Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുത്ത എതിർപ്പുമായി തൊഴിലാളികൾ; ധാരണയാവാതെ സാമൂഹിക സുരക്ഷാ കോഡ്

labour

ന്യൂഡൽഹി ∙ മൂന്നാം കരടു തിരുത്തണമെന്നു തൊഴിലാളി യൂണിയനുകൾ ശക്തമായ നില‌‌പാടെടുത്തതോടെ സാമൂഹിക സുരക്ഷാ കോഡ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പാസ്സാക്കാനുള്ള സർക്കാർ നീക്കത്തിനു തിരിച്ചടി. തൊഴിലാളി താൽപര്യങ്ങൾക്കു നിരക്കാത്ത, പുതുമയില്ലാത്ത നിയ‌മസംഹിത അം‌ഗീകരിക്കാനാവില്ലെന്നു സർക്കാർ വിളിച്ച ത്രികക്ഷി യോഗത്തിൽ ഭരണകക്ഷി യൂണിയനായ ബിഎംഎസിന്റെയും ടിയുസിസി, എൽഎഫ്ഐടിയു എന്നിവയുടെയും പ്രതിനിധികൾ അറിയിച്ചു. എ‌ന്നാൽ, തൊഴിലുടമകൾ കോഡിനെ സ്വാഗതം ചെയ്തു. 10 പ്രതിപക്ഷ തൊഴിലാളി സംഘടനകൾ യോഗം ബഹിഷ്കരിച്ചിരുന്നു.

വിവേചനാധികാരത്തിനെതിരെ യൂണിയനുകൾ

തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു വിവേചനാധികാരം നൽകുന്ന വ്യവസ്ഥ എതിർ‌പ്പു വർധിപ്പിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളെ നിയമപരിധിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാരുകൾക്ക് അധികാരം നൽകുന്നതാണിത്.

പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ അസംഘടിത മേഖലയിലാക്കുന്നതു നിയമത്തിന്റെ ലക്ഷ്യം തകർക്കുമെന്നു ബിഎംഎസ് ജനറൽ സെക്രട്ടറി പവൻകുമാർ പറഞ്ഞു. എസ്.പി. തിവാരി (ടിയുസിസി), ദീപക് ജയ്സ്വാൾ (എൻഎഫ്ഐടിയു) എന്നിവരും കോഡ് വീണ്ടും പു‌തുക്കണമെന്നു വാദിച്ചു.

തൊഴിലുടമകൾക്കു യോജിപ്പ്

ഇതേസമയം, കോഡിനെ സിഐഐ, ഫിക്കി എന്നിവ ഉൾപ്പെടെയുള്ള തൊഴിലുടമ പ്രതിനിധികൾ ‌പൊതുവെ സ്വാഗതം ചെയ്തു. തൊഴിലുടമകൾക്കെതിരായ ശിക്ഷാവ്യവസ്ഥകൾ ഇളവു ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. തൊഴിലാളികളിലും തൊഴിലുടമകളിലും നിന്നു സുരക്ഷാ കോഡിന്റെ മൂന്നാം കരടിനെക്കുറിച്ച് അഭിപ്രായമാരായാനായിരുന്നു യോഗം. തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വാർ അധ്യക്ഷത വഹിച്ചു. തൊഴിൽ സെക്രട്ടറി ഹീരാലാൽ സമര്യയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുൻപ് 50 കോടി തൊഴിലാളികളെ ‌ബാധിക്കുന്ന തൊഴിൽനിയമ പരിഷ്കാരങ്ങൾ നടപ്പാക്കാനാണു സർക്കാർ തയാറെടുക്കുന്നത്.

ആനുകൂല്യങ്ങൾ കിട്ടാക്കനി

ന്യൂഡൽഹി ∙ ഒന്നും രണ്ടും കരടുകളിൽ ഉൾപ്പെടുത്തിയിരുന്ന ആനുകൂല്യങ്ങളെല്ലാം സാമൂഹിക സുരക്ഷാ കോഡിന്റെ മൂന്നാം പതിപ്പിൽ ഒഴിവാക്കിയതാണു തൊ‌ഴിലാളികളുടെ എതിർപ്പിനു മുഖ്യ കാരണം. നിലവിലുള്ള നിയമങ്ങളിലെ വ്യവസ്ഥകൾ വെട്ടിയെടുത്തു കൂട്ടിച്ചേർത്തതാണു പുതിയ നിയമമെന്നു തൊഴിലാളി സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഇപിഎഫ്, ഇഎസ്ഐ എന്നിവ കൂടി കോഡിനു കീഴിൽ കൊണ്ടുവരാനാണു സർക്കാർ തുടക്കത്തിൽ ശ്രമിച്ചത്.

എന്നാൽ, വൻ തുക നീക്കിയിരിപ്പുള്ള 2 സ്ഥാപനങ്ങളുടെയും ധനം വകമാറ്റി ചെലവിടാനുള്ള നീക്കമാണെന്ന് ആരോപണമുയർന്നു. സംഘടിത മേഖലയിലെ 7% തൊഴിലാളികളുടെ വിഹിതം കൊണ്ടു പദ്ധതികൾ നടപ്പാക്കുന്നതിനു പകരം ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, എല്ലാ അധിക ആനുകൂല്യങ്ങളും പിൻവലിച്ചു മൂന്നാം കരടു പുറത്തിറക്കുകയാണു സർക്കാർ ചെയ്തത്.