Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യക്തിവിവരം ചോർന്നുകൂടാ

data-protection

ന്യൂഡൽഹി∙ ഏതു മതത്തിൽ വിശ്വസിക്കുന്നു, ഏതു രാഷ്ട്രീയകക്ഷിയെ പിന്തുണയ്ക്കുന്നു തുടങ്ങിയവ മുതൽ പാസ്‌വേഡ് ഉൾപ്പെടെയുള്ളവ വരെ അതിപ്രാധാന്യമുള്ള വ്യക്തി വിവരങ്ങളുടെ പട്ടികയിൽ പെടുത്തണമെന്നും സംരക്ഷിക്കപ്പെടണമെന്നുമുള്ള ശുപാർശയുമായി ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോർട്ട്.

വ്യക്തിവിവരങ്ങൾ പുറത്തുവിട്ടാൽ കർശന ശിക്ഷ നിർദേശിക്കുന്ന റിപ്പോർട്ട് കേന്ദ്രമന്ത്രാലയത്തിനു കൈമാറി. വ്യക്തിവിവര സംരക്ഷണം, കൈമാറൽ എന്നിവ നിയന്ത്രിക്കുന്നതിനായി ഡേറ്റ പ്രൊട്ടക്‌ഷൻ അതോറിറ്റി രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. വിവരസംരക്ഷണ നിയമത്തിന്റെ കരട് രൂപവും തയാറാക്കി.

കുട്ടികളുടെ അവകാശം, വ്യക്തിവിവരങ്ങൾ ആവശ്യമെങ്കിൽ തിരികെ വാങ്ങാനുള്ള അവകാശം എന്നിവയും റിപ്പോർട്ടിൽ നിർദേശിക്കുന്നു. വിവര സംരക്ഷണം മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടുത്തണമെന്നും വ്യക്തിവിവരങ്ങൾ ചൂഷണം ചെയ്യപ്പെട്ടാൽ നഷ്ടപരിഹാരത്തിനുള്ള അവകാശം നൽകണമെന്നും ശുപാർശ. 

ഇനി പാർലമെന്റിലേക്ക് 

മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ ചെയർമാനായ സമിതിയുടെ 213 പേജുള്ള റിപ്പോർട്ട് കേന്ദ്രസർക്കാർ വിശകലനം ചെയ്ത ശേഷമാകും ഇതു പാർലമെന്റിൽ അവതരിപ്പിക്കുക. തുടർന്നാകും നിയമം പ്രാബല്യത്തിൽ വരിക. 

അതിപ്രധാന വ്യക്തിവിവരം 

അതിപ്രാധാന്യമുള്ള വ്യക്തിവിവരം (സെൻസറ്റീവ് പഴ്സനൽ ഡേറ്റ) ഏതൊക്കെയെന്നു കൃത്യമായി നിർവചിക്കാനാവില്ലെന്നാണു കമ്മിറ്റിയുടെ കണ്ടെത്തൽ. ഏതു വ്യക്തിവിവരവും സാഹചര്യാനുസൃതം അതീവപ്രാധാന്യമുള്ളതായി മാറാം. ഇതിന്റെ അടിസ്ഥാനത്തിൽ അതിപ്രാധാന്യമുള്ള വ്യക്തിവിവരങ്ങളായി പരിഗണിക്കേണ്ടവ ഇവയാണ്: പാസ്‌വേഡ്, സാമ്പത്തിക വിവരങ്ങൾ, ആരോഗ്യ വിശദാംശങ്ങൾ, ഔദ്യോഗിക തസ്തിക, ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ട്രാൻസ്ജെൻഡർ വിശദാംശങ്ങൾ, ബയോമെട്രിക്– ജനറ്റിക് ഡേറ്റ, ജാതി വിവരങ്ങൾ, മത–രാഷ്ട്രീയ ബന്ധങ്ങൾ. 

ആധാർ നിയമത്തിൽ ഭേദഗതി വേണം: ശ്രീകൃഷ്ണ കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ

രാജ്യപ്രാധാന്യമുള്ള വ്യക്തിവിവരങ്ങളുടെ പട്ടിക കേന്ദ്രം തയാറാക്കണം. 

ആവശ്യമായ വിവരം മാത്രം ശേഖരിക്കുക. അമിതവിവരശേഖരണം പാടില്ല. 

വിവരങ്ങൾ അനുവദനീയ സമയത്തിലേറെ കൈവശം വയ്ക്കണമെങ്കിൽ നിയമപ്രകാരം അനുമതി തേടിയിരിക്കണം. 

18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. 

പാർലമെന്റിനും നിയമസഭയ്ക്കും വ്യക്തിവിവരങ്ങൾ ഉപയോഗിക്കാം. 

വ്യക്തിവിവരങ്ങൾ രാജ്യത്തിനു പുറത്തേക്കു കൈമാറുന്നതിനു മുൻകൂർ അനുമതി ആവശ്യമാണ്. 

ഡേറ്റ പ്രൊട്ടക്‌ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആധാർ നിയമം, വിവരാവകാശ നിയമം എന്നിവയിൽ ഭേദഗതികൾ വരുത്തണം. 

പിഴ 15 കോടി വരെ

നിയമം ലംഘിച്ചാൽ 15 കോടി രൂപയോ കമ്പനിയുടെ ആഗോള വാർഷിക വരുമാനത്തിന്റെ നാലു ശതമാനം വരെയോ പിഴ ചുമത്താം. 

വ്യക്തിവിവരം ചോർന്നാൽ അഞ്ചു കോടി രൂപ വരെയോ അല്ലെങ്കിൽ കമ്പനിയുടെ ആഗോള വാർഷിക വരുമാനത്തിന്റെ രണ്ടു ശതമാനമോ വരെ പിഴ (കൂടുതൽ ഏതോ അത്)

related stories