Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജ്പേയിക്ക് യാത്രാമൊഴി; യമുനാതീരത്ത് നിത്യവിശ്രമം

Atal Bihari Vajpayee funeral വിടചൊല്ലി: മുൻ പ്രധാനമന്ത്രി എ.ബി. വായ്പേയിയുടെ ഭൗതികശരീരം യമുനാതീരത്തെ സ്മൃതിസ്ഥലിൽ ചിതയിൽ വച്ചപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, എൽ‌.കെ. അഡ്വാനി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ സമീപം. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ പ്രമുഖ നേതാക്കളുടെയും ജനസഹസ്രങ്ങളുടെയും സാന്നിധ്യത്തിൽ മുൻ പ്രധാനമന്ത്രിയും ജനപ്രിയ നേതാവുമായ അടൽ ബിഹാരി വാജ്പേയിക്കു (93) യമുനാതീരത്തെ സ്മൃതിസ്ഥലിൽ അന്ത്യവിശ്രമം. മന്ത്രോച്ചാരണങ്ങൾക്കും ‘അടൽജി അമർ രഹേ’ വിളികൾക്കുമിടയിൽ ദത്തുപുത്രി നമിത കൗൾ ഭട്ടാചാര്യ ചിതയ്ക്കു തീകൊളുത്തി.

വാഗ്വിലാസവും കർമചൈതന്യവും കൊണ്ടു ജനഹൃദയങ്ങൾ കീഴടക്കിയ നേതാവിന് അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയാണു രാവിലെ മുതൽ ബിജെപി ആസ്‌ഥാനത്തെത്തിയത്. സ്മൃതിസ്ഥലിലേക്കുള്ള വിലാപയാത്രയ്ക്കു പ്ര‌ധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വംനൽകി.

രാ‌ഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, എൽ.കെ.അഡ്വാനി, കേന്ദ്രമന്ത്രിമാർ, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സായുധസേനാ മേധാവികൾ തുട‌ങ്ങി നാനാതുറകളിലുള്ളവർ അ‌ന്ത്യകർമങ്ങൾക്കു സാക്ഷികളായി.

കേരളത്തെ പ്രതിനിധീകരിച്ചു ഗവർണർ പി.സദാശിവവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും അന്ത്യോപചാരമർപ്പിച്ചു. കൃഷ്ണമേനോൻ മാർഗിൽ വാജ്പേയിയുടെ വസതിയിലെത്തിയാണു ഗവർണർ പുഷ്പചക്രം സമർപ്പിച്ചത്.