Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷകവേഷം, പിന്നെ പീഡനം

Asaram-Bapu

ജയ്പുർ ∙ അസാറാം ബാപ്പുവിനെ അഴിക്കുള്ളിലെത്തിച്ചത് ഒന്നുമാത്രം – ഇരയായ പതിനാറുകാരിയുടെ നിശ്ചയദാർഢ്യം. രക്ഷകനായി മനസ്സിൽ ആരാധിച്ച ആൾ പീഡകനായി മാറിയപ്പോൾ പെൺകുട്ടിയും കുടുംബവും തകർന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലെ ഇടത്തരം കുടുംബത്തിൽനിന്നുള്ള പെൺകുട്ടി. അവളുടെ മാതാപിതാക്കൾക്കു അവളെ കൂടാതെ രണ്ട് ആൺമക്കളും. പിതാവു നടത്തുന്ന ചെറിയ ട്രാൻസ്പോർട്ട് ബിസിനസ് പ്രതിസന്ധി നേരിട്ടപ്പോഴാണ് കുടുംബം അസാറാമിന്റെ ഭക്തരായത്.

പെൺകുട്ടി ഏഴാം ക്ലാസ് പാസായപ്പോൾ ചിന്ദ്‍വാരയിലെ ഗുരുകുലത്തിൽ പഠിക്കാൻ അസാറാം ആവശ്യപ്പെട്ടു. അങ്ങനെ മൂന്നാം ക്ലാസിലുള്ള ഇളയസഹോദരനൊപ്പം ഗുരുകുലത്തിൽ എത്തി. 11–ാം ക്ലാസിൽ പഠിക്കുമ്പോഴാണു ഹോസ്റ്റലിൽ തലചുറ്റി വീണത്. കുട്ടിയുടെ ശരീരത്തിൽ ദുഷ്ടാത്മാവ് പ്രവേശിച്ചെന്നു പറഞ്ഞ് മന്ത്രങ്ങൾ ചൊല്ലി അതിനെ അകറ്റാൻ ഗുരുകുലം മാനേജ്മെന്റ് ആവശ്യപ്പെട്ടു. പിന്നീടാണു മാതാപിതാക്കളോടൊപ്പം 2013 ഓഗസ്റ്റ് 15ന് അസാറാമിന്റെ ജോധ്പുരിലെ ആശ്രമത്തിൽ ചികിൽസയ്ക്കായി എത്തിയത്. പൂജയ്ക്കുശേഷം അസാറാം മാതാപിതാക്കളെ പറഞ്ഞുവിട്ട്, പെൺകുട്ടിയെ മുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു.

കുട്ടിയുടെ വിഷമം കണ്ടറിഞ്ഞ അമ്മയാണ് അസാറാമിന്റെ ചെയ്തികൾ ചോദിച്ചറിഞ്ഞത്. ഇവർ ഡൽഹിയിലെത്തി കേസ് കൊടുത്തു. ഇതാണു പിന്നീടു രാജസ്ഥാൻ പൊലീസിനു കൈമാറിയത്. കേസ് റജിസ്റ്റർ ചെയ്ത ഡൽഹിയിലെ കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പിറ്റേ ആഴ്ച അസാറാമിന്റെ അനുയായികൾ ആക്രമിച്ചിരുന്നു.

അറസ്റ്റ് ഒഴിവാക്കാൻ മധ്യപ്രദേശിലെ ഇൻഡോറിലെ ആശ്രമത്തിൽ താമസമാക്കിയെങ്കിലും സെപ്റ്റംബർ ഒന്നിന് ജോധ്പുർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ലൈംഗിക ശേഷിയില്ല എന്ന വാദമാണ് അന്ന് 72കാരനായ അസാറാം ആദ്യം ഉയർത്തിയത്. എന്നാൽ വൈദ്യ പരിശോധനയിൽ ഇതു തെറ്റാണെന്നു കണ്ടെത്തി.

കേസിൽ സാക്ഷികളായിരുന്ന അസാറാമിന്റെ പാചകക്കാരൻ, പിഎ, എൽഐസി ഏജന്റ് എന്നിവർ വിചാരണസമയത്ത് വെടിയേറ്റു മരിച്ചു. അസാറാമിനെ ചികിൽസിച്ചിരുന്ന ആയുർവേദ ഡോക്ടറും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. സാക്ഷികളെ കൊന്നതിന് അറസ്റ്റിലായവർ അസാറാമിന്റെ ശിഷ്യന്മാരാണെന്നു വ്യക്തമായി. സാക്ഷികളായ മറ്റ് ഒൻപതുപേർക്കെതിരെ കൊലപാതക ശ്രമങ്ങളുണ്ടായി.

ഇതിനിടെ മുൻ യുപിഎ സർക്കാർ കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണ് ഇതെന്ന പ്രചാരണവും ശക്തമായി. പല ബിജെപി നേതാക്കളും അസാറാമിന് അനുകൂലമായി രംഗത്തിറങ്ങി. കേസിൽ ഹാജരാകുമെന്ന് സുബ്രഹ്മണ്യൻ സ്വാമി പ്രഖ്യാപിച്ചെങ്കിലും പിന്നീടു പിന്മാറി. പീഡനത്തിന് ഇരയായ പെൺകുട്ടിക്കും വീട്ടുകാർക്കും നേരെ നിരന്തരം വധഭീഷണിയുണ്ടായി. കേസ് അന്വേഷിച്ച ജോധ്പുർ എസ്പി അടക്കമുള്ള ഉദ്യോഗസ്ഥർക്കും പല അവസരങ്ങളിലായി വധഭീഷണി നേരിടേണ്ടിവന്നിരുന്നു. കേസിന്റെ വിവിധ ഘട്ടങ്ങളിൽ, മാധ്യമങ്ങൾ വാർത്ത നൽകുന്നതു തടയണമെന്നാവശ്യപ്പെട്ട് അസാറാം സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു.