Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശുദ്ധ പാത്രിയർക്കീസ് ബാവാ 23നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

aprem-11-patriarch

തിരുവനന്തപുരം∙ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ 23നു രാവിലെ എട്ടിനു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിക്കൊപ്പമാണ് ബാവയുടെ പ്രഭാത ഭക്ഷണം. 22നു രാവിലെ ഒൻപതിനു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവ, ക്രൗൺ പ്ലാസയിലാണു വിശ്രമിക്കുന്നത്. മൂന്നു മണിക്കു പുത്തൻകുരിശിൽ മലങ്കര യാക്കോബായ സഭയുടെ സുന്നഹദോസിൽ പങ്കെടുക്കും. നാലിന് മാധ്യമ പ്രവർത്തകരെ കാണും. ആറു മണിക്കു സഭാ സമിതികളുമായി ചർച്ച. രാത്രി പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുടർന്നു മാസ്കറ്റ് ഹോട്ടലിലാണു താമസിക്കുക.

23നു രാവിലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മഞ്ഞനിക്കര ദയറായിലേക്കു പോകും. വൈകുന്നേരം പുത്തൻകുരിശിലെത്തുന്ന ബാവ അവിടെ കുർബാന അർപ്പിക്കും. തുടർന്നു വിശ്വാസികളെ അഭിസംബോധന ചെയ്യും. വിവിധ പള്ളികളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. രാത്രി ഒൻപതു മണിയോടെ മലേക്കുരിശു ദയറാ സന്ദർശിക്കും. 24നു രാവിലെ 7.15നു ബാവ ഡൽഹിയിലേക്കു പോകും. ഡൽഹിയിൽ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണുന്നുണ്ട്. ഇവരുമായുള്ള കൂടിക്കാഴ്ച 25ന് ആണു നടക്കുന്നതെങ്കിൽ പരിശുദ്ധ ബാവ 24നു കൂടി കേരളത്തിലുണ്ടാകുമെന്നു പബ്ലിസിറ്റിയുടെ ചുമതലയുള്ള കുര്യാക്കോസ് മാർ തെയോഫിലോസ് അറിയിച്ചു. 26നു രാവിലെ പരിശുദ്ധ ബാവ ലബനോനിലേക്കു പോകും.