Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖോയ് തകർന്നുവീണു; പൈലറ്റുമാർ രക്ഷപ്പെട്ടു, അപകടം പരീക്ഷണപ്പറക്കലിനിടെ

Sukhoi Crashed സുഖോയ് വിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നു വീണപ്പോൾ

ന്യൂഡൽഹി∙ യുദ്ധവിമാനമായ സുഖോയ് 30 എംകെഐ മഹാരാഷ്ട്രയിലെ നാസിക്കിൽ പരീക്ഷണപ്പറക്കലിനിടെ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന വിങ് കമാൻഡർ പ്രശാന്ത് നായർ, സ്ക്വാഡ്രൺ ലീഡർ എൽ.ബിസ്വാൾ എന്നിവർ സാഹസികമായി രക്ഷപ്പെട്ടു. ചെങ്ങന്നൂർ സ്വദേശിയായ പ്രശാന്ത് ആണു വിമാനം പറത്തിയിരുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണു സാങ്കേതിക തകരാറിനെ തുടർന്നു വിമാനം തകർന്നുവീണത്.

ഇതിനു തൊട്ടുമുൻപു വിമാനത്തിൽ നിന്നു പുറത്തുകടന്ന പ്രശാന്തും ബിസ്വാളും പാരഷൂട്ട് വഴി നിലത്തിറങ്ങുകയായിരുന്നു. നാസിക് ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ‍) നിർമിച്ച വിമാനം സേനയ്ക്കു കൈമാറുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കലിനിടെയാണ് അപകടം. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. നാസിക്കിലെ കേന്ദ്രത്തിൽ നിന്നു പറന്നുയർന്ന വിമാനം 25 കിലോമീറ്റർ അകലെയുള്ള മുന്തിരിപ്പാടത്താണു തകർന്നുവീണത്.

അവിടെ ജോലി ചെയ്തിരുന്ന ഏതാനും കർഷകർക്കു വിമാനഭാഗങ്ങളുടെ ചീളുകൾ തറച്ചു പരുക്കേറ്റു. ദീർഘനാളത്തെ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയ വിമാനം വ്യോമസേനയുടെ ഭാഗമാകുന്നതിനുള്ള നടപടികൾ ഏറക്കുറെ പൂർത്തിയാക്കിയ വേളയിലാണ് അപകടം. ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നാണു സുഖോയ്. അവയിൽ അത്യാധുനിക സൂപ്പർസോണിക് ക്രൂസ് മിസൈലുകളായ ബ്രഹ്മോസ് ഘടിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷമാണു സുഖോയിൽ നിന്നുള്ള ബ്രഹ്മോസ് വിക്ഷേപണം വ്യോമസേന വിജയകരമായി നടത്തിയത്. അന്നു വിമാനം പറത്തിയതു പ്രശാന്ത് ആയിരുന്നു.