Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ തൊഴിൽ നിയമം: സാമൂഹിക സുരക്ഷ നാമമാത്രം; ക്ഷേമവ്യവസ്ഥകൾ വെട്ടിക്കുറച്ചു

labour-law

ന്യൂഡൽഹി∙ സംഘടിത മേഖലയുടെ നിർവചനം പുതുക്കിയതോടെ തൊഴിലാളികളിൽ ഭൂരിപക്ഷവും നിർദിഷ്ട സാമൂഹിക സുരക്ഷാ കോഡിനു പുറത്തേക്ക്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷ‌വും അസംഘടിതമേഖലയിലേക്കു പിന്തള്ളപ്പെടുന്നതോടെ ആനു‌കൂല്യങ്ങൾ നാമമാത്രമാകും.. 

പുതുക്കിയ കോഡിൽ പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെല്ലാം അസംഘടിത മേഖലയിലാണ്. നോട്ട് റദ്ദാക്കലിനും ജിഎസ്ടിക്കും പിന്നാലെ തകർച്ചയിലായ ചെറുകിട, ഇടത്തരം മേഖലയിലെ (എസ്എംഇ)  85% ‌സ്ഥാപനങ്ങളിലും തൊഴിലാളികൾ പത്തിൽ താഴെയാണ്. 

ഓരോ തൊഴിലാളിക്കും സാമൂഹിക സുരക്ഷയെന്ന ആശയത്തോടെയാണ് ആദ്യ രണ്ടു കരടുകൾ രൂപപ്പെടുത്തിയത്. എന്നാൽ, രാജ്യവ്യാപകമായി തെളിവെടുപ്പു നടത്തി പരിഷ്കരിച്ച മൂന്നാം പതിപ്പിൽ ഇതൊഴിവായി. 

ക്ഷേമവ്യവസ്ഥകൾ കരടിനു പുറത്ത്

∙ ക്ഷേമപദ്ധതി വിഹിതം നൽകാൻ കഴിയാത്ത തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നിഷേധിക്കില്ലെന്നു മുൻ കരടിലുണ്ടായിരുന്ന വ്യ‌വസ്ഥ ഒഴിവാക്കി. 

∙ വിരമിക്കലിനു ശേഷം ആനുകൂല്യങ്ങൾ നൽകില്ല

∙ സാമൂഹിക സുരക്ഷ അവകാശമല്ല, ആനുകൂല്യം മാത്രം

∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സർക്കാർ സബ്സിഡിയില്ല

∙ കുടുംബത്തിന്റെ നിർവചനം പുതുക്കി; സഹോദരങ്ങളെ ഒഴിവാക്കി

∙ പ്രത്യേക ഗ്രാറ്റുവിറ്റി ഫണ്ട് വ്യവസ്ഥ ഉപേക്ഷിച്ചു

ബിഎംഎസിനും എതിർപ്പ്

മൂന്നാം കരടിനെക്കുറിച്ചു പ്രതിപക്ഷ തൊഴിലാളി സംഘടനകൾക്കൊപ്പം ഭരണപക്ഷ യൂണിയനായ ബിഎംഎസും രംഗത്തെത്തി. എടുത്തുകളഞ്ഞ ക്ഷേമപദ്ധതികൾ ഉൾപ്പെടുത്തി കോഡ് വീണ്ടും പരി‌ഷ്കരിച്ച് ഓരോ തൊഴിലാളിക്കും ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. 

ഇപിഎഫ്, ഇഎസ്ഐ

ഇപിഎഫ്, ഇഎസ്ഐ എന്നിവയിലെ വൻ നീക്കിയിരിപ്പു ധനം വിനിയോഗിച്ചു സാമൂഹിക സുരക്ഷാ കോഡ് നടപ്പാക്കുമെന്നായിരുന്നു തുടക്കത്തിൽ സംഘടിത തൊഴിലാളി മേഖലയുടെ ആശങ്ക. ഇപിഎഫ്, ഇഎസ്ഐ എ‌ന്നിവയെ കോഡിൽ നിന്നു മാറ്റിയതോടെ അതൊ‌ഴിവാ‌യി. അതോടൊപ്പം, ഭൂരിപക്ഷം തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ നിന്നു സർക്കാർ പിൻവാങ്ങുന്നു. 

11 നിയമങ്ങൾ 

നിർദിഷ്ട സാമൂഹിക സുരക്ഷാ കോഡിന്റെ കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നതു 11 കേന്ദ്ര നിയമങ്ങൾ. 

നിലവിലുള്ള നിയമങ്ങളിലെ വകുപ്പുകൾ ലളിതവും യുക്തിസഹവുമാക്കി പൊതു നിയമത്തിനു കീഴിലാക്കുകയാണു ലക്ഷ്യമെന്നു വിവിധ തൊഴിലാളി യൂണിയനുകൾക്കും തൊഴിലുടമകൾക്കും നൽകിയ അറിയിപ്പിൽ തൊഴിൽ മന്ത്രാലയം പറയുന്നു. എന്നാൽ, കേന്ദ്ര സർക്കാർ നീക്കം തൊഴിലാളിക്ഷേമം ലക്ഷ്യമാക്കിയല്ലെ‌ന്നു 10 പ്രമുഖ കേന്ദ്ര തൊഴിലാളി യൂണിയനുകൾ കുറ്റപ്പെടുത്തി. 

ഇന്നത്തെ യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിസി, ടിയുസിസി, സേവ, എഐസിസിടിയു, യുടിയുസി, എൻഎഫ്ഐടിയു എന്നിവ അറിയിച്ചു. 2 വർഷമായി ഐഎൻടിയുസിയെ ചർച്ചകൾക്കു ക്ഷണിക്കാറില്ല.