പാക്കിസ്ഥാനിലെ സർഗോധ വ്യോമതാവളവും രാജസ്ഥാനിലെ ജോധ്പുരിൽ എസ്400 സ്ഥാപിച്ചാൽ ബലൂചിസ്ഥാൻ പ്രവിശ്യയും നിരീക്ഷിക്കാനാവും. 

തങ്ങളുടെ പരിശീലനപ്പറക്കൽപോലും ഇന്ത്യയുടെ റഡാർ കണ്ണിലുണ്ടെന്നത് പാക്ക് പൈലറ്റുമാരുടെ ഉറക്കം കളയും.

ചൈനയുടെ ആശങ്ക

ചൈനീസ് അതിർത്തിയിൽ ഇന്ത്യ സജ്ജമാക്കുക 2 എസ് 400 യൂണിറ്റുകൾ. ഇരു രാജ്യങ്ങൾക്കും എസ് 400 ശേഷിയുണ്ട്. കരമാർഗം സഞ്ചാരം പ്രയാസകരമായ ചൈന അതിർത്തിയിൽ, ആക്രമണത്തിനും പ്രത്യാക്രമണത്തിനും എസ്400 ഫലപ്രദം. എസ്400 ഇന്ത്യയ്ക്കു ലഭിക്കുന്നതോടെ നിലവിലെ സാഹചര്യത്തിൽ ചൈനയ്ക്കുള്ള മേൽക്കൈ നഷ്ടമാകും.  

2014ൽ റഷ്യയുമായി കരാറൊപ്പിട്ട ചൈനയ്ക്ക് എസ് 400ന്റെ 1 യൂണിറ്റ് ലഭിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് ആദ്യ യൂണിറ്റ് ലഭിക്കുക രണ്ടു വർഷത്തിനു ശേഷം.

പോരായ്മകൾക്കുള്ള മരുന്ന്

പ്രതിരോധ കരുത്ത് വർധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് എസ് 400 ട്രയംഫ് കുതിപ്പേകും. ‘എസ്എ 21 ഗ്രൗളർ’ എന്നാണ് നാറ്റോ സേനയിൽ ഈ മിസൈലിന്റെ കോഡ് നാമം. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യ സ്വന്തമാക്കുന്നത്. 

ശത്രുരാജ്യങ്ങളിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ, ഉയരങ്ങളിൽ പറക്കുന്ന യുദ്ധവിമാനങ്ങൾ എന്നിവയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ സേനയ്ക്കുണ്ടായിരുന്ന പോരായ്മകൾ ഇതു പരിഹരിക്കും. രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ, നമ്മെ ആക്രമിക്കുന്നതിൽനിന്നു മറ്റു രാജ്യങ്ങളെ പിന്തിരിപ്പിക്കാനും എസ് 400നു കെൽപുണ്ട്. 

മിസൈൽ വാങ്ങാനുള്ള കരാർ ഒപ്പിട്ടതിൽ പ്രതിരോധസേനകൾ സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. സമ്മർദങ്ങൾക്കു വഴങ്ങാതെ രാജ്യസുരക്ഷയ്ക്കു മുൻഗണന നൽകിയ സർക്കാർ നിലപാടാണ് കരാർ യാഥാർഥ്യമാക്കാൻ വഴിയൊരുക്കിയത്. - ലഫ്. ജനറൽ (റിട്ട) ശരത് ചന്ദ്, കരസേനാ മുൻ സഹമേധാവി

ഗ്രാഫിക്സ്: മനോരമ