Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാത്രിയർക്കീസ് ബാവായെ വരവേൽക്കാൻ വൻ വിശ്വാസി സമൂഹം

Patriarch_OC അഞ്ചു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ രാജ്യാന്തര വിമാനത്താവളത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കുന്നു. കുര്യാക്കോസ് മാർ ദിയസ്കോറസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, എംഎൽഎമാരായ അനൂപ് ജേക്കബ്, വി.പി. സജീന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ സമീപം.

നെടുമ്പാശേരി∙ എമിറേറ്റ്സ് വിമാനം രാവിലെ ഒൻപതിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ വിമാനത്താവള പരിസരമാകെ പാത്രിയർക്കാ പതാകകളാൽ നിറഞ്ഞു. പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ അവരോധിതനായ ശേഷം മലങ്കരയിൽ രണ്ടാം സന്ദർശനത്തിനെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ വരവേൽക്കാൻ വിശ്വാസികളുടെ വലിയൊരു കൂട്ടംതന്നെ എത്തിയിരുന്നു.

സംസ്ഥാന അതിഥിയായെത്തിയ ബാവാ വിമാനത്താവള ടെർമിനലിലെ സ്വീകരണമുറിയിൽ അൽപസമയത്തെ വിശ്രമത്തിനു ശേഷം പുറത്തേക്കു വന്നപ്പോൾ ടെർമിനലിനു മുന്നിൽ കാത്തുനിന്ന വിശ്വാസികൾ അന്ത്യോഖ്യാ സിംഹാസനത്തിനു ജയ് വിളികളുമായി എതിരേറ്റു.

ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസിന്റെയും നേതൃത്വത്തിൽ സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും എത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ടി.യു. കുരുവിള, എംഎൽഎമാരായ അനൂപ് ജേക്കബ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ, ബെന്നി ബഹനാൻ, സഭാ സെക്രട്ടറി തമ്പു ജോർജ് തുകലൻ, ട്രസ്റ്റി ജോർജ് മാത്യു തെക്കേത്തലയ്ക്കൽ എന്നിവരും വിമാനത്താവളത്തിലെത്തി.

സഭാ എപ്പിസ്കോപ്പൽ സിനഡിലും വർക്കിങ് കമ്മിറ്റി യോഗത്തിലും ബാവാ പങ്കെടുത്തു. ഇന്നു മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം ഉച്ചയ്ക്ക് 12നു മഞ്ഞനിക്കര ദയറാ സന്ദർശിക്കും. വൈകിട്ട് ആറിനു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാനയർപ്പിക്കും.

രാത്രി ഒൻപതിനു മലേക്കുരിശ് ദയറാ സന്ദർശനത്തിനു ശേഷം നാളെ പുലർച്ചെ 5.30നു ഡൽഹിക്കു പോകും.