Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രികക്ഷി യോഗം: പങ്കെടുക്കാൻ ബിഎംഎസ് മാത്രം; മറ്റ് തൊഴിലാളി സംഘടനകൾ ബഹിഷ്കരിക്കും

labour-law

ന്യൂഡൽഹി∙ 13 നിയമങ്ങൾ ചേർത്ത് ഏകീകൃത തൊഴിൽ നിയമം രൂപീകരിക്കാൻ തൊഴിൽ മന്ത്രാലയം ഇന്നു വിളിച്ച ത്രികക്ഷി ചർച്ചാ യോഗം ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ബഹിഷ്കരിക്കും. നിയമത്തിൽ കാതലായ മാറ്റമാവശ്യപ്പെടാൻ ബിഎംഎസും തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ ചട്ടം (സോഷ്യൽ സെക്യൂരിറ്റി കോഡ്) ചർച്ച ചെയ്യാൻ 27നു ചേരുന്ന ത്രികക്ഷി യോഗത്തിലും പ്രതിപക്ഷ സംഘടനകൾ പങ്കെടുക്കില്ല. ജനുവരി 8, 9 തീയതികളിൽ അവർ‌ അഖിലേന്ത്യാ പണിമുടക്കു പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിലാളി സംഘടനകളും തൊഴിലുടമകളും സർക്കാർ പ്രതിനിധികളും പങ്കെടുക്കേണ്ട സുപ്രധാന യോഗത്തിന്റെ അറിയിപ്പ് 2 ദിവസം മുൻപാണു ലഭിച്ചതെന്ന് എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി പ്രതിനിധികൾ തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വാറിനു നൽകിയ കത്തിൽ പറഞ്ഞു. പ്രമുഖ യൂണിയനായ ഐഎൻ‌ടിയുസിയെ ക്ഷണിച്ചുമില്ല.

യൂണിയനുകൾ നൽകിയ നിർദേശങ്ങൾക്കു പുല്ലുവില കൽപിക്കാതെയാണു കരടുരേഖ തയാറാക്കിയിരിക്കുന്നതെന്നു നേതാക്കളായ അമർജീത് കൗർ (എഐടിയുസി), ഹർഭജൻ സിങ് സിദ്ദു (എച്ച്എംഎസ്) എന്നിവർ കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷാ കരടു ചട്ടത്തിൽ അനുകൂല ഭേദഗതികൾ കൊണ്ടുവരുമെന്ന സൂചന മുഖവിലയ്ക്കെടുക്കാനാവില്ല.

തൊഴിൽ മന്ത്രാലയത്തിന്റെ ചർച്ചകളിൽ നിന്നു രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയെ പുറത്തു നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നു മന്ത്രിക്കു നൽകിയ കത്തിൽ സംഘടനകൾ പറഞ്ഞു. 

2017 ജനുവരി മുതൽ ഐഎൻടിയുസിയെ എല്ലാ യോഗങ്ങളിലും പുറത്തു നി‌ർത്തുകയാണെന്ന് എ.കെ. പത്മനാഭൻ (സിഐടിയു) ചൂണ്ടിക്കാട്ടി. ആഭ്യന്തര, രാജ്യാന്തര സമിതികളിലും അവർക്കു പ്രാതിനിധ്യമില്ല.

കൂടുതൽ നിയമങ്ങൾ വേണം: ബിഎംഎസ്

ന്യൂഡൽഹി ∙ കൂടുതൽ നിയമങ്ങൾ ഉൾപ്പെടുത്താതെ നിർദിഷ്ട സംയോജിത നിയമം പൂർണമാകില്ലെന്ന് ബിഎംഎസ്. സുരക്ഷ‌യും തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും സംയോജിത നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് ഇന്നത്തെ യോഗത്തിൽ ആവശ്യപ്പെടുമെന്നു പ്രസിഡന്റ് സജി നാരായണൻ പറഞ്ഞു.

എക്സ്പ്ലോസീവ്സ് ആക്ട്, ഷോപ് ആക്ട്, പെട്രോളിയം ആക്ട്, ഇൻസെക്ടിസൈഡ് ആക്ട്, ബോയ്‌ലേഴ്സ് ആക്ട് തുടങ്ങി ഉൾപ്പെടുത്തേണ്ട നിയമങ്ങളുടെ പട്ടിക ബിഎംഎസ് തയാറാക്കിയിട്ടുണ്ട്.