Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റ സംരക്ഷണ നിയമം കർക്കശമാക്കി; യൂറോപ്പ്; ഐടി കമ്പനികൾ ആശങ്കയിൽ

കൊച്ചി ∙ യൂറോപ്പിലാകെ ജിഡിപിആർ അഥവാ ഡേറ്റ സംരക്ഷണ നിയമം (ജനറൽ ഡേറ്റ പ്രൊട്ടക്‌ഷൻ റഗുലേഷൻ) നടപ്പിലായതോടെ വൻകിട ഐടി രംഗത്തെ കമ്പനികൾക്കെതിരെ നഷ്ടപരിഹാര കേസുകൾക്കു തുടക്കമായി. ചെറുകിട കമ്പനികളെ ഇതുവരെ ബാധിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തെ ചെറുതും വലുതമായ ഐടി കമ്പനികളാകെ ആശങ്കയിലാണ്.

യൂറോപ്യൻ രാജ്യങ്ങളുമായി ബിസിനസ് ബന്ധമുള്ള കമ്പനികൾക്കാണ് ജിഡിപിആർ പ്രശ്നമാവുന്നത്. പുതിയ നിയമ വ്യവസ്ഥകൾക്കു രണ്ടു വർഷം മുമ്പേ രൂപം നൽകിയതാണെങ്കിലും ബാധകമാക്കിയത് കഴിഞ്ഞ 25 മുതലാണ്. സ്വകാര്യതയെ സംബന്ധിക്കുന്ന നിയമ വ്യവസ്ഥകൾ അനുസരിക്കുന്നു (കംപ്ലയൻസ്) എന്ന് എല്ലാ ഐടി കമ്പനികളും ഉറപ്പാക്കണം. സ്വകാര്യ വിവരങ്ങൾ ചോരാൻ ഇടയായാൽ കനത്ത പിഴയാണു നേരിടേണ്ടി വരിക.

ഇതനുസരിച്ച് ഫെയ്സ്ബുക്കിനെതിരെ 3.9 ബില്യൺ ഡോളറിന്റെയും (സുമാർ 25000 കോടി രൂപ) ഗൂഗിളിനെതിരെ 2.7 ബില്യൺ ഡോളറിന്റെയും (18000 കോടി രൂപ) നഷ്ടപരിഹാര കേസ് ഫയൽ ചെയ്തിരിക്കുകയാണ്. രണ്ടും ചേർത്താൽ 43000 കോടി. സ്വീഡനിലെ സ്വകാര്യതാവാദക്കാരുടെ സംഘടനയാണ് കേസ് കൊടുത്തത്. ഡേറ്റ നശിപ്പിക്കാതെ കാലങ്ങളോളം സൂക്ഷിച്ചു വയ്ക്കുന്നതിനെതിരെയാണ് അവരുടെ പരാതി. 

താൻ പണ്ടെന്നോ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് മറക്കാൻ അവകാശമുണ്ടെന്നും അതെക്കുറിച്ചുള്ള വിവരം എല്ലാക്കാലവും സൂക്ഷിക്കാൻ പാടില്ലെന്നും അവർ വാദിക്കുന്നു. മറക്കാനുള്ള അവകാശം (റൈറ്റ് ടു ഫൊർഗെറ്റ്) ഉയർത്തിപ്പിടിക്കുമ്പോൾ ലൈക്കും ഷെയറും പോസ്റ്റുകളും സെർവറിൽ എക്കാലവും സൂക്ഷിക്കുന്ന ഫെയ്സ്ബുക്കും സെർച്ച് വിവരങ്ങൾ സൂക്ഷിക്കുന്ന ഗൂഗിളുമെല്ലാം അവരുടെ കണ്ണിൽ കുറ്റക്കാരാവും. ഒട്ടേറെ അമേരിക്കൻ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ യൂറോപ്പിൽ അവരുടെ വെബ്സൈറ്റ് പ്രവർത്തനം നിർത്തി. ചിക്കാഗോ ട്രീബ്യൂൺ, ലൊസാഞ്ചലസ് ടൈംസ് തുടങ്ങിയ പ്രശസ്ത മാധ്യമങ്ങളും അതിലുൾപ്പെടും. 

ഇടപാടുകാരെ സംബന്ധിക്കുന്ന വിവരങ്ങൾ മറ്റു കമ്പനികളുമായി അനുവാദമില്ലാതെ പങ്കുവയ്ക്കുന്നത് അതിലേറെ കുറ്റമാണ്. യൂറോപ്പുമായി ഇടപെടുന്ന കമ്പനികൾക്കു മാത്രമല്ല യൂറോപ്പിലെ പൗരൻമാരുമായി ഇടപെടുന്നവർക്കു പോലും വ്യവസ്ഥകൾ ബാധകം. ഉദാഹരണത്തിന് കേരളത്തിലെ ഐബിഎസ് പോലുള്ള കമ്പനിയുടെ വിമാന യാത്രാ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന വിദേശ എയർലൈൻ കമ്പനിയിലൂടെ യൂറോപ്പിലെ പൗരൻമാരുടെ പേരുവിവരവും പാസ്പോർട്ട് വിവരവും ചോർന്നാൽ അതും കുറ്റമാവും. അതിനാൽ യൂറോപ്പുമായി ഇടപാടുള്ള കമ്പനികളെല്ലാം നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ വ്യാപൃതരാണ്.