Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്പര വിശ്വാസത്തോടെ സഭാതർക്കം പരിഹരിക്കണം: പാത്രിയർക്കീസ് ബാവാ

BAVA പുതുസന്ദേശവുമായ്: ഭാരതസന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കൊപ്പം. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

കൊച്ചി ∙ സഹോദരസഭകളെന്ന നിലയിൽ അന്തസ്സും അഭിമാനവും സംരക്ഷിച്ചു പരസ്പര വിശ്വാസത്തോടെ സഭാപ്രശ്നത്തിനു പരിഹാരം കാണണമെന്നും അതിനുള്ള തീരുമാനങ്ങൾ ഇവിടെത്തന്നെയാണ് ഉണ്ടാകേണ്ടതെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. 

യാക്കോബായാ–ഓർത്തഡോക്സ് സഭാപ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ സഹായിക്കണമെന്നല്ല, അതിനുള്ള സാഹചര്യമുണ്ടാക്കണമെന്നാണു ഭരണാധികാരികളോടു തന്റെ അഭ്യർഥനയെന്നു വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇതേ കാര്യത്തിന് ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെയും നാളെ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. 

‘മലങ്കര സഭയിൽ സമാധാനം ഉണ്ടാക്കുകയെന്നത് ഇരുസഭകളുടെയും ആത്മീയ പിതാവായ എന്റെ ദൗത്യവും കടമയുമാണ്. ഒന്നിച്ചിരുന്നു ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഓർത്തഡോക്സ് നേതൃത്വത്തിന് ഇതു സംബന്ധിച്ചു സന്ദേശം അയച്ചിരുന്നു. അനുകൂല മറുപടി ലഭിച്ചില്ല. ചർച്ചയ്ക്ക് ഓർത്തഡോക്സ് നേതൃത്വം തയാറാകുമെന്നു തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.’

അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ പാത്രിയർക്കീസ് ബാവായ്ക്കു ഹൃദ്യമായ വരവേൽപു നൽകി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായും മെത്രാൻമാരും നൂറുകണക്കിനു വിശ്വാസികളും ചേർന്നു സ്വീകരിച്ചു.