Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽനയത്തിനു മന്ത്രിസഭയുടെ അംഗീകാരം; വേതനം അക്കൗണ്ട് വഴി

representative image

തിരുവനന്തപുരം∙ തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ചു വ്യക്തിഗത ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്യുന്ന വേതനസുരക്ഷാ പദ്ധതി, ഗാർഹിക തൊഴിലാളികൾക്ക് ലേബർ ബാങ്ക് എന്നിവ ഉറപ്പാക്കുന്ന സംസ്ഥാന തൊഴിൽനയം മന്ത്രിസഭായോഗം അംഗീകരിച്ചു. മിന്നൽ പണിമുടക്ക് നിരുത്സാഹപ്പെടുത്തും. അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്കായി വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിച്ചു സേവന-വേതന ക്രമീകരണ നിയമം കൊണ്ടുവരും. ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിശ്ചയിക്കുന്നതിനു നടപടികൾ വേഗത്തിലാക്കും.

പ്രസവാനുകൂല്യങ്ങളും തൊഴിലിടങ്ങളിൽ കുഞ്ഞുങ്ങൾക്കു മുലയൂട്ടാനുള്ള സൗകര്യവും ഉറപ്പാക്കും. സ്ത്രീതൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് ക്രഷ് സെസ് ഏർപ്പെടുത്തും. തൊഴിലാളികൾക്കു തൊഴിലിടങ്ങളിൽ ഇരിപ്പിടസൗകര്യം നിർബന്ധമാക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ട്രേഡ്‌ യൂണിയൻ നിയമപ്രകാരമുള്ള എല്ലാ സേവനങ്ങളും ഓൺലൈൻ മുഖേനയാക്കും. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി റജിസ്‌ട്രേഷൻ നൽകും.

സമാനസ്വഭാവമുള്ള ക്ഷേമനിധി ബോർഡുകളെ അംഗത്വം, സാമ്പത്തികസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിൽ സംയോജിപ്പിക്കും. തൊഴിൽമേഖല മാറുന്നതിനനുസരിച്ച് അംഗത്വം മാറാൻ സംവിധാനം ഏർപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആവിഷ്‌കരിച്ച ആവാസ്, അപ്‌നാഘർ ഉൾപ്പെടെ ക്ഷേമപദ്ധതികൾ ഊർജിതമാക്കും. തോട്ടം മേഖലയിൽ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും. ഇവിടത്തെ തൊഴിലാളികൾക്കു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തും. ഭവനരഹിതരായ പ്ലാന്റേഷൻ തൊഴിലാളികൾക്കു സ്വന്തം വീട് പദ്ധതി നടപ്പാക്കും.

പരമ്പരാഗത വ്യവസായങ്ങളുടെ നിലനിൽപിനും പീഢിതവ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും വ്യവസായവകുപ്പുമായി ചേർന്നു കർമപദ്ധതി നടപ്പാക്കും. തൊഴിൽനൈപുണ്യം നേടുന്നവർക്കു വിദേശരാജ്യങ്ങളിൽ തൊഴിൽ കണ്ടെത്തുന്നതിന് ഒഡെപെക് വഴി ഏകജാലക സംവിധാനം വരും. സർക്കാർ-അർധസർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന നടത്തേണ്ട നിയമനങ്ങൾ ഉറപ്പുവരുത്താൻ നിയമനിർമാണം നടത്തും.

ഇന്റർനെറ്റ് അധിഷ്ഠിത സൗകര്യങ്ങളിലൂടെ ഫാ്കടറികളിലെ അപകടസാധ്യത നിരീക്ഷിക്കുന്നതിനു സംവിധാനം ഒരുക്കും. ഐടിഐ ഇല്ലാത്ത ബ്ലോക്കുകളിൽ പുതിയ ഐടിഐ തുടങ്ങാൻ നടപടിയെടുക്കും. ഐടിഐ വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ ഉന്നതപരിശീലനം നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

related stories